|
മുല്ലപ്പെരിയാര്‍ സര്‍വേ: സ്റ്റേ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു |
|
കേരളത്തിന്റെ അഭിഭാഷകന്‍ ഹാജരായില്ല
ന്യൂഡല്‍ഹി: ലക്ഷങ്ങള്‍ ചെലവിട്ട് ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ഹാജരായില്ല, മുല്ലപ്പെരിയാര്‍ കേസില്‍ വാദം നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി കേരളം നടത്തുന്ന സര്‍വ്വേ തടയണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.സുപ്രീംകോടതിയിലെ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്നവരില്‍ ഒരാളായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെയാണ് മുല്ലപ്പെരിയാര്‍ കേസ് വാദിക്കുന്നതിനായി കേരളം ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇന്നലെ അദ്ദേഹം ഹാജരായില്ല. സംസ്ഥാനത്തിന് വേണ്ടി ഹാജരാകേണ്ട മറ്റൊരു അഭിഭാഷകനായ രാജീവ് ധവാനാകട്ടെ ഉച്ചകഴിഞ്ഞാണ് കോടതിയില്‍ എത്തിയത്. അത്ര സീനിയൊറൊന്നും അല്ലാത്ത സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി. പ്രകാശാണ് സംസ്ഥാനത്തിന് വേണ്ടി ഇന്നലെ വാദിച്ചത്. തമിഴ്‌നാടിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതിലും സംസ്ഥാനത്തിന്റെ നിലപാടുകള്‍ അവതരിപ്പിക്കുന്നതിലും അദ്ദേഹം ദാരുണമായി പരാജയപ്പെടുകയും ചെയ്തു.അഭിഭാഷകര്‍ ഹാജരാകാത്തതിനോടൊപ്പം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ജലവിഭവ മന്ത്രി എന്‍.കെ രാമചന്ദ്രനും തമിഴ്‌നാടിനെതിരായി നടത്തിയ പ്രസ്താവനകളും സംസ്ഥാനത്തിന് തിരിച്ചടിയായി. ഇരുവരും നടത്തിയ പ്രസ്താവനകള്‍ ശരിയായില്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു.
കോടതി വിധിയെ മുന്‍നിര്‍ത്തി തമിഴ്‌നാടിന് തിരിച്ചടിയായെന്ന് ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നടത്തിയ പ്രസ്താവന തമിഴ്‌നാട് ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത്തരം പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് നിരുത്തരവാദപരമാണെന്ന് കോടിതി അഭിപ്രായപ്പെട്ടു.മുല്ലപ്പെരിയാര്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന വസ്തുത മറച്ചുവച്ചാണ് കേരളം പുതിയ അണക്കെട്ടിനുള്ള സര്‍വ്വേയ്ക്ക് അനുമതി തേടിയതെന്നായിരുന്നു തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജി.പരമേശ്വരന്റെ പ്രധാന വാദം. കേരളം പുതിയ അണക്കെട്ടിന്റെ സര്‍വ്വേയ്ക്കുള്ള അനുമതി മാത്രമാണ് ആവശ്യപ്പെട്ടതെന്നും ആര്‍ക്കും പൊടുന്നനെ അണക്കെട്ട് കെട്ടാന്‍ സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.തമിഴ്‌നാട് ഇക്കാര്യത്തില്‍ അനാവശ്യമായ ആശങ്കയാണ് കാണിക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡി.കെ ജയിന്‍,ആര്‍.എസ് ലോധ, മുകുന്ദകം ശര്‍മ്മ എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു. സര്‍വ്വേ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയശേഷം മാത്രമേ കേരളത്തിന് അണക്കെട്ട് നിര്‍മ്മിക്കാനാകു. പുതിയ അണക്കെട്ടിനെകുറിച്ച് പരാതിയുണ്ടെങ്കില്‍ കേസിന്റെ വാദത്തിനിടെ എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം.
മുല്ലപ്പെരിയാര്‍ വിഷയത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനായി കേസിന്മേലുള്ള വാദം രണ്ടാഴ്ചത്തേക്ക് നീട്ടണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവ് അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയൂവെന്ന് ബഞ്ച് വ്യക്തമാക്കി. എന്നാല്‍ അത്തരത്തില്‍ കേരളം ഉറപ്പുനല്‍കിയില്ല. |