| സിപിഎമ്മില്‍ വിഷക്കള്ളിന്റെ നുരയും പതയും |
അങ്കലാപ്പ് മറയ്ക്കാന്‍ അട്ടിമറി സിദ്ധാന്തംഇ.വി ശ്രീധരന്‍ ഇതുവരെയും മാമനെക്കുറിച്ച് ഞാന്‍ ഒരു കഥ എഴുതിയില്ല. ഞാന്‍ എഴുതേണ്ട ഒരു കഥതന്നെയായിരുന്നു അത്. മാമന്‍ അത്രയേറെ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. മാമന്‍ കുട്ടിയായിരുന്നപ്പോഴേ പല ജോലികളും ചെയ്തു ജീവിതത്തെയൊന്നു മേലോട്ടു കൊണ്ടുപോകാന്‍. അന്നൊന്നും രക്ഷപ്പെട്ടില്ല. യുവത്വം നിരാശയിലലിഞ്ഞു പോയ മാമന്‍ കര പിടിച്ചത് മുപ്പത്തി മൂന്നാം വയസ്സിലാണ്. മുപ്പത്തിമൂന്നില്‍ നല്ല വരുമാനമുള്ള ഒരു ജോലി മാമന്റെ മുമ്പിലേക്ക് ദൈവം എറിഞ്ഞുകൊടുത്തു. അബ്കാരി കണ്ണന്‍കുട്ടിയാണ് മാമനൊരു ഭാഗ്യജാതകം എഴുതിക്കുറിച്ചത്. തന്റെ കള്ളുഷാപ്പുകളില്‍ കള്ളുണ്ടാക്കുന്ന ജോലിയാണ് കണ്ണന്‍കുട്ടി മാമനു നല്‍കിയത്. കള്ളുണ്ടാക്കുന്നതു മാമനെ പരിശീലിപ്പിച്ചു. വളരെ വേഗം കള്ളു നിര്‍മ്മാണത്തിന്റെ രസതന്ത്രത്തില്‍ മാമന്‍ വിദഗ്ദ്ധനായിത്തീര്‍ന്നു. കള്ളുനിര്‍മ്മാണത്തിന്റെ രസതന്ത്രത്തിനു മാമന്‍ സ്വന്തം സംഭാവനകള്‍ കൂടി നല്‍കിത്തുടങ്ങി. സ്പിരിറ്റില്‍ വെള്ളം ചേര്‍ത്ത് അതിന്റെ വീര്യം കുറച്ച് അതില്‍ പഴകിയ ഗുളികകളും ചില പേസ്റ്റുകളുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ലായിനിയില്‍ മണത്തിനുവേണ്ടി അല്‍പ്പം കള്ളും ചേര്‍ക്കുക. ഇങ്ങനെയുള്ള കള്ളാണ് മാമന്‍ ആദ്യം നിര്‍മ്മിച്ചു തുടങ്ങിയത്. മീഥൈല്‍ ആല്‍ക്കഹോള്‍ കൊണ്ടുള്ള കള്ള് നിര്‍മ്മാണം ആദ്യകാലത്തു തന്നെ മാമന്‍ തുടങ്ങിയിട്ടില്ല.അബ്കാരി മുതലാളി കണ്ണന്‍കുട്ടിക്ക് എട്ട് കള്ള് ഷാപ്പുകളുണ്ട്. എല്ലാ കള്ള്ഷാപ്പുകളിലും കള്ളുണ്ടാക്കുന്നതു മാമനാണ്. മാമന്‍ കള്ള്ഷാപ്പില്‍ നിന്നു കള്ള് ഷാപ്പിലേക്കു ബൈക്കില്‍ പറക്കും. കണ്ണന്‍കുട്ടി മുതലാളിക്ക് മാമന്‍ വിശ്വസ്തനായിത്തീര്‍ന്നു. എക്‌സൈസുകാരുമായി ഇടപെടുന്ന ജോലിയും കണ്ണന്‍കുട്ടി മുതലാളി മാമനെ ഏല്‍പ്പിച്ചു. എക്‌സൈസുകാര്‍ക്ക് രഹസ്യ സ്ഥലത്ത് പണവും കൂടിയ വിദേശമദ്യവും സ്ത്രീകളെയുമെത്തിക്കുകയെന്ന ജോലിയും മാമന്‍ ഉചിതമായും ഭംഗിയായും ചെയ്തുപോന്നു. ഓരോ കള്ള്ഷാപ്പിനു ചുറ്റുമുള്ള സി.പി.എമ്മിന്റെ പ്രാദേശിക റൗഡികളെ റൗഡിപ്പണവും സംഭാവനയും കൊടുത്ത് ഒതുക്കുന്ന ജോലിയും മാമന്റേതു തന്നെയായിരുന്നു. മാമന്‍ അതിവേഗം കള്ള്ഷാപ്പ് നടത്തിപ്പിന്റെയും അബ്കാരി ബിസിനസിന്റെയും സ്പിരിറ്റ് കള്ളക്കടത്തിന്റെയും ധനശാസ്ത്രവും അഴിമതി ശാസ്ത്രവുമൊക്കെ വശത്താക്കി. മാത്രവുമല്ല, ജനങ്ങളുമായുള്ള ഇടപെടലുകളിലും സംഭാഷണങ്ങളിലും മാമന്‍ ഒരു സി.പി.എമ്മുകാരനായി ചമഞ്ഞു. അപ്പോഴും മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാരെയെല്ലാം കൈയിലെടുത്തുകൊണ്ടാണ് മാമന്‍ നീങ്ങിയത്. താന്‍ കള്ള് നിര്‍മ്മാണം നടത്തുന്ന ഷാപ്പുകളുടെ പരിസരങ്ങളിലെ ശക്തമായ രാഷ്ട്രീയപ്പാര്‍ട്ടി സി.പി.എം ആയതുകൊണ്ട് മാമന്‍ എന്ന കള്ളുമരം സി.പി.എമ്മുകാരുടെ നേരെ ചാഞ്ഞ് വളര്‍ന്നു. സി.പി.എമ്മുകാര്‍ മാമനെ തങ്ങളുടെ ഒരാളായി കൊണ്ടു നടക്കുകയും ചെയ്തു. എന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമാകുകയാണെങ്കില്‍ അത് സി.പി.എമ്മിലായിരിക്കുമെന്ന് മാമനും തീരുമാനിച്ചു.തന്റെ കള്ള് നിര്‍മ്മാണ റേഞ്ചിലെ ബ്രാഞ്ച് കമ്മിറ്റികളെയും ലോക്കല്‍ കമ്മറ്റികളെയും മാമന്‍ ബക്കറ്റുകളിലും കൈകളിലും പണം നല്‍കി സഹായിച്ചുകൊണ്ടിരുന്നു. സാമൂഹ്യസേവനരംഗത്തും മാമന്‍ കാലെടുത്തുവച്ചു. ഏതെല്ലാം വിഭാഗങ്ങളില്‍ പെട്ട സാധുജനങ്ങളെ സഹായിക്കണമെന്ന് കണ്ണന്‍കുട്ടി മുതലാളിയെ ഉപദേശിച്ചുകൊണ്ടിരുന്നത് മാമനാണ്. എട്ട് കള്ളുഷാപ്പുകളുടെയും പരിസരങ്ങളില്‍ നടക്കുന്ന കല്യാണങ്ങള്‍ക്കെല്ലാം മാമന്‍ കണ്ണന്‍കുട്ടി മുതലാളിയെ ക്ഷണിപ്പിച്ചു. ഈ കല്യാണങ്ങള്‍ക്കെല്ലാം കസവുമുണ്ടും സില്‍ക്ക് ജൂബായും എട്ടുവിരലുകളിലും കനത്ത സ്വര്‍ണമോതിരവുമണിഞ്ഞ് അബ്കാരി കണ്ണന്‍കുട്ടി വന്നു. കല്യാണങ്ങള്‍ക്കുള്ള പങ്കെടുപ്പൊക്കെ മുതലാളിക്കിഷ്ടമായി. പ്രാദേശിക സി.പി.എമ്മുകാരൊക്കെ മാമന്‍ വഴി കണ്ണന്‍കുട്ടി അബ്കാരിയെ ബഹുമാനിച്ചു തുടങ്ങി. അബ്കാരി മുതലാളിക്ക് ജനകീയ ബഹുമാനം ലഭിക്കുകയാണ്. ചെങ്കൊടി തനിക്ക് നല്‍കുന്ന ജനകീയ ബഹുമാനം കണ്ണന്‍കുട്ടി മുതലാളി ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങി. എന്നുമാത്രമല്ല, ഈ അംഗീകാരം കണ്ണന്‍കുട്ടി മുതലാളിയെ ദുര്‍മോഹിയാക്കി. തനിക്ക് മുമ്പിലുള്ള നടപ്പ് കമ്യൂണിസ്റ്റു പാര്‍ട്ടിയായ സി.പി.എമ്മിനെ കൈയിലെടുക്കാന്‍ കണ്ണന്‍കുട്ടി മുതലാളി ആഗ്രഹിച്ചു. അദ്ദേഹം പാര്‍ട്ടിയുമായി അടുത്തു. അദ്ദേഹത്തിനാവശ്യം തന്റെ ദുഷ്‌ചെയ്തികള്‍ക്കൊരു ശക്തമായ പിന്തുണയായിരുന്നു. അബ്കാരി കണ്ണന്‍കുട്ടി മുതലാളിയും അങ്ങനെ കമ്യൂണിസ്റ്റായി. സ്പിരിറ്റും കള്ളും ഗുളികകളും പേസ്റ്റും ഇതൊന്നുമറിഞ്ഞില്ല. കള്ള് ഷാപ്പുടമസ്ഥന്‍ എന്ന അബ്കാരി മുതലാളിയും മുതലാളിയുടെ വിശ്വസ്തനായ മാമനും കമ്യൂണിസ്റ്റായപ്പോള്‍ അവര്‍ ഇരുവരെയും സി.പി.എം ഏതു വര്‍ഗത്തിലാണു പെടുത്തിയതെന്നാരറിഞ്ഞു! അവര്‍ ഇരുവരും വിഷക്കള്ളിനോടും സ്പിരിറ്റിനോടും ഗുളികകളോടും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നുപറഞ്ഞിട്ടുണ്ടാവില്ല. കാരണം കെ.പി.എ.സി നാടകങ്ങളല്ല അവരെ സ്വാധീനിച്ചത്. എന്നാല്‍ അവര്‍ക്കറിയാം ഏതൊക്കെ ദ്രാവകങ്ങളും വിഷവസ്തുക്കളുമാണ് തങ്ങളെ കമ്യൂണിസ്റ്റാവാന്‍ സഹായിച്ചതെന്ന്. ആ ദ്രാവകങ്ങള്‍ക്ക് കൊടിയില്ലെന്നും ഒരിക്കലും ഒരു കൊടിയുണ്ടാവില്ലെന്നും അവര്‍ക്കറിയാം. എല്ലാ കൊടികളിലും ഏറ്റക്കുറച്ചിലുകളോടെ തങ്ങളെ വലുതാക്കിയ വിഷം പുരണ്ടിട്ടുണ്ടെന്നും അവര്‍ക്കറിയാം. ഈ അറിവാണ് മാമന്റെയും കണ്ണന്‍കുട്ടിയുടെയും മൂലധനം. മാമന്‍ തന്റെ കള്ളുനിര്‍മ്മാണത്തിന്റെ രസതന്ത്രം മാറ്റുന്നു. സ്പിരിറ്റിനു ക്ഷാമം നേരിടുമ്പോള്‍ ഉപയോഗിക്കാനായി മീഥൈല്‍ ആല്‍ക്കഹോളും പുതിയ രാവസ്തുക്കളും കണ്ടെത്തുന്നു. മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് കള്ളുണ്ടാക്കുന്ന വിദ്യയും രസതന്ത്രവും മാമന്‍ പാലക്കാട് പോയി പരിശീലിച്ചെടുക്കുകയായിരുന്നു. മീഥൈല്‍ ആല്‍ക്കഹോളിന് സ്പിരിറ്റിനെ അപേക്ഷിച്ച് വില വളരെ കുറവാണ്. അങ്ങനെ മാമന്‍ കള്ള് നിര്‍മ്മാണത്തിന് മീഥൈല്‍ ആല്‍ക്കഹോളും ഉപയോഗിച്ചു തുടങ്ങി. കണ്ണന്‍കുട്ടി മുതലാളിയുടെ കള്ള് കച്ചവടത്തിലെ ലാഭം കൂട്ടാന്‍ മാമനിലൂടെ മീഥൈല്‍ ആല്‍ക്കഹോള്‍ ഒരുപാട് സഹായിച്ചു.മീഥൈല്‍ ആല്‍ക്കഹോള്‍ വ്യാവസായികാവശ്യങ്ങള്‍ക്കുള്ളതാണ്. ശരിക്കും ഒരു വിഷവസ്തു തന്നെ. മരവിപ്പിക്കല്‍ വിദ്യകള്‍ ഇത്രയേറെ വളര്‍ന്നിട്ടില്ലാത്ത പണ്ടത്തെ കാലത്ത് മൃതശരീരങ്ങളെ ഒരു പരിധിവരെ അളിയാതെ സൂക്ഷിക്കാന്‍ മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചിരുന്നു. മോര്‍ച്ചറിയില്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമായിരുന്നു. റബര്‍ കഴുകാനും, മറ്റ് അനേകം വ്യവസായാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന തീവ്രമായ ഒരുതരം സ്പിരിറ്റാണ് മീഥൈല്‍ ആല്‍ക്കഹോള്‍. കള്ളുണ്ടാക്കാന്‍ മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്ന രസതന്ത്രവും സ്പിരിറ്റ് ഉപയോഗിക്കുന്ന രസതന്ത്രവും വ്യത്യസ്തങ്ങളാണ്. സ്പിരിറ്റും മീഥൈല്‍ ആല്‍ക്കഹോളും ഒരേസ്ഥലത്ത് സൂക്ഷിക്കുകയും സ്പിരിറ്റാണെന്നു കരുതി മീഥൈല്‍ ആല്‍ക്കഹോള്‍ കള്ളിന്റെ ലായിനി ഉണ്ടാക്കാന്‍ ഉപയോഗിച്ചാല്‍ സംഭവിക്കുന്ന ദുരന്തമാണ് ഇപ്പോള്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് സംഭവിച്ചിരിക്കുന്നത്. കള്ള് കൃത്രിമമായുണ്ടാക്കുന്നവര്‍ സ്പിരിറ്റും മീഥൈല്‍ ആല്‍ക്കഹോളും ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. തെങ്ങും പനയും കള്ള് തന്നില്ലെങ്കിലും കള്ള് ഷാപ്പില്‍ കള്ള് തേടി എത്തുന്നവര്‍ക്ക് കള്ള് നല്‍കാനുള്ള ബാധ്യതയാണ് കള്ള് ഷാപ്പ് നടത്തുന്ന ദ്രവ്യന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം പൊലീസിനും എക്‌സൈസിനും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ നന്നായറിയാം. മാമന്റെയും ദ്രവ്യന്റെയും ലായിനികളില്‍ ആമകളും തവകളും ചേരകളും നീര്‍ക്കോലികളും മരിക്കാറുണ്ടെന്നും മരിക്കാതിരിക്കാറുണ്ടെന്നും ഏത് എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് വകുപ്പിനും പൊലീസിനും ജനനേതാക്കള്‍ക്കുമാണറിഞ്ഞു കൂടാത്തത്?മലപ്പുറത്തെ മാമനായ, മണിച്ചനായ ദ്രവ്യന്റെ കാര്യത്തില്‍ സംഭവിച്ചതിത്രയേ ഉള്ളൂ. കള്ള് നിര്‍മ്മാണത്തിന് സ്പിരിറ്റാണെന്നു വിചാരിച്ച് മീഥൈല്‍ ആല്‍ക്കഹോള്‍ ഒഴിച്ചു. ദ്രവ്യന്‍ തന്നെയാണ് തന്റെ കള്ള് ഷാപ്പില്‍ കള്ളുണ്ടാക്കുന്നത്. ലഹരി കൂട്ടുന്ന എല്ലാ ചേരുവകളും കള്ളില്‍ ചേര്‍ക്കുന്നത് ദ്രവ്യന്‍ തന്നെയാണ്. ഒരുനാള്‍ ദ്രവ്യനു തെറ്റുപറ്റിപ്പോയി. ദ്രവ്യനു തെറ്റുപറ്റിയെങ്കിലും ഈ വിഷക്കള്ള് കേസിലെയും ഒന്നാംപ്രതി കേരള സര്‍ക്കാരാണ്. കേരള സര്‍ക്കാരെന്നു പറഞ്ഞാല്‍ എക്‌സൈസ് വകുപ്പും അതിന്റെ മന്ത്രിയും സി.പി.എമ്മിന്റെ നേതൃത്വവും. കുറ്റിപ്പുറത്തെ വിഷക്കള്ള് ദുരന്തത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നു കണ്ടെത്താനുള്ള തത്രപ്പാടിലാണ് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം. അട്ടിമറി എന്ന സംശയത്തിനുനേരെ ദ്രവ്യന്‍ ചിരിക്കുകയാണ് പഴയ മണിച്ചനെപ്പോലെ. സര്‍ക്കാരിന്റെ കാര്യങ്ങളെല്ലാം മുറപോലെത്തന്നെ നടന്നു. വിഷക്കള്ള് കുടിച്ചു മരിച്ചവരുടെ കുടുംബത്തിനു അപ്പക്കഷ്ണങ്ങളെറിഞ്ഞു കൊടുത്തു. ജുഡീഷ്യല്‍ അന്വേഷണമോ എന്തുതരം അന്വേഷണമോ ആകാമെന്നു പതിവുപോലെ പറഞ്ഞു. രാഷ്ട്രീയ നേതാക്കന്മാര്‍ മരിച്ചവരുടെ വീടുകളിലും ആശുപത്രിയില്‍ മരിക്കാന്‍ കിടക്കുന്നവരുടെ അടുത്തുമൊക്കെ എത്തി. എന്നാല്‍ സത്യത്തിനുനേരെ അധികാരി വര്‍ഗത്തിന്റെ ഒരു വിരല്‍പോലും നീളുന്നില്ല. ജനങ്ങള്‍ക്ക് വായിക്കാനും കാണാനും പാവങ്ങളുടെ ജീവിതത്തില്‍നിന്നൊരു വിഷയംകൂടികിട്ടി. പാവങ്ങളുടെ ദയനീയമായ മരണങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ക്ക് ഓരോ പൂക്കാലം വീണുകിട്ടുന്നു. ഏത് ദുരന്തം സംഭവിക്കുമ്പോഴും ആ ദുരന്തത്തിനു കാരണമായിത്തീര്‍ന്ന സത്യത്തിനെതിരേ നമ്മുടെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുഖം തിരിഞ്ഞു നില്ക്കുമെന്നത് ഒരു സത്യമായിത്തീര്‍ന്നിരിക്കുന്നു. തെറ്റും കുറ്റവും ചെയ്തവര്‍ ഈ കുറ്റത്തിലോ തെറ്റിലോ പങ്കില്ലെന്നു പറഞ്ഞ് കൈകഴുകുന്നത് നമ്മുടെ നാട്ടില്‍ ഒരു ഭരണനീതിയായിത്തീര്‍ന്നിരിക്കുന്നു. മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ ഉണ്ടായ വിഷക്കള്ള് ദുരന്തം ഈ അവസ്ഥയ്ക്ക് ഒരു അപവാദമല്ല. വ്യാജമദ്യത്തിനെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികളില്‍ അമര്‍ഷമുള്ള വിഷമദ്യലോബിയുടെ കരങ്ങള്‍ മലപ്പുറം വിഷമദ്യ ദുരന്തത്തിന്റെ പിറകിലുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയൊരു ലോബി ഇല്ലെങ്കിലും ഉണ്ടെന്നായിരിക്കും പാര്‍ട്ടിയുടെ കീഴ്ത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെയുള്ളവര്‍ പറഞ്ഞു പ്രചരിപ്പിക്കുക. സര്‍ക്കാരിന്റെ മദ്യനയം മനുഷ്യവിരുദ്ധവും പരമാവധി വരുമാനമുണ്ടാക്കാനുള്ള അധാര്‍മ്മിക മാര്‍ഗവുമാണെന്ന സത്യത്തിന്റെ നാലരികത്തൂടെ നടന്നുപോകാന്‍ പോലും പിണറായി വിജയന്റെയോ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയോ രാഷ്ട്രീയ ജീവിതത്തിനു കഴിയുകയില്ല. മാര്‍ക്‌സിസത്തില്‍ അഴിമതിയുടെ അദ്ധ്യായം എഴുതിച്ചേര്‍ക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിഫലനമാണ് ഇന്നത്തെ കേരള ഭരണം. ദ്രവ്യന്‍ കരയുന്നു; ദ്രവ്യം സഖാക്കളുടെ പെട്ടിയില്‍ കിടന്നു ചിരിക്കുന്നു. കള്ള് ഇല്ലാത്തതുകൊണ്ട് കേരളത്തിലെ കള്ള് ഷാപ്പുകളെല്ലാം 11-ാം തീയതി ശനിയാഴ്ചയോടുകൂടി അടച്ചുപൂട്ടി. തങ്ങള്‍ ഇതുവരെയും കള്ള് ഷാപ്പുകളിലൂടെ വിറ്റുകൊണ്ടിരുന്നത് തെങ്ങില്‍ നിന്നോ പനയില്‍ നിന്നോ ചെത്തിയെടുത്ത കള്ളല്ല, ഷാപ്പിനകത്തുവച്ച് വിഷവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ കള്ളിന്റെ മണമുള്ള ഒരുതരം ലായിനിയാണെന്ന സത്യം തുറന്നു പറയുകയാണ് കള്ള് ഷാപ്പുകള്‍ അടച്ചു പൂട്ടലിലൂടെ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സത്യം സര്‍ക്കാരും സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും സമ്മതിക്കുകയില്ല. വിഷക്കള്ള് ദുരന്തത്തിനു പിറകില്‍ ഏതോ അട്ടിമറിയുണ്ട്. വ്യാജമദ്യത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ക്കെതിരെയുള്ള അട്ടിമറി. ഈ പറച്ചിലൊക്കെ വെറുമൊരു രാഷ്ട്രീയ കലാപരിപാടിയാണെന്ന് കേരളത്തിനറിയാം. കള്ള് ഷാപ്പുടമകള്‍ സ്ഥിരമായി നടത്തിപ്പോന്ന വിഷക്കള്ള് കച്ചവടത്തെ കുറ്റിപ്പുറത്തെ കൂട്ടമരണം തല്ക്കാലം അട്ടിമറിച്ചു. ഈ അട്ടിമറിയിലൂടെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും കേരളത്തിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും കുറേ പണനഷ്ടമുണ്ടായി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

അങ്കലാപ്പ് മറയ്ക്കാന്‍ അട്ടിമറി സിദ്ധാന്തം
-°C 