|
താലിബാനെ നേരിടാന്‍ ഇന്ത്യ സുസജ്ജം: എ കെ ആന്റണി |
|
ന്യൂഡല്‍ഹി: താലിബാന്റേത് അടക്കം ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സജ്ജരാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി. പാകിസ്ഥാന്‍ കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം ഇന്ത്യയാണെന്ന താലിബാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം
ഇങ്ങനെ വ്യക്തമാക്കിയത്. ഡല്‍ഹി ക്യാന്റില്‍ ടെറിട്ടോറിയില്‍ ആര്‍മിയുടെ 60-ാം വാര്‍ഷികത്തോട് അനുബന്ധിച്ച സംഘടിപ്പിച്ച പരേഡിനെ അഭിവാദ്യം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ശക്തമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. പാകിസ്ഥാനില്‍ തുടരുന്ന അവസ്ഥ ആശങ്കജാനകമാണ്. ഭീകരവാദം രാജ്യം മുഴുവന്‍ പടരുകയാണ്. ഇനിയെങ്കിലും ഭീകരപ്രവര്‍ത്തര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എല്ലാ അയല്‍ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ ദേശീയ താത്പ്പര്യം ബലികഴിക്കില്ല. ചൈനയോടുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റവും വന്നിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സൈന്യം ഒരു വീഴ്ച്ചയും വരുത്തില്ല. അതിര്‍ത്തി മേഖലയില്‍ സൈനികര്‍ അതീവ ജാഗ്രതയിലാണ്. മുംബൈ ഭീകരാക്രമണത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ ഇന്ത്യ പഠിച്ചു. ഈ സാഹചര്യത്തിലാണ് തീരദേശ സേനയും നേവിയും സഹകരിച്ച് സംയുക്ത പ്രവര്‍ത്തനം നടത്തുന്നത്. തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്ന കാര്യത്തുന്ന കാര്യത്തില്‍ സംയുക്ത നീക്കം ഏറെ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടന്നും അദ്ദേഹം വിശദീകരിച്ചു.
|