| യു ഡി എഫ് വിജയത്തിന് മതനിരപേക്ഷ കേരളം തുണയായി |
പി മുഹമ്മദലിതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി സി പി എമ്മിന്റെ കനത്ത തകര്‍ച്ചയില്‍ മുങ്ങിയപ്പോള്‍ വിശകലനം ചെയ്യപ്പെടാതെപോയ ചില തോല്‍വികളുമുണ്ട്. പിണറായി വിജയന് തിരയിളക്കിയ ഹിന്ദുത്വ വികാരത്തില്‍ വലയെറിഞ്ഞ് ചാകര കൊയ്യാമെന്നാശിച്ച ബി ജെ പി നിലമെച്ചപ്പെടുത്തിയില്ലെന്ന് മാത്രമല്ല; ശക്തി കേന്ദ്രങ്ങളില്‍ പിന്നോട്ട് പോവുകയും ചെയ്തു. ഇതേ അവസ്ഥ തന്നെയാണ് മുസ്ലിം തീവ്രവാദസംഘടനകള്‍ക്കും ഉണ്ടായത്. ഇവരെയൊക്കെ ശക്തമായി എതിര്‍ത്തതും ഇവരൊക്കെ മുഖ്യശത്രുവായി കരുതിയതും യു ഡി എഫിനെ തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബി ജെ പി ജയിക്കുകയോ രണ്ടാം സ്ഥാനത്ത് വരുകയോ ചെയ്ത 896 ഇടങ്ങളില്‍ 785 വാര്‍ഡുകളിലും യു ഡി എഫ് തന്നെയായിരുന്നു പ്രധാന പ്രതിയോഗി. നൂറോളം വാര്‍ഡുകളില്‍ മാത്രമാണ് സി പി എമ്മിനെ തോല്‍പ്പിച്ചു ബി ജെ പിയോ അവരെ തോല്‍പ്പിച്ചു ഇടത് മുന്നണിയോ വിജയിച്ചത്. ബി ജെ പി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കിയ കാസര്‍കോട് പാലക്കാട് മുന്‍സിപ്പാലിറ്റികളിലും ഒന്നാം സ്ഥാനത്ത് യു ഡി എഫ് തന്നെ. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലുണ്ടായ ചില്ലറ വിജയമല്ലാതെ സി പി എം വിരുദ്ധ തരംഗം ആഞ്ഞടിച്ചിട്ടും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും അത് മുതലാക്കാന്‍ ബി ജെ പിക്ക് സാധിച്ചില്ല. മാത്രവുമല്ല; കാസര്‍കോട് ജില്ലയില്‍ അവര്‍ ഭരിച്ചിരുന്ന ആറുഗ്രാമ പഞ്ചായത്തുകളില്‍ നാലിടത്തും അവര്‍ക്ക് അധികാരം നഷ്ടമായി. ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളെ പ്രതിരോധിച്ചത് എല്‍ ഡി എഫ് അല്ല യു ഡി എഫ് ആണെന്ന് ഇത് വ്യക്തമാക്കുന്നു. മുസ്ലിം തീവ്രവാദ സംഘടനകള്‍ മത്സരിച്ച 95 ശതമാനം വാര്‍ഡുകളിലും സാന്നിധ്യമറിയിക്കാന്‍ പോലും ആകാത്തവിധം ദുര്‍ബലമായിരുന്നു അവരുടെ പ്രകടനം. അബ്ദുള്‍ നാസര്‍ മദനിയുടെ ജയില്‍വാസം കണ്ണീര്വോട്ടാക്കി മാറ്റാനുള്ള പി ഡി പിയുടെ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. രണ്ടോ മൂന്നോ വാര്‍ഡുകളില്‍ മാത്രമാണവര്‍ വിജയിച്ചത്. ഇടത് മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച അവര്‍ക്കെതിരെ എല്ലാ ഇടങ്ങളിലും യു ഡി എഫ് പ്രധാന പ്രതിയോഗിയായത് സ്വാഭാവികം. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐയുടെ പ്രകടനവും സമാനമായിരുന്നു. 2500ഓളം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി കന്നിയങ്കത്തിനിറങ്ങിയ അവര്‍ക്ക് വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ആകെ ലഭിച്ചത് 15 സീറ്റുകളാണ്. ഏതാണ്ട് അത്രയും സീറ്റുകളളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇവിടങ്ങളിലൊക്കെ ഇവര്‍ തോല്‍പ്പിച്ചതോ ഇവരെ തോല്‍പ്പിച്ചതോ യു ഡി എഫ് ആയിരുന്നു. സി പി എമ്മുമായി വാക്പയറ്റ് നടത്തി, തെരഞ്ഞെടുപ്പ് വേളയില്‍ വെടിനിര്‍ത്തിയ ജമാഅത്ത് ഇസ്ലാമിയുടെ പ്രച്ഛന വേഷമായ ജനകീയ മുന്നണിക്കും അരിശം യു ഡി എഫിനോട് തന്നെയായിരുന്നു. 1700 സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടും രക്ഷപ്പെട്ടവര്‍ ഒമ്പത് പേര്. ഇവരുമായി എല്ലായിടത്തും പോരാടിയതും യു ഡി എഫ് തന്നെ. വായിലൊതുങ്ങാത്ത അന്തര്‍ദേശീയ പ്രശ്നം മുതല്‍ കൊതുക് ശല്യം വരെ തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടും ഒന്നും വില്ക്കാത്ത പൂരക്കച്ചവടം പോലെ ജമാഅത്തെ ഇസ്ലാമിയുടെ ഭാഗ്യപരീക്ഷണത്തിന്റെ ജനനവും കബറടക്കവും ഒന്നിച്ചായിരുന്നു. മലബാര്‍ എന്ന പാറയിലും മലപ്പുറം എന്ന കരിമ്പാറയിലും കടിച്ചു പല്ലുപോയതിന്റെ അരിശമാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിന്റെ എഡിറ്റ് പേജില്‍ കഴിഞ്ഞ ദിവസം വിളമ്പിയത്. യു ഡി എഫിന്റെ വിജയം പിണറായി വിജയന് പോലും രാഷ്ട്രീയമായി വിലയിരുത്തിയപ്പോള്‍ ജമാഅത്ത് പത്രാധിപര്‍ക്ക് അത് പണത്തിന്റെയും മദ്യത്തിന്റെയും വിജയമായേ കാണാനായുള്ളൂ. ആട്ടിന്‍ തോലണിഞ്ഞ ഹിംസ്ര ജീവികള്‍ക്ക് ആട് ആയി അഭിനയിക്കാനറിയാം. പക്ഷെ; ആടായി ജീവിക്കാനാവില്ലെന്നാണ് ഇത്തരം അധമ ആരോപണങ്ങള്‍ തെളിയിക്കുന്നത്. യു ഡി എഫിനെ തകര്‍ക്കുക എന്ന പൊതു അജണ്ടയും മുസ്ലിം ലീഗിന്റെ കഥ കഴിക്കുക എന്ന മുഖ്യ അജണ്ടയുമുള്ള നവജാത മുസ്ലിം പ്രതിലോമ സംഘടനകള്‍ക്ക് യു ഡി എഫിനെ തോല്‍പ്പിക്കാനായില്ല; പക്ഷെ; എല്‍ ഡി എഫിന്റെ ആശ്വാസ വിജയത്തില്‍ പങ്കുണ്ട് താനും. മകന് ചത്താലും വേണ്ടില്ല; മരുമകളുടെ കണ്ണീരും നെഞ്ചത്തടിയും കാണാമല്ലോ എന്ന ദുഷ്ടതള്ളയുടെ മനസ്സാണ് ജമാഅത്ത് പത്രാധിപര്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ ജനസംഖ്യയിലെ 45 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചു 55 ശതമാനം വരുന്ന ഭൂരിപക്ഷസമുദായത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച സി പി എമ്മിന് മതേതര കേരളത്തിന്റെ മനസ്സ് വായിക്കാനുള്ള അറിവില്ലാതെ പോയതിന്റെ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് വിധി. പത്ത് ശതമാനം ഹിന്ദുക്കളെങ്കിലും വര്‍ഗീയമായി ചിന്തിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ ബി ജെ പി എവിടെയൊക്കെ താമര വിരിയിക്കുമായിരുന്നു. പത്ത് ശതമാനം മുസ്ലിംകളെങ്കിലും തീവ്ര വിചാരത്തോടെ ചിന്തിച്ചിരുന്നുവെങ്കില്‍ എവിടെയൊക്കെ പി ഡി പിയുടെയും എസ് ഡി പിഐയുടെയും ജമാഅത്തിന്റെയും അടവെച്ച മുട്ടകള്‍ വിരിയുമായിരുന്നു. രണ്ടിനെയും പ്രതിരോധിച്ചത് യു ഡി എഫ് ആണ്. അതിന് അവര്‍ക്ക് കൈതാങ്ങായി നിന്നത് കേരളത്തിന്റെ അചഞ്ചലമായ മതേതര മനസ്സും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി മുഹമ്മദലി
-°C 