| തിരിച്ചടിച്ചിട്ടും ഇന്ത്യ പതറുന്നു |
74 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ഹര്‍ഭജന് നാലും സഹീറിന് മൂന്നും വിക്കറ്റ്; രണ്ടാം ഇന്നിംഗ്‌സില്‍ തകര്ച്ചഡര്ബന്: മുന്‍ നിരക്കാരെ എറിഞ്ഞിട്ട് സഹീര്‍ ഖാന്‍, വാലറ്റത്തെ അരിഞ്ഞു വീഴ്ത്തി ഹര്‍ഭജന്‍ സിംഗ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 74 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ദക്ഷിണാഫ്രിക്കയെ 131 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടു. രണ്ടാം ദിനം വെളിച്ചകുറവ് മൂലം നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 92 എന്ന നിലയിലാണ് ഇന്ത്യ. 23 റണ്‍സോടെ വി വി എസ് ലക്ഷ്മണും 10 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഒന്നാം ഇന്നിംഗ്‌സില്‍ സഹീര്‍ ഖാന്‍ മൂന്നും ഹര്‍ഭജന്‍ സിംഗ് നാലും വിക്കറ്റെടുത്തു. ശ്രീശാന്തിനും ഇഷാന്ത് ശര്‍മ്മയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. വിശ്വസ്തനായ ജാക്ക് കാലിസ് റണ്ണൗട്ടായതും ഇന്ത്യയ്ക് അനുഗ്രഹമായി. സഹീറിന്റെ തുടക്കത്തിലുള്ള പ്രഹരമാണ് ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിച്ചത്. ക്യാപ്റ്റന്‍ ഗ്രേയിം സ്മിത്തിനെ സഹീര്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കയ്യിലെത്തിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സുണ്ടായുള്ളൂ. മറ്റൊരു ഓപ്പണര്‍ ആല്‍വീറോ പീറ്റേഴ്‌സണിനെയും സഹീറാണ് മടക്കിയത്. 24 റണ്‍സെടുത്ത പീറ്റേഴ്‌സണ്‍ സഹീറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. എന്നാല്‍ കാലിസിന്റെ മടക്കമായിരുന്നു ആതിഥേയരെ ഏറെ തളര്‍ത്തിയത്. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ ഓവറില്‍ നിര്‍ഭാഗ്യവശാല്‍ കാലിസ് റണ്ണൗട്ടാവുകയായിരുന്നു. 17 പന്തില്‍ നിന്ന് പത്തു റണ്‍സാണ് കാലിസ് നേടിയത്. റണ്ണൊന്നുമെടുക്കാതെ എബി ഡിവില്ലിയേഴ്‌സ് ശ്രീശാന്തിന് വിക്കറ്റ് സമ്മാനിച്ചതോടെ സ്‌കോര്‍ നാലിന് 74 ആയി. സ്‌കോര്‍ മൂന്നക്കത്തിലെത്തും മുമ്പ് ഹഷീം അംലയും വീണു. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ അംലയെ ഹര്‍ഭജന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 46 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ അംല 33 റണ്‍സെടുത്തു. നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കെ ആറാം വിക്കറ്റും നഷ്ടമായി. 13 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ ആഷ്‌വെല്‍ പ്രിന്‍സിനെ സഹീര്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഡെയ്ല്‍ സ്റ്റെയ്‌നും പോള്‍ ഹാരിസും ചെറുത്തു നില്‍പ്പ് പ്രകടിപ്പിക്കാതെ മടങ്ങിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ടിന് 103 തെളിഞ്ഞു. ഹാരിസിന്റെ വിക്കറ്റും ഹര്‍ഭജനാണ്. ഒമ്പതാം വിക്കറ്റില്‍ മോണ്‍ മോര്‍ക്കലും മാര്‍ക്ക് ബൗച്ചറും 24 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ആശ്വാസമേകി. പത്തു റണ്‍സെടുത്ത മോര്‍ക്കലിനെ ഇഷാന്തും റണ്ണൊന്നുമെടുക്കാത്ത ലൊന്‍വാബോ സൊത്സോബയെ ഹര്‍ഭജനും മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് പരിസമാപ്തിയായി. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യയ്ക്ക് ആശ്വസിക്കാനൊന്നുമില്ല. വീരേന്ദ്ര സെവാഗും മുരളി വിജയും ആദ്യ വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ സെവാഗ് സോത്സോബയ്ക്ക് വിക്കറ്റ് നല്‍കിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 31 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ സെവാഗ് 32 റണ്‍സെടുത്തു. രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ വിജയും തൊട്ടുപിന്നാലെ രാഹുല്‍ ദ്രാവിഡും വീണു. ഒമ്പത് റണ്‍സെടുത്ത വിജയിനെ മോര്‍ക്കല്‍ പുറത്താക്കുകയായിരുന്നു. ദ്രാവിഡിന്റെ വിക്കറ്റ് സോത്സോബയ്ക്കാണ്. രണ്ടു റണ്‍സാണ് ഇന്ത്യന്‍ വന്‍മതിലെടുത്തത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പുറത്താകലുമായതോടെ ഇന്ത്യ നാലിന് 56 ലേക്ക് പതിച്ചു. ആറു റണ്‍സെടുത്ത സച്ചിനെ സ്റ്റെയ്‌ന്റെ പന്തില്‍ ഡിവില്ലിയേഴ്‌സ് പിടികൂടി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

74 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ഹര്‍ഭജന് നാലും സഹീറിന് മൂന്നും വിക്കറ്റ്; രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ച
-°C 