തലശ്ശേരിയില്‍ വാഹനാപകടം: മൂന്നു മരണം; ഒന്‍പതു പേര്‍ക്ക് പരിക്ക്
Imageതലശേരി: വിവാഹ സല്‍ക്കാരം കഴിഞ്ഞ് കോട്ടയം എരുമേലിയില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. കതിരൂര്‍ ആറാം മൈലില്‍ ഇന്നലെ പുലര്‍ച്ചെ 4.45 നായിരുന്നു അപകടം.
ഇരിട്ടി വിളക്കോട് പാറക്കണ്ടം മേലെക്കൂറ്റ് പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ റഷീദ (40), വിളക്കോട് പതാലില്‍ പി.എച്ച് അബ്ദുള്‍സമദിന്റെ ഭാര്യ റംലാബീവി (48), സ്‌കോര്‍പിയോ കാര്‍ ഡ്രൈവര്‍ ഇരിട്ടി അയ്യപ്പന്‍കാവിലെ പെരുന്തേല്‍ ഹൗസില്‍ ഹാഷിം (24) എന്നിവരാണ് മരിച്ചത്.
മരിച്ച റഷീദയുടെ മകള്‍ അന്‍സല (22), ഭര്‍ത്താവ് കോട്ടയം എരുമേലി സ്വദേശി നിസാമുദ്ദീന്‍ (24), മരിച്ച റംലയുടെ മക്കളായ ജുമാന ഫാത്തിമ (17), റൈഹാനത്ത് (15), പതാലില്‍ അമീന്‍ (14), പതാലില്‍ മറിയംബീവി (21), സഫിയത്ത് (40), ആരിഫ (17), ഹസീന (19) എന്നിവരെ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ നിസാമുദ്ദീനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹസീനയുടെ പരിക്കും ഗുരുതരമാണ്.
 
മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന കെ എ 21 എ 8659 നമ്പര്‍ ടാങ്കര്‍ ലോറിയും കോട്ടയം എരുമേലിയില്‍ നിന്നും ഇരിട്ടി വിളക്കോട്ടേക്ക് പോകുകയായിരുന്ന കെഎല്‍ 58 എ 9403 നമ്പര്‍ സ്‌കോര്‍പിയോ കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സ്‌കോര്‍പിയോ കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കറ്റവരെ പുറത്തെടുത്തത്.
ആദ്യം പുറത്തെടുത്തവരെ അതുവഴി വന്ന ലോറിയിലും മറ്റുള്ളവരെ രണ്ടു പോലീസ് ജീപ്പുകളിലുമായി ആശുപത്രികളിലെത്തിക്കുകയായിരുന്നു.
 
വിവരമറിഞ്ഞ് എസ് പി കെ.പി ഫിലിപ്പ്, ഡി വൈ എസ് പി പ്രിന്‍സ് ഏബ്രഹാം, കൂത്തുപറമ്പ് സി ഐ സജേഷ് വാഴവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കഴിഞ്ഞ ഏഴിനാണ് നിസാമുദ്ദീനും അന്‍സലയും ഇരിട്ടി വിളക്കോടു വച്ച് വിവാഹിതരായത്. തുടര്‍ന്ന് ഞായറാഴ്ച നിസാമുദ്ദീന്റെ എരുമേലിയിലെ വീട്ടില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം നവ ദമ്പതികളുള്‍പ്പെടെയുള്ളവര്‍ രണ്ടുവാഹനങ്ങളിലായി ഉച്ചകഴിഞ്ഞ് രണ്ടോടെ എരുമേലിയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു.

പുലര്‍ച്ചെ തലശേരിയില്‍ വാഹനങ്ങള്‍ നിര്‍ത്തി ചായകുടിച്ച് യാത്ര തുടരുന്നതിനിടയിലായിരുന്നു അപകടം. സ്‌കോര്‍പിയോ പൂര്‍ണമായും തകര്‍ന്നു.
ടാങ്കര്‍ ലോറി സ്‌കോര്‍പിയോ കാറിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ഈറോഡ് പളനിപുരത്തെ ആന്ദനാരായണനെ (43) കതിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ വിളക്കോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. റഷീദയുടെ ഭര്‍തൃസഹോദരിയാണ് റംല. റഷീദയുടെ ഭര്‍ത്താവും മുഹമ്മദ് ഇസ്മയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹസീന, അന്‍സാരി, ആരിഫ എന്നിവരാണ് റഷീദയുടെ മറ്റു മക്കള്‍. പരേതരായ ഹമീദ് റാവുത്തര്‍-മറിയംബീവി ദമ്പതികളുടെ മകളാണ് റംലാബീവി. മക്കള്‍: റൈഹാനത്ത്, ജുമാന ഫാത്തിമ, മറിയംബീവി, അബ്ദുള്‍ഹമീദ്, ഷഹര്‍ബാന്‍.
മരുമകന്‍: ഷമീര്‍. സഹോദരങ്ങള്‍: ഷാഹുല്‍ഹമീദ്, ഖദീജ, പരേതരായ മുഹമ്മദ് ഇസ്മയില്‍, ഹാജിറ. കുഞ്ഞിമായിന്‍-ഫാത്തിമ്മ ദമ്പതികളുടെ മകനായ ഹാഷിം അവിവാഹിതനാണ്. സഹോദരങ്ങള്‍: അബ്ദുള്‍ഖാദര്‍, അഫ്‌സല്‍ (ഇരുവരും ഷാര്‍ജ). മറ്റന്നാള്‍ ഷാര്‍ജയിലേക്കു പോകാനിരിക്കുകയായിരുന്നു ഹാഷിം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls