|
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ റിമാന്‍ഡ് ചെയ്തു |
ആലപ്പുഴ: റിട്ട. അധ്യാപിക ആലപ്പുഴ തുമ്പോളി ആലക്കാട്ടുശ്ശേരില്‍ സെബാസ്റ്റ്യന്റെ ഭാര്യ ഏലിയാമ്മ (74)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് അറസ്റ്റു ചെയ്ത ഭര്‍തൃസഹോദരന്റെ മരുമകള്‍ ഫ്രില്ലി ആന്റണി(23)യെ കോടതി റിമാന്‍ഡു ചെയ്തു.
ഇന്നലെ രാവിലെ 11 ഓടെയാണ് ഫ്രില്ലിയെ ആലപ്പുഴ വനിതാ എസ്.ഐ ഷെരീഫ ബീവിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഷിജു പി ഷേഖ് മുമ്പാകെ ഹാജരാക്കിയത്്. ഫ്രില്ലിയക്ക് മുലകുടിക്കുന്ന പിഞ്ചുകുട്ടിയുണ്ടന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും സാഹചര്യം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാവില്ലന്നും പകരം ദിവസം രണ്ടു നേരം കുട്ടിയെ ജയിലിലെത്തിച്ച് പാലൂട്ടാന്‍ സൗകര്യം നല്‍കാമെന്നും കാട്ടി ഫ്രില്ലിയെ 14 ദിവസത്തേയക്കു റിമാന്‍ഡു ചെയ്തുകൊണ്ട് കോടതി ഉത്തരവായി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്രില്ലിയെ ഹാജരാക്കുന്നതറിഞ്ഞ് ഹര്‍ത്താല്‍ ദിനമായിട്ടും വന്‍ ജനാവലിയാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. കഴിഞ്ഞ മാസം 12 നാണ് വീടിനുള്ളില്‍ ഏലിയാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് നാടോടികളെ കേന്ദ്രീകരിച്ച് മൂന്നാഴ്ചകളോളം പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഏലിയാമ്മയുടെ ഭര്‍തൃസഹോദരന്റെ മരുമകള്‍ ഫ്രില്ലി (23)യാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി കഴിഞ്ഞദിവസം ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
|