| ഹരിഹരന് 'മൊഹബത്ത്' ഗസലിനോട് |
നിസാര്‍ മുഹമ്മദ്തിരുവനന്തപുരം: ''കരിനീല കണ്ണുള്ള പെണ്ണേ, നിന്റെ കവിളത്ത് ഞാനൊന്ന് നുള്ളി...''-1970-കളിലെ കേരളത്തിലെ കാമ്പസ് ഹൃദയപൂര്‍വം ഏറ്റുവാങ്ങിയ യേശുദാസിന്റെ ഈ ലളിതഗാനം ഹരിഹരന് ഒരിക്കലും മറക്കാനാവില്ല. ഈ പാട്ട് കേള്‍ക്കുമ്പോഴെല്ലാം തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആനവാല്‍ തെരുവാണ് ഹരിഹരന്റെ മനസില്‍ ഓടിയെത്തുന്നത്. ഹരിഹരന്റെ ബാല്യം കളിച്ചുതിമിര്‍ത്തത് ഈ തെരുവിലാണ്. പല ഭാഷകളില്‍, വ്യത്യസ്ത ഈണങ്ങളില്‍ ലോകം മുഴുവന്‍ തന്റെ പാട്ടുകള്‍ പാടുമ്പോഴും 'കരിനീലക്കണ്ണുള്ള പെണ്ണ്...' ഇക്കാലമത്രയും ഹരിഹരന്റെ ചുണ്ടില്‍ മൂളിപ്പാട്ടായി നിറഞ്ഞുനില്‍ക്കുന്നു. ഗസലിന്റെ ചാരുതയുള്ള, ബാല്യം തിരിച്ചുതരുന്ന ഈ ഗാനം ഒരിക്കലും എനിക്ക് മറക്കാനാവില്ല -അതേപാട്ടുപാടി ഹരിഹരന്‍ പറയുന്നു.ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ പുതിയ ചിത്രം 'മൊഹബ്ബത്തി'ലെ ഗാനങ്ങളുടെ റിക്കാര്‍ഡിംഗിനായി തലസ്ഥാനത്തെത്തിയ ഹരിഹരന്‍ കേരളത്തെയും സംഗീതത്തെയും മലയാള ഗാനങ്ങളെയും കുറിച്ച് ഏറെ സംസാരിച്ചു. ?തിരുവനന്തപുരത്തെ ജീവിതം എങ്ങനെയാണ് ഓര്‍ക്കുന്നത്. അന്നൊക്കെ രസമായിരുന്നു. ആനവാല്‍ തെരുവിലുള്ള ഒരു മുറുക്കാന്‍ കടയാണ് ആദ്യം മനസ്സിലെത്തുന്നത്. ആ കടയായിരുന്നു ചെറുപ്പത്തില്‍ എന്റെ താവളം. ഇവിടുത്തെ ജീവിതം ഞാന്‍ മറന്നിട്ടില്ല. ഇപ്പോഴും എല്ലാ സമ്മര്‍ വെക്കേഷനിലും ഞാന്‍ ഇവിടെ എത്താറുണ്ട്. അധികമാരും അറിയാറില്ലെന്ന് മാത്രം. ഇപ്പോഴും രണ്ടുമൂന്ന് ബന്ധുക്കള്‍ ഇവിടെയുണ്ട്. ?. സിനിമാഗാനങ്ങളും സ്റ്റേജ് ഷോകളും കൂടിയപ്പോള്‍ ഗസലിനെ മറന്നോ. ഏയ്, ഗസലിനെ അങ്ങനെ മറക്കാന്‍ കഴിയുമോ? പക്ഷെ ഒരുകാര്യം തുറന്നുപറഞ്ഞേ മതിയാകൂ. ഗസലിന് ഇപ്പോള്‍ പഴയ മാര്‍ക്കറ്റില്ല. മൊത്തത്തില്‍ സംഗീതത്തിന്റെ ട്രെന്റ് മാറിയിട്ടുണ്ട്. യുവാക്കള്‍ക്ക് ഫാസ്റ്റ് നമ്പര്‍ അടിപൊളി പാട്ടുകളാണ് ഇഷ്ടം. അല്‍പ്പം കൂടി മുതിര്‍ന്നവര്‍ അധികം ഫാസ്റ്റല്ലാത്ത പാട്ടുകള്‍ ഇഷ്ടപ്പെടും. അവരാണ് യഥാര്‍ത്ഥത്തില്‍ ഗസലിന്റെ ആരാധകര്‍. രണ്ടുവര്‍ഷം മുമ്പ് ഞാന്‍ ഇറക്കിയ ഗസല്‍ ആല്‍ബം വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല. എല്ലാവര്‍ക്കും ഇപ്പോള്‍ എളുപ്പത്തില്‍ പാട്ടുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും മറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അപ്പോള്‍ പിന്നെ ആരാണ് ഗസല്‍ ആല്‍ബങ്ങല്‍ കാശു കൊടുത്തു വാങ്ങുന്നത്. ? അപ്പോള്‍ ഇനി ഹരിഹരന്റെ ഗസല്‍ ആല്‍ബങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നാണോ. അല്ല. ഇനിയും ഞാന്‍ ഗസല്‍ ആല്‍ബങ്ങള്‍ ഇറക്കും. ഗസലുകള്‍ വിപണിയില്‍ ലാഭമുണ്ടാക്കില്ലെങ്കിലും പാടുമ്പോഴുള്ള സംതൃപ്തി കുറച്ചുകാണാന്‍ കഴിയില്ല. സ്റ്റേജ് ഷോകളില്‍ ഇപ്പോഴും ഗസലിന് ആരാധകര്‍ ഏറെയുണ്ട്. ? സംഗീതത്തിന്റെ ട്രെന്റ് മാറിയതിനെക്കുറിച്ച്. ട്രെന്റ് മാറിയെന്നുള്ളത് സത്യം തന്നെയാണ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വ്യാപകമായത്ര ഫാസ്റ്റായാണ് സംഗീതത്തിന്റെ ട്രെന്റും മാറിയത്. ആര്‍ക്കും സമയമില്ല. അതുകൊണ്ടുതന്നെ പാട്ടുകളും വളരെ ഫാസ്റ്റായി. മലയാളികളില്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ മുണ്ടുടുക്കുന്നത്. ബാക്കിയുള്ളവരെല്ലാം പാന്റും ഷര്‍ട്ടുമല്ലേ ഇടുന്നത്. ഇതേ മാറ്റം തന്നെയാണ് സംഗീതത്തിലും ഉണ്ടായത്. പണ്ടൊക്കെ ഒരാളോട് സംസാരിക്കാനും വിശേഷങ്ങള്‍ തിരക്കാനും നമുക്ക് ഏറെ സമയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഹായ്, ഹലോ എന്നിങ്ങനെ രണ്ടുവാക്കുകളില്‍ കുശലാന്വേഷണങ്ങള്‍ ഒതുങ്ങിയില്ലേ?. ? പുതിയ പ്രോജക്ടുകള്‍. 'കൊളോണിയല്‍ കസിന്‍സി'ന്റെ മാതൃകയില്‍ പുതിയൊരു പ്രോജക്ടിന് പദ്ധതിയുണ്ട്. ലെസ്ലി ലൂയിസുമായി ചേര്‍ന്നാകും ആ ആല്‍ബം പുറത്തിറക്കുക. ? റിയാലിറ്റി ഷോകള്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നുവെന്ന അഭിപ്രായമുണ്ടോ ഇല്ല, ഒരിക്കലുമില്ല. പണ്ട് ഒരു ഗായകന്‍ അറിയപ്പെടാന്‍ പത്തുപതിനഞ്ചു വര്‍ഷം വേണ്ടിവന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു വര്‍ഷം മതി. പക്ഷെ റിയാലിറ്റി ഷോകള്‍ ഒരു ഫിനിഷിംഗ് പോയിന്റാണെന്ന് അതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിചാരിക്കരുത്. അതൊരു സ്റ്റാര്‍ട്ടിംഗ് പോയിന്റാണ്. അവിടെ നിന്നാണ് തുടങ്ങേണ്ടത്. പലപ്പോഴും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ശബ്ദത്തിലല്ല പാടുന്നത്. യേശുദാസിനെയോ ശങ്കര്‍ മഹാദേവനെയോ സോനു നിഗമിനെയോ ഒക്കെ അനുകരിക്കുകയാണ്. അത് അവര്‍ക്ക് ഗുണം ചെയ്യില്ല. സ്വന്തം ശബ്ദത്തില്‍ പാടി പ്രതിഭ തെളിയിക്കുകയാണ് വേണ്ടത്. ഒരുപാട് പുതിയ ഗായകര്‍ റിയാലിറ്റി ഷോകളിലൂടെ രംഗത്തുവരുന്നുണ്ട്. ? മലയാള ഭാഷയറിയാത്ത ഗായകര്‍ ആ ഭാഷയില്‍ പാടുന്നത് ശരിയല്ലെന്ന യേശുദാസിന്റെ അഭിപ്രായത്തെക്കുറിച്ച് തമിഴും ഹിന്ദിയും അറിയുന്നവര്‍ മാത്രമാണോ ആ ഭാഷയില്‍ പാടുന്നത്. അതുകൊണ്ട് ആ അഭിപ്രായത്തോട് എനിക്ക് വ്യക്തിപരമായി യോജിക്കാന്‍ കഴിയില്ല. യേശുദാസ് പെരിയ ആള്, ഞാന്‍ ചിന്നവന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എതിരുപറയാന്‍ ഞാനാളല്ല. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഗായകനാണ് യേശുദാസ്. അദ്ദേഹത്തിന്റെ 'ഗുരുവായൂര്‍ അമ്പല നടയില്‍ ഒരുദിവസം ഞാന്‍ പോകും...' (ഹരിഹരന്‍ പാടുന്നു). ഈ പാട്ട് എനിക്ക് ഏറെയിഷ്ടമാണ്. ?. യേശുദാസിനെ ഗുരുവായൂര്‍ അമ്പലത്തില്‍ കയറ്റാത്തതിനെക്കുറിച്ച് എന്താണ് അഭിപ്രായം. അയ്യോ! ഞാനൊരു രാഷ്ട്രീയക്കാരനല്ലല്ലോ അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍. ഇത്രയും നല്ലപാട്ടുകള്‍ പാടിയിട്ടുള്ള അദ്ദേഹത്തെ അവിടെ കയറ്റാത്തത് മനുഷ്യത്വപരമായി ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സലില്‍ ചൗധരിയെ പോലുള്ള സംഗീത സംവിധായകര്‍ ഏറെ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ടെങ്കിലും ദേവരാജന്‍ മാസ്റ്ററുടെയും ബാബുരാജിന്റെയും കാലഘട്ടത്തിലെ പാട്ടുകള്‍ കേരളത്തിന് മറക്കാന്‍ കഴിയുമോയെന്ന് മറുചോദ്യമുന്നയിക്കുന്ന ഹരിഹരന്‍ പിന്നെയും പലതും പറഞ്ഞു. 'ഫൂല്‍ ഹെ ചാന്ദ് ഹെ ക്യാ ലഗ്ത്താഹെ...', 'ഉയിരേ ഉയിരേ എന്നോട് കലന്തുവിട്...' ഒരു പാട്ടു പാടാമോയെന്ന് ചോദിച്ചപ്പോള്‍ പാടിയതാണ് ഈ രണ്ടുപാട്ടുകളും. മതിയോ അതോ ഇനിയും പാടണോയെന്ന് ചിരിയോടെ ചോദിക്കുന്നു. വാക്കുകളിലൂടെയല്ല, പാട്ടുകളിലൂടെയാണ് ഹരിഹരന്‍ സംവദിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഹരിഹരന്‍ വെറുതെ പറഞ്ഞുപോകുന്ന പാട്ടുകളും ശ്രോതാക്കള്‍ക്ക് മറക്കാന്‍ കഴിയാത്തത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

നിസാര്‍ മുഹമ്മദ്
-°C 