|
പണ്ഡിറ്റ് ഭീംസെന്‍ ജോഷി അന്തരിച്ചു |
പൂനെ: ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷി (88) അന്തരിച്ചു. പൂനയിലെ സഹ്യാദ്രി ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കിഡ്‌നി രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പ്രൗഡമായ ശബ്ദവും ശ്വാസനിയന്ത്രണവും സംഗീതത്തിലുള്ള സൂക്ഷ്മ ബോധവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വിത്യസ്തനാക്കി. ഹിന്ദി, മറാത്തി, ബംഗാളി സിനിമകളിലും പാടിയിട്ടുണ്ട്.1922 ഫെബ്രുവരി നാലിന് കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലായിരുന്നു ജോഷിയുടെ ജനനം. ഹിന്ദുസ്ഥാനി സംഗീതലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2008ല്‍ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1972ല്‍ പദ്മശ്രീ, 1976 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്, 1992 ല്‍ പത്മഭൂഷന്‍, മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ടാന്‍സെന്‍ സമ്മാന്‍, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2007ലെ സവായി ഗന്ധര്‍വ്വ സംഗീതോത്സവത്തിലാണ് ആരാധകര്‍ക്ക് അവസാനമായി അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായത്. സ്വന്തം ഗുരുവിന്റെ സ്മരണക്കായി ജോഷി തന്നെ മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് സവായി ഗന്ധര്‍വ്വ സംഗീതോത്സവം. ജോഷിക്ക് ഒരു മകളുള്‍പ്പെടെ നാലു മക്കളുണ്ട്. പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ നിര്യാണം രാജ്യത്തിന് തീരാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
|