| പടതുടങ്ങും മുമ്പെ സി പി എമ്മിന് പേടിപ്പനി |
പി മുഹമ്മദലിതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിവരുമ്പോള്‍ പ്രവചിക്കപ്പെട്ട പരാജയത്തേക്കാള്‍ ഭീകരമായിരിക്കും ഇടതുമുന്നണിയുടെ പതനമെന്ന് വിലയിരുത്തപ്പെടുന്നു. വിഭാഗീയതക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനും എതിരെ സുഖചികിത്സ നടത്തി പൂര്‍ണാരോഗ്യവും പൂര്‍വ കരുത്തും നേടിയെന്ന നാട്യത്തിലാണ് സി പി എം ഗോദയിലിറങ്ങുന്നതെങ്കിലും അത് അണികളുടെ ഉള്‍ധൈര്യം ചോരാതിരിക്കാനുള്ള അടവുകളാണെന്ന് വ്യക്തമാക്കപ്പെടുന്നു. രാഷ്ട്രീയവും ഭരണപരവുമായ പരാജയങ്ങളുടെ കടുത്ത പ്രതികൂലാവസ്ഥ ലോക്‌സഭാ തെരഞ്ഞെടുപ്പ് നാളുകളിലെ പോലെ തുടരുമ്പോള്‍ ഗ്രഹണകാലം കഴിഞ്ഞെന്നുള്ള സി പി എം നേതാക്കളുടെ കൂവിയറിയിക്കല്‍ തോല്‍വിപ്പേടിയെ മറികടക്കാനുള്ള സൂത്രങ്ങള്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് ചൂട് പടരുന്ന കാലത്ത് പൊട്ടിപ്പുറപ്പെട്ട ലോട്ടറി വിവാദം, സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രതിസന്ധി, മദ്യദുരന്തം തുടങ്ങിയവ വീണുകിടക്കുന്നവനെ ചവിട്ടുംപോലെ സി പി എമ്മിനെ പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി കേരളത്തെ പശ്ചിമബംഗാളാക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരുന്ന സി പി എം ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ബംഗാളാകരുതേ എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയവും തുടര്‍ന്നുണ്ടായ പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് തോല്‍വിയും വംഗനാട്ടില്‍ ചുകപ്പിന്റെ വേലിയിറക്കം വിളംബരം ചെയ്യുന്നതായിരുന്നു. ബംഗാള്‍ തോല്‍വി താല്‍ക്കാലികമെന്ന് ആദ്യം വിശ്വസിച്ച പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ അടിത്തറപോലും ഒലിച്ചുപോയ ഉരുള്‍പൊട്ടലിനെ അതിജീവിക്കാനാവാതെ വിലപിക്കുകയാണ്. മരണവീട്ടിലെ ആര്‍ത്തനാദംപോലെ ബംഗാളില്‍ നിന്നുയരുന്ന കൂട്ടക്കരച്ചില്‍ കേരളത്തിലെ സഖാക്കളുടെ കാതുകളില്‍ ഭീതിജനകമായ മുഴക്കങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 2005-ലെ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്ത എല്ലാ അനുകൂല ഘടകങ്ങളും ഇപ്പോള്‍ അവര്‍ക്ക് പ്രതികൂലമാണ്. ഭരണവിരുദ്ധ വികാരങ്ങളുടെ പേമാരി, മുന്നണി ബന്ധങ്ങളെ തകര്‍ത്ത കൊടുംങ്കാറ്റ്, അണമുറിയാത്ത മലവെള്ളം പോലെ ചുഴിപിരിച്ചെത്തുന്ന വിവാദങ്ങള്‍... എല്ലാം ഇടത് മുന്നണിക്ക് ചുറ്റും അന്ത്യപ്രളയത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കൂടെയുണ്ടായിരുന്ന ഡി ഐ സി ഇല്ലാതാവുകയും അണികള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുപോവുകയും ചെയ്തതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന സൃഗാല ബുദ്ധി ഇത്തവണ സി പി എമ്മിനെ സഹായിക്കില്ല. നാലുപതിറ്റാണ്ടുകാലത്തെ മുന്നണി ബന്ധമുണ്ടായിട്ടും ജനതാദളിനെ ചവിട്ടി പുറത്താക്കിയ നഷ്ടം ഏറെവലുതായിരിക്കും. രണ്ടുപതിറ്റാണ്ടുകാലത്തെ ഇടതുമുന്നണി ബന്ധം വിച്ഛേദിച്ച കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നടപടിയുടെ പ്രത്യാഘാതങ്ങള്‍ അവരുടെ മേഖലകളില്‍ നന്നായി പ്രതിഫലിക്കും. ഒരു വ്യാഴവട്ടത്തിലേറെയായി ഇടതുമുന്നണിക്ക് വോട്ട്ബലം നല്‍കിയിരുന്ന ഐ എന്‍ എല്ലിന്റെ മൊഴിചൊല്ലിയുള്ള പിന്‍മാറ്റം ഇടത് മുന്നണിയെ പിന്നെയും ക്ഷീണിപ്പിക്കും. പിരിഞ്ഞുപോയ പാര്‍ട്ടികള്‍ക്കുപകരം ചില കഷ്ണങ്ങളെ കൂട്ടിപ്പിടിച്ചുള്ള സി പി എമ്മിന്റെ പോക്ക് കരുത്തിന് പകരം ബാധ്യതകളാണ് ഉണ്ടാക്കുന്നത്. ഘടകകക്ഷികളുടെ നാവടക്കമുള്ള ശരീരഭാഗങ്ങള്‍ ഓരോന്നായി വിച്ഛേദിച്ച്; അവരുടെ എതിര്‍ ശബ്ദം ഒതുക്കിയ സി പി എം ഇടതുമുന്നണിയില്‍ എല്ലാം ഭദ്രമാണെന്ന് അവകാശപ്പെടുകയാണ്. പക്ഷെ ഇത് ശാന്തതയല്ല; ശ്മശാന മൂകതയാണെന്ന് വ്യക്തം. പാര്‍ട്ടിക്കകത്തെ വിഭാഗീയത അടിച്ചമര്‍ത്തിയെന്ന അവകാശവാദവും പൊള്ളയാണ്. പ്രാണരക്ഷാര്‍ത്ഥം പ്രളയകാലത്ത് പാര്‍ട്ടി ഒന്നാണെന്ന് തോന്നിപ്പിക്കാന്‍ നേതൃത്വം ചില വേഷങ്ങള്‍ അണിയുന്നതിലപ്പുറം അടിത്തട്ടിലെ വിഭാഗീയത ഇപ്പോഴും വാ പിളര്‍ത്തി നില്‍ക്കുകയാണ്. പാര്‍ട്ടി വിട്ടവരും ഇടഞ്ഞു നില്‍ക്കുന്നവരും ഒഞ്ചിയവും ഷൊര്‍ണൂരും കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. പുത്തന്‍ പണക്കാരും വാണിജ്യ താത്പര്യക്കാരും സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടുന്നത് പുതിയ പടലപിണക്കങ്ങള്‍ക്ക് കാരണമാവും. നഗരഭരണത്തിലും ഗ്രാമഭരണത്തിലും പിടിമുറുക്കിയ മാഫിയകളുമായി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉണ്ടാക്കിയ അവിശുദ്ധ ബന്ധം പാര്‍ട്ടിയെ തടിപ്പിക്കുകയും നേതാക്കളെ കൊഴുപ്പിക്കുകയും ചെയ്തിരിക്കുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ പാര്‍ട്ടിയിലെത്തി നഗരഭരണം ഏറ്റെടുത്ത ഒട്ടനവധി നേതാക്കള്‍ കോടിപതികളായത് പൊതുസമൂഹത്തിന് മുമ്പില്‍ പകല്‍പോലെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അരചാണ്‍ വയറ് നിറയാന്‍ വകയില്ലാത്തവര്‍ ഗ്രാമഭരണത്തിന്റെ അധികാരികളായിതീര്‍ന്നതിനുശേഷം അവര്‍ ആറാടുന്ന ആഡംബരങ്ങളും നാട്ടുകാരുടെ കണ്‍മുമ്പില്‍ ഉദിക്കുന്ന യഥാര്‍ത്ഥ്യങ്ങളാണ്. പശ്ചിമ ബംഗാളിലെ പാര്‍ട്ടി നേതാക്കള്‍ കുബേരന്‍മാരും കുത്തകകളുമായത് 33 വര്‍ഷംകൊണ്ടാണെങ്കില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ ധനികരായി തീര്‍ന്നത് കണ്ണുചിമ്മി തുറക്കുന്ന വേഗതയിലാണ്. കുന്നുകൂടുന്ന സമ്പത്തും ആളും അഹങ്കാരവുംകൊണ്ട് സമാന്തര സമ്പദ് വ്യവസ്ഥപോലും സൃഷ്ടിക്കാന്‍ ശ്രമിച്ച ബംഗാള്‍ പാര്‍ട്ടിയ ജനങ്ങള്‍ ശിക്ഷിച്ചത് കൈവെട്ടിയല്ല, തലവെട്ടിക്കൊണ്ടായിരുന്നു. ഭരണത്തിനെതിരെയുള്ള ജനവികാരം കിട്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ ജനങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വരെ ഭരണത്തോടുള്ള എതിര്‍പ്പ് കടുത്ത നിറത്തില്‍ തന്നെ ജനങ്ങള്‍ പ്രകടമാക്കി. ജനങ്ങളുമായി സര്‍ക്കാരിനുള്ള എല്ലാ ബന്ധങ്ങളും ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള മതിപ്പും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കഴുത്ത് ഞെരിക്കുന്ന വിലക്കയറ്റം, സഞ്ചാര യോഗ്യമല്ലാത്ത റോഡുകള്‍, ചികിത്സയില്ലാത്ത ആശുപത്രികള്‍, പാവങ്ങളുടെ വിദ്യാഭ്യാസം മുടക്കുന്ന സ്വാശ്രയകരാറുകള്‍, മാഫിയവല്‍ക്കരണത്തിന്റെ വ്യാപനം, കുടിച്ചുമരിക്കുന്ന ജനങ്ങള്‍... കേരളം ജീവിച്ചു തീര്‍ക്കുന്ന ദുരിത പര്‍വങ്ങള്‍ ഇങ്ങനെ നീളുന്നു. സമാഗതമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ആറുമാസം കഴിഞ്ഞെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പക തീര്‍ക്കാനുള്ള പടപ്പുറപ്പാടിലാണ് ജനങ്ങള്‍. വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകളും വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയുംകൊണ്ട് തോല്‍വിയെ ചെറുക്കാനുള്ള ശ്രമത്തിലാണ് സി പി എം. പക്ഷെ, നാടെങ്ങും പടര്‍ന്നുപിടിച്ച ജനരോഷത്തില്‍ നിന്നും ഇടത് മുന്നണിക്ക് രക്ഷയില്ല എന്ന വിളംബരങ്ങളും പ്രതിഫലനങ്ങളുമാണ് നാടെങ്ങും പ്രകടമായിക്കൊണ്ടിരിക്കുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി മുഹമ്മദലി
-°C 