|
മംഗളം കൊല്ലം ബ്യൂറോ ചീഫ് എം ഉപേന്ദ്രന്‍ നിര്യാതനായി |
|
കൊല്ലം : മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മംഗളം കൊല്ലം ബ്യൂറോ ചീഫുമായ ആശ്രാമം നവോദയ നഗറില്‍ വെളിയില്‍ വീട്ടില്‍ എം ഉപേന്ദ്രന്‍ (69)നിര്യാതനായി.
ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നടത്തി. സിപിഎം കൊല്ലം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കെഎസ്‌ഇബി റിട്ട.സൂപ്രണ്ടും കൊല്ലം ബാറിലെ അഭിഭാഷകയുമായ എസ് പത്മയാണ് ഭാര്യ.നാലു ദശാബ്ദമായി കൊല്ലത്തെ പത്രപ്രവര്‍ത്തക രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വിശ്വകേരളം, പൊതുജനം, ഈനാട് പത്രങ്ങളുടെ ജില്ലാ ലേഖകനായി പ്രവര്‍ത്തിച്ച ഉപേന്ദ്രന്‍ മംഗളം ദിനപത്രത്തിന്റെ ആരംഭംമുതല്‍ കൊല്ലം ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുതവണ കൊല്ലം പ്രസ്സ് ക്ലബ് പ്രസിഡന്റായിരുന്നു. പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം, പത്രപ്രവര്‍ത്തക ജില്ലാ ഹൗസിംഗ് ബോര്‍ഡംഗം, സീനിയര്‍ ജേര്‍ണലിസ്റ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വദേശാഭിമാനി സ്മാരക സ്റ്റഡി സര്‍ക്കിളിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ മാസിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്ന എം ഉപേന്ദ്രന്‍ വന്‍ സുഹൃദ്‌വലയത്തിന്റെ ഉടമയായിരുന്നു. ആശ്രാമം നാഷണല്‍ ലൈബ്രറി പ്രസിഡന്റ്, ഉളിയക്കോവില്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, നവോദയ നഗര്‍ റസിഡന്റ്സ് അസ്സോസിയേഷന്‍ പ്രസിഡന്റ്, ടെലിഫോണ്‍ ഉപദേശക സമിതിയംഗം, ടൂറിസം എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്, സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍, ഭക്ഷ്യോപദേശക സമിതിയംഗം, ജില്ലാ ആയൂര്‍വേദ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഉപദേശക സമിതിയംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം പ്രസ്സ് ക്ലബില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് എ വിജയന്‍, സെക്രട്ടറി എംകെ സുരേഷ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മുന്‍ കെപിസിസി പ്രസിഡന്റ് സിവി പത്മരാജന്‍, മന്ത്രി പികെ ഗുരുദാസന്‍, ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍, യുഡിഎഫ് കൊല്ലം ജില്ലാ ചെയര്‍മാന്‍ ഡോ.ശൂരനാട് രാജശേഖരന്‍, ഡോ.ബിഎ രാജാകൃഷ്ണന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെസി രാജഗോപാല്‍ എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. |