അധ്യാപകന്റെ വിളിയും ദൗത്യവും
അഡ്വ.ചാര്‍ളി പോള്‍
ഒരു അധ്യാപകദിനം കൂടി മുന്നിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്റെ മഹത്വത്തെ ദാര്‍ശനികമായി തിരിച്ചറിയുകയും ചെയ്ത മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചു പോരുന്നു.
ഭാരത സംസ്‌ക്കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിട്ടുള്ള സ്ഥാനവും ഔന്നത്യവും, സമൂഹസൃഷ്ടിയില്‍ അവര്‍ക്കുള്ള അനന്യവും നിര്‍ണ്ണായകവുമായ ഉത്തരവാദിത്വവും ഒരു വിലയിരുത്തലിന് വിധേയമാകേണ്ട അവസരമാണ് അധ്യാപകദിനം. ഈശ്വരചിന്തയിലും ഈശ്വരോന്മുഖമായ കര്‍മ്മങ്ങളിലും നിരന്തരം മുഴുകുന്ന വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു ഭാരതത്തിന്റേത്. എന്നാലിന്ന് ഈശ്വര നിഷേധവും മതനിരാസവും അഭിരമിക്കുന്ന പാഠഭാഗങ്ങളിലൂടെ കടന്നുപോകേണ്ട ഗതികേടിലാണ് വിദ്യാര്‍ഥി സമൂഹം.
അധ്യാപക ദിനാചരണത്തിന് വഴിയൊരുക്കിയ പക്വമാനസനും സമചിത്തനുമായ ഡോ.എസ്.രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ചിന്തകള്‍ എത്തിനില്‍ക്കുന്നത് ആത്മീയതയിലാണ്.
 
ഒരു വിദ്യാഭ്യാസ തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തിയാണിത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിദ്യാര്‍ഥിക്ക് ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ച മാത്രം പോരാ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. വിദ്യാര്‍ഥി ആത്മീയ മൂല്യങ്ങളില്‍ വളര്‍ന്നു എന്ന് ഉറപ്പു വരുത്തുമ്പോഴാണ് വിദ്യാഭ്യാസം ഉപയോഗപ്രദമാകുന്നത്.വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവഗുണം ആര്‍ജ്ജിക്കാത്ത വിദ്യാഭ്യാസം ആപത്ക്കരവും ഉപയോഗശൂന്യവുമാണെന്നും ഡോ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു വയ്ക്കുന്നു. കുട്ടിയുടെ ആത്മാവില്‍ പകര്‍ന്നു കൊടുക്കുന്ന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും സര്‍വ്വപ്രധാനമാണ്. നിര്‍മ്മലവും സത്യസന്ധവും പാവനവുമായ പാഠങ്ങളാണ് പ്രാഥമിക കളരികളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്.

ബാല-കൗമാര മനസ്സുകളിലേക്ക് വികലവും വിഷലിപ്തവുമായ ആശയങ്ങള്‍ കടന്നുവരാതിരിക്കാന്‍ എല്ലാ വിദ്യാഭ്യാസ വിചക്ഷണന്മാരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം വസ്തുനിഷ്ഠമാകണം. ഏതെങ്കിലും പ്രത്യേക പ്രത്യയ ശാസ്ത്രമോ തത്വശാസ്ത്രമോ പ്രചരിപ്പിക്കുവാനോ ഏതെങ്കിലും ഗുഢതാത്പര്യങ്ങള്‍ സംരക്ഷിക്കുവാനോ വേണ്ടി ചരിത്രവസ്തുതകളെയും മൂല്യങ്ങളെയും വളച്ചൊടിക്കുവാനും പാടില്ല.
വസ്തുതകളെ തമസ്‌ക്കരിക്കുകയോ മുഖ്യധാരയിലുള്ള പ്രധാന കാര്യങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കി നിസ്സാര തദ്ദേശ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയോ ചെയ്യുമ്പോള്‍ പാഠപുസ്തകങ്ങള്‍ വികലമാകും. പാഠപുസ്തകങ്ങളുടെ നിര്‍മാതാക്കള്‍ ഒരിക്കലും പ്രത്യയശാസ്ത്രങ്ങളുടെ കൂലിപ്പണിക്കാര്‍ ആകാന്‍ പാടില്ല. അവര്‍ മൂല്യങ്ങളുടെ യജമാനന്മാര്‍ ആകേണ്ടവരാണ്. അതിനവര്‍ക്ക് സാധിക്കാതെ വരുമ്പോള്‍ വിദ്യാഭ്യാസ സംസ്‌ക്കാരത്തിന്റെ നൈരന്തര്യത്തിന് കോട്ടം സംഭവിക്കുന്നു.

വിദ്യാഭ്യാസം ഒരു സംസ്‌ക്കാര പ്രക്രിയയാണ്. സംസ്‌കാരത്തിന്റെ ശ്രേയസ് ദൈവവിചാരത്തിലും ആത്മീയ ഭാഷയിലും ധാര്‍മ്മികമുന്നേറ്റത്തിലുമാണ്. കര്‍മ്മശോഷണവും ധര്‍മ്മശോഷണവും മൂല്യശോഷണവും സംഭവിക്കുമ്പോള്‍ സംസ്‌ക്കാരം ക്ഷയിക്കുകയാണ്. വര്‍ഗ്ഗീയ വാദികളെയും കുറെ മനോരോഗികളെയും ജനിപ്പിക്കുവാന്‍ കഴിയുന്നതാകരുത് വിദ്യാഭ്യാസ പാഠാവലികള്‍ എന്ന് ചുരുക്കം. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക - ബൗദ്ധിക - കായിക - സാംസ്‌ക്കാരിക മുന്നേറ്റത്തിന് നിദാനം അവിടത്തെ അധ്യാപക സമൂഹമാണ്. അധ്യാപകന് വിദ്യാര്‍ഥിയുമായി സംവദിക്കുവാനുള്ള ഏക മാര്‍ഗ്ഗമാണ് പാഠപുസ്തകം. ഏറ്റവും അധികം സ്വാധീനിക്കപ്പെടുന്ന ഘടകമായതിനാല്‍ പാഠപുസ്തക രചനയും കരുതലോടെ നിര്‍വ്വഹിക്കപ്പെടണം. ദൈവവിചാരവും ദൈവഭാഷയും നിഷേധിക്കുന്ന പാഠ്യപദ്ധതിക്ക് ശുദ്ധിയുള്ള സാംസ്‌ക്കാരിക ധാരയോട് ചേര്‍ന്നു നില്‍ക്കാന്‍ പറ്റില്ല.

അധ്യാപകന്റെ വിളി സവിശേഷമായ ഒന്നാണ്. ആ വിളിയെ ദൈവവിളിയായി തന്നെ കാണണം. സമൂഹത്തിനുള്ള ഈശ്വരന്റെ വരദാനമാണ് അധ്യാപകന്‍. ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രൂഷയാണ് അധ്യാപനം. പഠിപ്പിക്കുക എന്നത് ദൈവികമാണ്; ദൈവിക വെളിച്ചം പകര്‍ന്നു നല്‍കലാണ്. അധ്യാപനത്തെ ഒരു തൊഴിലായി മാത്രം കാണരുത്.ഏറ്റവും വികസിതമായ രാജ്യം പോലും അധ്യാപകനെ 'ഫെസിലിറ്റേറ്റര്‍' എന്നും 'നോളേജ് ഡിസ്‌പെന്‍സര്‍' എന്നും വിളിക്കുമ്പോള്‍ ഇവിടെ നാം 'ഗുരു' എന്നും 'ആചാര്യന്‍' എന്നുമാണ് വിളിക്കുന്നത്. ആചാര്യദേവോ ഭവ: എന്നാണ് ആപ്തവാക്യം. ആചാര്യന്‍ ദൈവതുല്യനാണ്.ജവഹര്‍ലാല്‍ നെഹ്‌റു അധ്യാപകരെ The Social Engineer  (സമൂഹശില്‍പി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാം പറയുന്നത് The Sower of goodness in human mind (മനുഷ്യ മനസ്സില്‍ നന്മയുടെ വിത്തുപാകുന്നവര്‍) എന്നാണ്. അധ്യാപകന്റെ വിളിയെ മഹത്വവത്കരിക്കുന്ന ദര്‍ശനമാണിത്.
 
'ഗുരു' എന്ന വാക്കിന് 'ഇരുളകറ്റുന്നവന്‍' എന്നാണര്‍ത്ഥം. വിദ്യാര്‍ഥികളുടെ മനസ്സിലെ അജ്ഞതയാകുന്ന ഇരുളിനെ മാറ്റി വിജ്ഞാനമാകുന്ന വെളിച്ചം നിറയ്ക്കുന്ന വ്യക്തിയാണ് അധ്യാപകന്‍. കുട്ടികളില്‍ വിജ്ഞാനവും വിവേകവും വളര്‍ത്തി ബുദ്ധിയും ഹൃദയവും വികസിപ്പിച്ച് മനുഷ്യനെ രൂപപ്പെടുത്തുക എന്ന ധര്‍മ്മമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്.'Educare' എന്ന ലത്തീന്‍ പദത്തിന്റെ തല്‍ഭവമാണ് Education എന്ന വാക്ക്. പുറത്തെടുക്കുക; വലിച്ചെടുക്കുക എന്നതാണ് ഈ പദത്തിന്റെ അര്‍ത്ഥം. ഒരു വിദ്യാര്‍ഥിയില്‍ അന്തര്‍ലീനമായിട്ടുള്ള നന്മകളെ പുറത്തെടുത്ത് ചെത്തി മിനുക്കി ഉത്തമ പൗരനെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാസം.

ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡി.എസ്.കോത്താരി 1966 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ തുടക്കം ഇങ്ങനെയായിരുന്നു; ''ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നത് ക്ലാസ്സ് മുറികളിലൂടെയാണ്'' അത്ര കരുതലോടെ നിര്‍വ്വഹിക്കപ്പെടേണ്ടതാണ് അധ്യയനം. സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ മനുഷ്യനെ മനുഷ്യനാക്കലാണ് വിദ്യാഭ്യാസം. കാട്ടുമനുഷ്യനെ നാട്ടു മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസ ലക്ഷ്യം. മനുഷ്യനിലെ മൃഗത്വത്തെ അമര്‍ച്ച ചെയ്ത് അവനിലെ മനുഷ്യത്വത്തെ വളര്‍ത്തുന്ന പ്രക്രിയയാണത്.
 
ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുനെസ്‌ക്കോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ സേവനത്തിന്റെ നാല് നെടുംതൂണുകളായി അവതരിപ്പിക്കുന്നു. 1. അറിയുവാന്‍ പഠിക്കുക 2. ചെയ്യുവാന്‍ പഠിക്കുക 3. താനാകുവാന്‍ പഠിക്കുക 4. സഹവസിക്കുന്നതിന് പഠിക്കുക. സമഗ്രതയാര്‍ന്ന വ്യക്തിത്വത്തിന്റെ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ കരഗതമാകേണ്ടത്. അധ്യാപകന്‍ തലമുറകളിലേക്ക് പകപ്പെടുന്നവനാണ് . തലമുറകള്‍ക്ക് ജീവചൈതന്യം പകര്‍ന്നു നട്ടു വളര്‍ത്തുമ്പോള്‍ പിഴവുകള്‍ സംഭവിക്കാതെ നോക്കണം. അധ്യാപകന്‍ ടാങ്കാണ്; വിദ്യാര്‍ഥി ടാപ്പാണ് എന്ന് ഓര്‍ക്കണം. ടാങ്കിലുള്ളതേ ടാപ്പിലൂടെ പുറത്തു വരികയുള്ളൂ; പകര്‍ന്നു ലഭിക്കുകയുള്ളൂ.

വിമര്‍ശന സമീപനമാണ് അധ്യാപകന്റേതെങ്കില്‍ വിദ്യാര്‍ഥി വിധിക്കുന്ന സ്വഭാവക്കാരനാകും. വിദ്വേഷമാണെങ്കില്‍ കലഹപ്രിയരാകും. അവജ്ഞയാണെങ്കില്‍ ലജ്ജാശീലരാകും. നിന്ദനമാണെങ്കില്‍ കുറ്റബോധമുള്ളവരാകും. മറിച്ച് സഹിഷ്ണുതയാണെങ്കില്‍ ക്ഷമാശീലരാകും. പ്രോത്സാഹനമാണെങ്കില്‍ ആത്മവിശ്വാസമുള്ളവരാകും. നിഷ്പക്ഷതയാണെങ്കില്‍ നീതനിഷ്ഠരാകും. പരസ്പര ധാരണയാണെങ്കില്‍ വിശ്വാസ്യതയുള്ളവരാകുന്നു. അംഗീകാരമാണെങ്കില്‍ ആ്ത്മാഭിമാനമുള്ളവരാകും. സൗഹൃദമാണെങ്കില്‍ സ്‌നേഹസമ്പൂര്‍ണ്ണരാകും. അനുകമ്പയാണെങ്കില്‍ കരുണാമയരാകും. വിതച്ചതേ കൊയ്യുവാന്‍ സാധിക്കൂ.

അധ്യാപനം സ്‌നേഹത്തിന്റെ പ്രകാശനമാകണം. സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപകനു വേണ്ട പ്രഥമഗുണം. കുട്ടികളെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക, പുതുമ മങ്ങാതെ പഠിപ്പിക്കുക, മാര്‍ഗ്ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്.
അധ്യാപകന്‍ ജീവിതവിശുദ്ധിയുടെ തിളങ്ങുന്ന താരമാകണം. വിജ്ഞാനത്തിന്റെ നിറദീപമാകണം. സ്‌നേഹത്തിന്റെ നിറകുടമാകണം. നേര്‍വഴി നടത്താന്‍ കഴിയുന്ന ആത്മബന്ധത്തിന്റെ കേദാരമാകണം. അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും വിളനിലമാകണം. അതിരുകളില്ലാത്ത സ്വപ്‌നങ്ങളുടെ വില്‍പ്പനക്കാരനാകണം.
 
ശിഷ്യര്‍ക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ കഴിയുന്ന മാതൃകയാവണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ.പഠിതാവ്, പഠനപ്രക്രിയ, പഠനസാഹചര്യം ഇവ മൂന്നും വിദ്യാഭ്യാസത്തില്‍ പ്രധാനമാണ്. വിദ്യാര്‍ഥിയില്‍ വന്നു ചേരേണ്ട പരിവര്‍ത്തനമാണ് വിദ്യാഭ്യാസം. വിദ്യാര്‍ഥിയെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണത്. അവിടെ വിഷവിത്തുകള്‍ വീഴാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുക. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ തെറ്റ് പറ്റാതിരിക്കട്ടെ. അധ്യാപകദിനം സത്ചിന്തകളുടെ സംഗമം കുറിക്കട്ടെ.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls