| ആഷസില്‍ ഇംഗ്ലീഷ് നിയന്ത്രണം |
അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ 346 റണ്‍സ് ലീഡ്മെല്ബണ്: ആഷസ് പരമ്പര നിലനിര്‍ത്താന്‍ ഇംഗ്ലണ്ട് ഒരുങ്ങുന്നു. നാലാം ആഷസ് ടെസ്റ്റ് രണ്ടു ദിനം പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് കയ്യിലുള്ള ഇംഗ്ലണ്ടിന് 346 റണ്‍സ് ലീഡായി. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 444 എന്ന കൂറ്റന്‍ നിലയിലാണ്. ജോനാഥന്‍ ട്രോറ്റിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് കരുത്തേകിയത്. 141 റണ്‍സുമായി ട്രോറ്റ് ക്രീസിലുണ്ട്. വിക്കറ്റ് നഷ്ടമില്ലാതെ 157 ലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ ഒരു വേള അഞ്ചിന് 286 ലേക്ക് ഇംഗ്ലണ്ട് പതിച്ചു. പക്ഷെ അപരാജിത ആറാം വിക്കറ്റില്‍ ട്രോറ്റും മാറ്റ് പ്രയറും ഒന്നിച്ചതോടെ ഓസീസിന്റെ പിടിവിട്ടു. ആറാം വിക്കറ്റില്‍ 158 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രയര്‍ 75 റണ്‍സെടുത്തു നില്‍ക്കുന്നു. ഇന്നലെ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് അഞ്ചാം ഓവറില്‍ പ്രഹരമേല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയയ്ക്കായി. തലേന്നത്തെ സ്‌കോറിനോട് രണ്ടു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കെ ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് പീറ്റര്‍ സിഡിലിന്റെ പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഷെയ്ന്‍ വാട്ട്‌സണിന് പിടികൊടുത്തു. പരമ്പരയിലെ മൂന്നാം സെഞ്ചുറിക്ക് 18 റണ്‍സ് അകലെ നില്‍ക്കുമ്പോഴായിരുന്നു കുക്കിന്റെ പുറത്താകല്‍. കുക്ക് മടങ്ങി അധികം കഴിയും മുമ്പ് ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസും വീണു. സിഡിലിനായിരുന്നു ഈ വിക്കറ്റ്. ഒറ്റ കൈകൊണ്ട് മൈക്കല്‍ ഹസെ മനോഹരമായി കയ്യിലൊതുക്കുകയായിരുന്നു. 69 റണ്‍സായിരുന്നു സ്‌ട്രോസിന്റെ സമ്പാദ്യം. ഇതോടെ ഇംഗ്ലണ്ട് രണ്ടിന് 170 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ട്രോറ്റും കെവിന്‍ പീറ്റേഴ്‌സണും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ടീം രണ്ടിന് 226 ല്‍ എത്തി. സ്റ്റീവന്‍ സ്മിത്തിനെ തുടര്‍ച്ചയായി രണ്ടു തവണ ബൗണ്ടറിയിലേക്ക് പായിച്ച പീറ്റേഴ്‌സണ്‍ ഉജ്ജ്വല ഫോമിലാണെന്ന് തെളിയിച്ചു. എന്നാല്‍ 21-ാം അര്‍ധ സെഞ്ചുറി തികച്ചതിന് തൊട്ടു പിന്നാലെ പീറ്റേഴ്‌സണ്‍ മടങ്ങി. സിഡിലിനായിരുന്നു ഈ വിക്കറ്റും. 51 റണ്‍സെടുത്ത പീറ്റേഴ്‌സണ്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഇതോടെ ഇംഗ്ലണ്ട് സ്‌കോര്‍ മൂന്നിന് 262 ആയി. അധികം വൈകാതെ പോള്‍ കോളിങ്‌വുഡിനെയും ഇയാന്‍ ബെല്ലിനെയു മടക്കി മിച്ചല്‍ ജോണ്‍സണ്‍ ഇംഗ്ലണ്ടിനെ അഞ്ചിന് 286 ല്‍ എത്തിച്ചു. എട്ട് റണ്‍സാണ് കോളിങ്‌വുഡ് എടുത്തത്. കഴിഞ്ഞ 12 ഇന്നിംഗ്‌സുകളില്‍ പത്താം തവണയാണ് ഇരട്ട അക്കം പോലും നേടാതെ മുന്‍ ക്യാപ്റ്റന്‍ മടങ്ങുന്നത്. ഇതോടെ ടീമില്‍ കോളിങ്‌വുഡിന്റെ സ്ഥാനം തുലാസിലായിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടു പങ്കാളികളെ നഷ്ടമായെങ്കിലും ട്രോറ്റ് അചഞ്ചലനായി നിലകൊണ്ടു. 118 പന്തില്‍ നിന്ന് ട്രോറ്റ് ആറാം അര്‍ധ സെഞ്ചുറിയിലെത്തി. പ്രയര്‍ മികച്ച പങ്കാളിയായതോടെ ട്രോറ്റ് ആത്മവിശ്വാസത്തോടെ ബാറ്റേന്തി. പിന്നീട് പരുക്കു മൂലം റണ്ണറെ വച്ചാണ് ട്രോറ്റ് ബാറ്റേന്തിയത്. അതിനിടെ അദ്ദേഹം മൂന്നാം ആഷസ് സെഞ്ചുറിയിലെത്തി. വെറും അഞ്ചു മല്‍സരങ്ങളില്‍ നിന്നാണിത്. ഒപ്പം 2010 ലെ റണ്‍ വേട്ടക്കാരില്‍ സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും ട്രോറ്റിനായി. നാലാം സെഞ്ചുറിക്ക് 25 റണ്‍സ് അകലെയാണ് പ്രയര്‍. 24 വര്‍ഷങ്ങള്‍ക്കു ശേഷം ആഷസ് നിലനിര്‍ത്താനുള്ള സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിന് ഒത്തുവന്നിരിക്കുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ 346 റണ്‍സ് ലീഡ്
-°C 