| 'ഇനി വിചാരവതികളുടെ കാലം' |
ബാബു കലവൂര്എഴുത്തച്ഛന് പുരസ്‌കാര ലബ്ധിയോടെ മലയാള സാഹിത്യത്തിന്റെ ഔന്നത്യങ്ങളിലെത്തിയ ഡോ. എം. ലീലാവതി ലാളിത്യത്തിന്റെ, വിനയത്തിന്റെ മാതൃരൂപമാണ്. മലയാളത്തില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരം അറിയിക്കാന്‍ മന്ത്രിയും അവാര്‍ഡ് കമ്മിറ്റി അംഗങ്ങളും ലീലാവതി ടീച്ചറിന്റെ വീട്ടിലെത്തിയപ്പോള്‍ ഒരു വീട്ടമ്മയുടെ റോളിലായിരുന്നു മലയാള സാഹിത്യത്തിന്റെ ഈ തറവാട്ടമ്മ. പുരസ്‌കാര വിവരം അറിഞ്ഞതിന്റെ അടുത്ത ദിവസം, യാതൊരു ഭാവമാറ്റവും കൂടാതെ തലേന്ന് വൈകിട്ട് പിരിഞ്ഞപ്പോഴുള്ള അതേ വൈകാരികതയോടെ ടീച്ചര്‍ തന്റെ ശിഷ്യരുടെ അടുത്തെത്തി. ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചുവെങ്കിലും കാക്കനാട് പ്രസ് അക്കാദമിയിലെ ജേണലിസം വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായി മലയാളത്തിന്റെ ഈ എഴുത്തമ്മ. തന്റെ ശിഷ്യര്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് വീക്ഷണത്തിന് അഭിമുഖം അനുവദിച്ചത്. ''പുരസ്‌കാര ലബ്ധിയില്‍ ആഹ്ലാദമുണ്ട്. പക്ഷേ, തനിക്ക് അതിനുള്ള അര്‍ഹതയുണ്ടോ എന്നറിയില്ല. ഏതായാലും തന്നെക്കാള്‍ ഉയര്‍ന്നവര്‍ തെരഞ്ഞെടുത്ത് തരുന്നതായതുകൊണ്ട് നന്ദിയോടെ അംഗീകരിക്കുന്നു.'' ? എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് നിരൂപണ സാഹിത്യമേഖലയിലെ അഗ്രഗണ്യക്കുതന്നെ. അതും അന്‍പതുശതമാനം സ്ത്രീസംവരണം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിച്ച്, ത്രിതല പഞ്ചായത്തുകളില്‍ പകുതിയിലേറെ സ്ത്രീസാന്നിധ്യം ഉണ്ടാകുമ്പോള്‍... എന്തു തോന്നുന്നു. അന്‍പതുശതമാനം സ്ത്രീസംവരണം കേരളത്തില്‍ തന്നെ ആദ്യം നടപ്പാക്കാനായതില്‍ സന്തോഷമുണ്ട്. ഇതൊരു വിപ്ലവാത്മക പരിവര്‍ത്തനമാണ്. എന്നാല്‍ അന്‍പതുശതമാനം സ്ത്രീസംവരണം എന്ന നിയമം ഉണ്ടാക്കിയതിനു പിന്നില്‍ പുരുഷന്മാരാണ്. അവരിക്കാര്യത്തില്‍ അഭിനന്ദനാര്‍ഹരാണ്. ഒരു സന്ദര്‍ഭം കിട്ടിയാല്‍ സ്ത്രീ സ്വയം ശക്തിയാര്‍ജ്ജിക്കും. കുടുംബഭരണം നടത്തുന്നത് സ്ത്രീകളാണല്ലോ. വ്യാപകമായ അര്‍ത്ഥത്തില്‍ കുടുംബഭരണം പോലെതന്നെ രാജ്യഭരണത്തിലും സ്ത്രീക്ക് മികവ് പുലര്‍ത്താനാവും. പക്ഷേ അതിന് പുരുഷന്മാര്‍ എതിര് നില്ക്കരുത്. പാര്‍ലമെന്റിലും നിയമസഭയിലുമൊക്കെ അന്‍പതുശതമാനം സ്ത്രീസംവരണമാണ് വേണ്ടത്. പെണ്‍കുട്ടികളെ നാം തേജോവധം ചെയ്യാത്തവരാണ്. കേരളത്തില്‍ ഭ്രൂണഹത്യ കുറവായതുകൊണ്ടാണ് ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ളത്. സ്ത്രീയെ അംഗീകരിക്കുന്ന സമൂഹമാണ് നമ്മുടേത്. കഥ, കവിത തുടങ്ങിയ മേഖലകളില്‍ സ്ത്രീ സാന്നിധ്യമുണ്ടെങ്കിലും നിരൂപണ മേഖലയില്‍ മലയാളത്തില്‍ കുറവാണല്ലോ. * സ്ത്രീകള്‍ വൈകാരിക വ്യക്തിത്വത്തിന് ഉടമകളാണ്. അവര്‍ വൈചാരികപരമായി ചിന്തിക്കുന്നത് കുറവാണ്. സ്ത്രീകള്‍ക്ക് പരിശീലനം കൂടുതലായി കിട്ടുന്നത് വൈകാരികമേഖലയിലാണ്. പക്ഷേ മറ്റു രാജ്യങ്ങളില്‍ സ്ത്രീനിരൂപകരുടെ എണ്ണം കുറവല്ല. ഖണ്ഡനിരൂപണം പുരുഷോചിതമാണെന്നാണ് നമ്മുടെ മിഥ്യാധാരണ. അത് ശരിയല്ല. നാം എന്തിനെയും ഖണ്ഡിച്ചുമാത്രം അപഗ്രഥിക്കാതെ സാഹിത്യകൃതികളുടെ നല്ല വശങ്ങളെക്കൂടി അനാവരണം ചെയ്യണം. ഒരു സാഹിത്യകാരന്റെ എല്ലാ കൃതികളും മികച്ചതായിരിക്കണമെന്നില്ല. ചിലര്‍ അങ്ങനെയുള്ളവരുടെ മോശം കൃതികള്‍ മാത്രം തെരഞ്ഞെടുത്ത് നിരൂപണം നടത്തുന്ന രീതി ശരിയല്ല. അത് അനീതിയാണ്. ഏറ്റവും നല്ല കൃതികള്‍ നാം നിരൂപണം ചെയ്യണം.മറ്റുള്ളവയെക്കുറിച്ച് മൗനം ഭജിച്ചാല്‍ മതി. മൗനത്തെക്കാള്‍ നല്ല നിരൂപണം വേറെയില്ലല്ലോ. ? ജ്ഞാനപീഠപുരസ്‌കാരം ഒ.എന്‍.വിക്കു ലഭിച്ചു, മലയാളം വേണ്ടവിധത്തില്‍ ആദരിക്കപ്പെടുന്നുണ്ടോ. * മലയാള ഭാഷ മറ്റേതൊരു ഇന്ത്യന്‍ ഭാഷയെക്കാളും മുന്നിലാണെന്ന് ഞാന്‍ പറയും. മലയാളത്തിന് അഞ്ച് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. തമിഴിനാകട്ടെ രണ്ടെണ്ണവും. തെന്നിന്ത്യയില്‍ കന്നഡയ്ക്കു മാത്രമാണ് ഏഴ് ജ്ഞാനപീഠം ലഭിച്ചിട്ടുള്ളത്. എന്നാല്‍ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ തവണ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ടാവുക. പ്രാദേശിക ഭാഷാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായാണ് എല്ലാ ഭാഷകള്‍ക്കും മാറിമാറി ജ്ഞാനപീഠ പുരസ്‌കാരം നല്കിവരുന്നത്. മലയാള സാഹിത്യത്തില്‍ ബാലാമണിയമ്മ, എന്‍.വി. കൃഷ്ണവാരിയര്‍, ഇടശ്ശേരി ഗോവിന്ദന്‍നായര്‍, ഉറൂബ് തുടങ്ങിയവര്‍ക്കൊന്നും ജ്ഞാനപീഠം ലഭിച്ചിട്ടില്ല. പക്ഷേ, അവരെല്ലാം മികച്ച കൃതികളാണ് നമുക്ക് തന്നിട്ടുള്ളത്. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' ഇറങ്ങിയ സമയത്താണ് തമിഴില്‍ അഖിലന്റെ 'ചിത്തിരപ്പാവ'യ്ക്ക് ജ്ഞാനപീഠം ലഭിക്കുന്നത്. എന്നാല്‍ 'സുന്ദരികളും സുന്ദരന്മാരും' എന്ന കൃതിയുടെ അടുത്തുവരുന്ന ഒന്നല്ല ചിത്തിരപ്പാവ. ഊഴം അനുസരിച്ചു നല്കിയതുകൊണ്ടു മാത്രമാണ് തമിഴില്‍ ആ തവണ ജ്ഞാനപീഠം ലഭിച്ചത്. ? മലയാള ഭാഷയെ വികലമായി സംസാരിക്കാനാണല്ലോ ടിവിയിലെ ചില പരിപാടികളിലെ അവതാരകര്‍ പഠിപ്പിക്കുന്നത്. ഇത് ദോഷമല്ലേ. * ടിവി യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. പല ടിവി പരിപാടികളും അവയിലെ ഭാഷയും ആകെ തകിടംമറിഞ്ഞ മാതൃകയാണ് സമ്മാനിക്കുന്നത്. ടിവി അവതാരകരില്‍ ചിലര്‍ 'ആംഗ്ലിക്കന്‍ മലയാള'മാണ് പറയുന്നത്. തങ്ങള്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചതെന്ന് കാണിക്കാനുള്ള മിഥ്യാബോധമാണിത്. തെറ്റായ രീതിയാണിത്. മലയാള ഭാഷയില്‍ കവിതകള്‍ നിലവാരത്തില്‍ ഏറെ മുന്നിലാണ്. മഹാഭാരതം മൂലത്തില്‍നിന്ന് കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ വിവര്‍ത്തനം ചെയ്തത് വെറും 874 ദിവസങ്ങള്‍ കൊണ്ടാണ്. അദ്ദേഹം ഒരു ജീനിയസായിരുന്നു. അദ്ദേഹത്തിന്റെ പിന്‍മുറക്കാരായ ഇന്നത്തെ കവികളും നല്ല നിലവാരമുള്ളവരാണ്. 1975 മുതലുള്ള ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യകൃതികളുടെ ഒരു സമഗ്ര പഠനം തയ്യാറാക്കാന്‍ സാഹിത്യ അക്കാദമി ചുമതലപ്പെടുത്തിയിരുന്നത് എന്നെയാണ്. തന്മൂലം എല്ലാ ഇന്ത്യന്‍ഭാഷകളിലുമുള്ള മികച്ച കൃതികള്‍ വായിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അവയെക്കാളേറെ മികവു പുലര്‍ത്തുന്നവയാണ് മലയാള സാഹിത്യമെന്ന് എനിക്ക് ഉറപ്പുണ്ട്. സുഗതകുമാരിയുടെയത്ര നിലവാരമുള്ള സ്ത്രീകവികള്‍ ഇന്ത്യയിലെങ്ങും കാണില്ല. ആനന്ദിനെയും സി. രാധാകൃഷ്ണനെയുംപോലെയുള്ള നോവലെഴുത്തുകാര്‍ വേറെങ്ങുമില്ല. പക്ഷേ ഇവരെല്ലാം മലയാളത്തിലെഴുതിയതാണ് കുഴപ്പമായതെന്നു തോന്നുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ബാബു കലവൂര്‍
-°C 