നഗരക്കൊയ്ത്ത്-23
Imageപുത്തരിക്കണ്ടം വിതയ്ക്കാതെ കൊയ്തു
നിസാര്‍ മുഹമ്മദ്
ത്തരിക്കണ്ടം മൈതാനത്തിന്റെ നവീകരണമാണ് ഈയിടെ നഗരസഭ പ്രഖ്യാപിച്ച ഒരുപദ്ധതി. നഗരസഭാ ഭരണസമിതിയുടെ പ്രധാന പ്രഖ്യാപനമെന്ന നിലയിലാണ് പദ്ധതി അവതരിപ്പിച്ചത്.
നഗരത്തിന്റെ മുഖഛായ മാറ്റുമെന്ന അവകാശവാദത്തോടെ ആരംഭിച്ച പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും പുത്തരിക്കണ്ടം മൈതാനത്തിന്റെ നവീകരണം ഈ മാസവും പൂര്‍ത്തിയാകില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞമാസം പദ്ധതി പൂര്‍ണമായി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്ന നഗരസഭ ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. ആധുനിക രീതിയില്‍ പണിയുന്ന സ്‌റ്റേജ്, പുല്‍ത്തകിടി, കാര്‍ പാര്‍ക്കിങ് ഏരിയ, നെല്‍ക്കൃഷി നടത്താന്‍ പ്രത്യേക സ്ഥലം, വിശ്രമ കേന്ദ്രം എന്നിവയാണ് പുത്തരിക്കണ്ടം മൈതാനത്തു പുതുതായി നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നത്. നവീകരണത്തിനു കുമാര്‍ ഗ്രൂപ്പിനെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
കോടികള്‍ ചെലവിട്ടു നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായി വരുന്നത്. ഇതില്‍ പ്രവേശന കവാടവും, സ്‌റ്റേജിന്റെ  നിര്‍മാണവും മാത്രമാണുള്ളത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നു വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഒ അശോകന്‍ പറയുന്നു. രണ്ടാംഘട്ടത്തില്‍ വിശ്രമ കേന്ദ്രത്തിന്റെയും പുല്‍ത്തകിടിയുടെയും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഇതു പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നു നഗരസഭാ അധികൃതര്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. രണ്ടാംഘട്ട നിര്‍മാണത്തിനു ഒരു കോടി 13 ലക്ഷം രൂപയാണ് അനുവദിച്ചത്. നഗരത്തില്‍ നടക്കുന്ന മിക്ക പരിപാടികള്‍ക്കും പുത്തരിക്കണ്ടം മൈതാനമാണ് ഉപയോഗിക്കുന്നത്.
 
നിരവധി സമരങ്ങള്‍ക്കും, സമ്മേളനങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും യുവജനോത്സവങ്ങള്‍ക്കും ഈ മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നവീകരണം പൂര്‍ത്തിയാകുന്നതോടെ മൈതാനം ഉപയോഗിക്കാന്‍ ഇനിമുതല്‍ നിശ്ചിത തുക നഗര സഭയ്ക്കു നല്‍കണം. കൂടാതെ കാര്‍ പാര്‍ക്കിങിനും തുക ഏര്‍പ്പെടുത്തുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിസ്തൃതി വര്‍ധിച്ചെങ്കിലും ആനുപാതികമായി ജീവനക്കാരെ നിയമിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നതാണ് തിരുവനന്തപുരം നഗരസഭയുടെ മറ്റൊരു ദുര്‍ഗതി. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ എത്തുന്നവര്‍ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. പലപ്പോഴും നിരവധി തവണ എത്തിയാല്‍ മത്രമേ ആവശ്യങ്ങള്‍ സാധിക്കുന്നുള്ളു. തിരക്കു വര്‍ധിച്ചിട്ടും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

1970-ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള നിയമനമാണ് ഇപ്പോഴും തുടരുന്നത്. അന്നു നഗരസഭയില്‍ 50 വാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 86 ആയി. ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു നഗരസഭയില്‍ അഞ്ചു പഞ്ചായത്തുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇപ്പോഴുള്ള ജീവനക്കാരുടെ ജോലി ഭാരം ഏറും. നഗരസഭയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നു പത്തു വര്‍ഷമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നു നഗരസഭാ അധികൃതര്‍ പറയുന്നു. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ആവശ്യത്തിനു ജീവനക്കാരുള്ളപ്പോഴാണു തലസ്ഥാന നഗരസഭയോട് ഈ അവഗണന. കൊച്ചി കോര്‍പ്പറേഷനില്‍ 72 വാര്‍ഡുകളാണുള്ളത്. ഇവിടെ ഒരു കോര്‍പ്പറേഷന്‍ എഞ്ചിനീയറും, രണ്ട് എക്‌സിക്യൂട്ടിവ് എഞ്ചിനീയറും, ആറു എഎക്‌സ്ഇമാരും, 14 അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുമുണ്ട്.
 
കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരു കോര്‍പ്പറേഷന്‍ എഞ്ചിനീയറും, മൂന്നു എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരും, ഏഴു എഎക്‌സ്ഇ മാരും, ഒമ്പത് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുമുണ്ട്. എന്നാല്‍ തലസ്ഥാന നഗരസഭയില്‍ ഒരു കോര്‍പ്പറേഷന്‍ എഞ്ചിനീയറും, രണ്ടു എക്‌സിക്യൂട്ടിവ് എഞ്ചിനീയറും, മൂന്ന് എഎക്‌സ്ഇമാരും (ഇതില്‍ രണ്ടു പേര്‍ ലോങ് ലീവിലാണ്) ഏഴ് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും മാത്രമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭയാണു തിരുവനന്തപുരം. നഗരവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ഏഴു സോണല്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സോണല്‍ ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടതു നഗരസഭയിലെ എഇമാരാണ്.
 
സോണല്‍ ഓഫിസുകളില്‍ ഓരോ ഫസ്റ്റ്, സെക്കന്‍ഡ് ഗ്രെയ്ഡ് ഓവര്‍സിയര്‍ മാത്രമാണുള്ളത്. ഒരു എ ഇ ഏകദേശം 13 വാര്‍ഡുകളുടെ മേല്‍ നോട്ടം വഹിക്കണം. നഗരസഭയുടെ പദ്ധതികള്‍, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, എന്നിവയുടെ നിര്‍വഹണവും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൗതിക സാഹചര്യമൊരുക്കല്‍, പ്ലാന്‍, ഫണ്ട് ചെലവഴിക്കല്‍, നിരീക്ഷണം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇവരുടെ ചുമതലയാണ്. നഗര വികസന പദ്ധതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു പുറമേവരും. ബില്‍ഡിങ് പെര്‍മിറ്റ്, സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, എസ്റ്റിമേറ്റ് തയാറാക്കല്‍ തുടങ്ങിയവയും എഞ്ചിനീയര്‍മാര്‍ ചെയ്യണം.
 
നിലവില്‍ നഗരസഭയിലെ ഓഫിസുകളില്‍ നിരവധി ഫയലുകള്‍ തീര്‍പ്പു കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ നഗരസഭയില്‍ ജീവനക്കാരെ കൂടുതലായി നിയമിക്കുന്നതിനു സര്‍ക്കാരിനോടാവശ്യപ്പെടാന്‍ പ്രമേയം പാസാക്കിയിരുന്നു. കൂടാതെ ട്രിഡയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ മൂന്നു ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ നഗരസഭയിലെ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഇത്തരം നടപടി കൊണ്ടു കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ടൗണ്‍പ്ലാനിങ് വിഭാഗത്തില്‍ കുറച്ചു ദിവസമായി വിജിലന്‍സ് നടത്തുന്ന അന്വേഷണങ്ങള്‍ക്കു കാരണം തന്നെ ജീവനക്കാരുടെ കുറവാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പറയുന്നു. നഗരസഭയോടു കൂട്ടിച്ചേര്‍ത്ത പുതിയ അഞ്ചു പഞ്ചായത്തുകളില്‍ നിന്ന് 14 വാര്‍ഡുകള്‍ രൂപീകരിച്ചതോടെ നിലവിലുള്ള 86 വാര്‍ഡ് എന്നത് 100 ആയി.
 
ഇതോടെ നഗരവാസികളുടെ എണ്ണവും ആവശ്യങ്ങളും കൂടിയിരിക്കുകയാണ്. നിലവിലുള്ള സ്റ്റാഫ് പാറ്റേണില്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു കഴിയാതെ വരുമെന്നുറപ്പാണ്.
കേന്ദ്രഫണ്ടില്‍ നടത്തിയ വികസനത്തിന്റെ മേനിയില്‍ തിരുവനന്തപുരം വിശാല മെട്രോ കോര്‍പ്പറേഷന്‍ ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം നഗരസഭ ഭരിക്കുന്നത് വനിതാ മേയറായിരിക്കും.
വിഴിഞ്ഞം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന്, ശ്രീകാര്യം എന്നീ അഞ്ചു പഞ്ചായത്തുകളാണ് ഇനി 'കോര്‍പറേഷന്‍ ഏരിയ ആയി മാറുന്നത്. ഈ പഞ്ചായത്തുകള്‍ക്ക് ഇനി കോര്‍പറേഷന്റെ പകിട്ടാണ്.
 
പുതിയ പഞ്ചായത്തുകള്‍ കൂടി വരുന്നതോടെ ജനസംഖ്യയും ഉയരും; അതു പത്തുലക്ഷത്തെ തൊടും. നഗരവിസ്തൃതി 206.84 ചതുരശ്ര കിലോമീറ്ററാകും. ഇപ്പോഴുള്ളതിനെക്കാള്‍ അറുപതു ചതുരശ്ര കിലോമീറ്ററോളം കൂടുന്നു. എല്ലാംകൊണ്ടും ഇനി തിരുവനന്തപുരം മെട്രോ നഗരം തന്നെ. ഇതുവരെ കോര്‍പറേഷനിലെ തിരഞ്ഞെടുപ്പു പോരാട്ടം നടന്നിരുന്നത് 86 വാര്‍ഡുകളിലാണ്. ഇനി അതു സെഞ്ചുറി തികയ്ക്കും. വാര്‍ഡുകള്‍ 100. ജില്ലാ കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന ഇടമാണു കുടപ്പനക്കുന്ന്. നിര്‍ദിഷ്ട രാജ്യാന്തര തുറമുഖ കേന്ദ്രമാണു വിഴിഞ്ഞം. ശ്രീകാര്യവും വട്ടിയൂര്‍ക്കാവും ഇപ്പോള്‍ തന്നെ നഗരത്തിന്റെ ബാക്കിപത്രങ്ങളാണ്. തിരുവനന്തപുരത്തിന്റെ ഐടി ആസ്ഥാനമാണു ടെക്‌നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം.               
    
വനിതാ ശാക്തീകരണം തന്നെയാണ് ഇനി മെട്രോ കോര്‍പറേഷന്‍ കാണാന്‍ പോകുന്നത്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തിന്റെ വനിതാ മേയറായിരുന്നതു സിപിഎമ്മിന്റെ പ്രഫ. ജെ ചന്ദ്രയാണ്. അടുത്ത ഊഴം ആര്‍ക്കെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ ചൂടുള്ള വിവാദമൊരുക്കുന്നു. കൗണ്‍സിലിലും പകുതിയും വനിതകളായിരിക്കും.  നിലവില്‍ 34 പേരാണുള്ളത്. അത് അന്‍പതാകും. രണ്ടു സ്റ്റാന്‍ഡിങ് കമ്മിറ്റി 'പഴ്‌സന്‍' മാത്രമുള്ളയിടത്ത് അവിടെയും പകുതി വനിതകള്‍ പിടിക്കും.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്ന ഏജന്‍സി മാത്രമായി തരംതാണ ഇടതുമുന്നണി ഇക്കുറിയും ഭരണം കൈവശപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ്. ഇതിനായി വാര്‍ഡ് വിഭജനത്തിലും വോട്ടര്‍പ്പട്ടികയിലും ക്രമക്കേടുകള്‍ കാട്ടി. ഇതിനെതിരെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ നിരവധി വസ്തുതകളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏതായാലും കഴിഞ്ഞകാലങ്ങളിലെ ആത്മവിശ്വാസം ഇക്കുറി ഇടതുമുന്നണിക്കില്ല. വികസനകാഴ്ചപ്പാട് പാടേ അട്ടിമറിച്ച നഗരസഭാ ഭരണത്തിന് ശക്തമായ താക്കീത് നല്‍കാന്‍ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് യാഥാര്‍ത്ഥ്യം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls