കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ പെരിയട്ടടുക്കം റിയാസിനെ(32) കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ വെച്ച് ആള്‍ടോ കാറില്‍ സഞ്ചരിക്കവെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി പി വിക്രമിന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റിയാസിനെ പിടികൂടിയത്. റിയാസ് ഉപയോഗിച്ച് വന്ന മൊബെയില്‍ നമ്പറില്‍ നിന്നും ടവര്‍ കണ്ടെത്തിയാണ് കുടുക്കിയത്. റിയാസ് കാസര്‍കോട്ടെത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യസൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ പോലീസ് സംഘം റിയാസിന് വേണ്ടി വലവീഴിയിരുന്നുവത്രെ. ഫോര്‍ട്ട് റോഡിലെ ചെളിനിറഞ്ഞ പാതയിലൂടെ കാറില്‍ പോകുമ്പോള്‍ കാറിന്റെ മുന്‍ഭാഗത്തെ ടയര്‍ ചെളിയില്‍ പൂണ്ട് പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം റിയാസിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ റിയാസ് പോലീസിനെ ആക്രമിച്ചതില്‍ രാജേഷ് എന്ന പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാസിനൊപ്പം തടവുചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
|