|
എം.വി വിനീത
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ 2005ല്‍ വിപ്ലവകരമായ ഒരു മാറ്റം പടികടന്നെത്തുകയായിരുന്നു, യു.പി.എ സര്‍ക്കാര്‍ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുത്തിയതോടെ.
വിവരാവകാശ നിയമത്തിന്റെ കടന്നുവരവോടെ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ സുശക്തമാവുകയായിരുന്നു. അധികാരത്തിന്റെ ഇടനാഴികളിലൂടെ, ഭരണത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് സാധാരണ പൗരന് ചെന്നെത്താനുള്ള വഴി തുറക്കപ്പെടുകയായിരുന്നു അന്നു മുതല്‍.മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും എന്തെങ്കിലും വിവരങ്ങള്‍ അറിയണമെങ്കില്‍ വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളുടെ വരാന്ത കയറിയിറങ്ങിയാലും പ്രയോജനമില്ലായിരുന്നു. എന്നാല്‍ വിവരാവകാശ നിയമത്തിന്റെ ജനനം അത്തരം സങ്കല്‍പങ്ങളെല്ലാം മാറ്റിമറിച്ചു. ജങ്ങള്‍ക്കുവേണ്ടി മാത്രം എഴുതപ്പെട്ട നിയമമായി വിവരാവകാശ നിയമം മാറുകയായിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല. അധികാര രാഷ്ട്രീയത്തിന്റെ മുതലാളിമാര്‍ക്ക് പാദസേവ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദമല്ല ആ നിയമം തയ്യാറാക്കിയത് എന്നതുതന്നെയായിരുന്നു നിയമത്തിലെ സുതാര്യതയ്ക്ക് ഏക കാരണം. ഈ നിയമത്തിന്റെ കരട് തയ്യാറാക്കപ്പെട്ടത്് അരുണാ റോയ്, അരവിന്ദ് കജ്‌രിവാള്‍ എന്നിവരെപ്പോലുള്ള യഥാര്‍ത്ഥ മനുഷ്യസ്നേഹികളാലായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി അവര്‍ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ക്കോയ്മ വഴിമാറേണ്ടിവരികയായിരുന്നു. വെറുതെയൊരു നിയമം രൂപീകരിച്ച് സ്വൈര്യമായിരിക്കുകയായിരുന്നില്ല അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍. ആ നിയമത്തിന്റെ പരിപാലനത്തിനായി എല്ലാ സംസ്ഥാനങ്ങളിലും ഓടിനടക്കുകയായിരുന്നു. നിയമത്തിന്റെ കഴുത്തറക്കാന്‍ തയ്യാറായിവന്ന അധികാരി വര്‍ഗ്ഗത്തിന് മുമ്പില്‍ ശക്തമായ പ്രതിരോധവുമായി നില്‍ക്കുകയായിരുന്നു. 2006ല്‍ ലോകം മാഗ്സസെ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്നും വിവരാവകാശ നിയമത്തിന്റെ കാവല്‍ക്കാരനായി അരവിന്ദ് കെജ്‌രിവാള്‍ നമുക്കൊപ്പമുണ്ട്. കേരളത്തിലെ വിവരാവകാശനിയമപ്രവര്‍ത്തകരുടെ പൊതുവേദി രൂപീകരിക്കാനായി കഴിഞ്ഞയാഴ്ച്ച അദ്ദേഹം കൊച്ചിയിലെത്തിയിരുന്നു. വിവരാവകാശ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിനായുള്ള പോരാട്ടങ്ങളെപ്പറ്റിയും കെജ്‌രിവാള്‍ സംസാരിക്കുന്നു. പരക്കെ അംഗീകരിക്കപ്പെട്ട വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതിന് എന്തായിരിക്കും കാരണം? വിവരാവകാശ നിയമം സ്വാതന്ത്യാനന്തര ഇന്ത്യയിലെ ഏറ്റവും സുശക്തവും സുതാര്യവുമായ നിയമമാണെന്ന വസ്തുത നമ്മുടെ രാജ്യത്തെ എല്ലാവിഭാഗം ആളുകളും അംഗീകരിക്കുന്നുണ്ട്. ഈ നിയമം നടപ്പാക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ തങ്ങളെ ഒഴിവാക്കണമെന്നാണ് രാജ്യത്തെ പല പ്രധാനപ്പെട്ട ഓഫീസുകളുടെയും ആവശ്യം. നിയമം നടപ്പിലാവുമ്പോള്‍ അവരുടെ ഓഫീസിനെയും ബാധിക്കുമെന്നവര്‍ കരുതിയില്ല. പക്ഷേ തങ്ങളെയും ബാധിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചുതുടങ്ങി. പക്ഷേ സാധാരണക്കാര്‍ അതിനെ അംഗീകരിച്ചില്ല. നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം നിയമത്തെ കൊല്ലുന്നതിന് തുല്യമാണ്. അതിന് അനുവദിച്ചുകൂടാ.
അധികാരം ഉപേക്ഷിക്കാന്‍, അല്ലെങ്കില്‍ മറ്റൊരാളുമായി അധികാരം പങ്കിടാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് നിയമത്തിനെതിരായ നീക്കങ്ങള്‍. 2005ല്‍ നിലവില്‍ വന്ന നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ 2006 ശ്രമങ്ങള്‍ നടന്നു. പക്ഷേ എതിര്‍പ്പുകളെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി വീണ്ടും അതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ഒരു പരാതിക്കാരനായി ഹൈക്കോടതിയിലെത്തുന്ന സാഹചര്യമുണ്ടായി.
ചാന്ദ്നീചൗക്കിലെ ഒരു പാവപ്പെട്ട കച്ചവടക്കാരനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വത്ത് വെളിപ്പെടുത്തണമെന്ന് വിവരാവകാശനിയമത്തിലൂടെ അപേക്ഷിച്ചതിനെ തുടര്‍ന്നാണ് വിവരാവകാശ നിയമം സുപ്രീംകോടതിയുടെയും കണ്ണിലെ കരടാവുന്നത്. ഈ നിയമത്തിനെതിരായ ആദ്യ എതിര്‍പ്പ് വരുന്നതു തന്നെ അന്നത്തെ രാഷ്ട്രപതിയുടെ ഓഫീസില്‍ ന്നുമായിരുന്നു. അന്ന് രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓഫീസാണ് നിയമത്തിന്റെ പരിധിയില്‍ നിന്നും രാഷ്ട്രപതിയുടെ ഓഫീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങളെ ഏറ്റവുമധികം എതിര്‍ക്കുന്നത്. ഈ നിയമത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് അവര്‍ വളരെയേറെ ബോധവതിയാണെന്നത് വിവരാവകാശ നിയമ പ്രവര്‍ത്തകര്‍ക്ക് സന്തോഷിക്കാനും, ആശ്വസിക്കാനും വക നല്‍കുന്നുണ്ട്.
എന്തുകൊണ്ടാണ് നിയമഭേദഗതിയെ താങ്കള്‍ എതിര്‍ക്കുന്നത്? നിയമത്തെ ശക്തിപ്പെടുത്താനാവണം ഏതൊരു നിയമത്തിലും ഭേദഗതി വരുത്തേണ്ടത്. പക്ഷേ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളാണ് ഇവിടെ നടക്കുന്നത്. ഒരു ഡസന്‍ ഭേദഗതികളാണ് നിയമത്തില്‍ വരുത്തുമെന്ന് പറയുന്നത്. അവര്‍ പറയുന്ന ഭേദഗതികളെല്ലാം തന്നെ വിവരാവകാശ നിയമംകൊണ്ട് എന്ത് ഉദ്ദേശിച്ചോ അതിനെ ഇല്ലായ്മ ചെയ്യുന്നതാണ്. ഉദാഹരണമായി, ഒരു ഭേദഗതി ഒരാള്‍ നല്‍കുന്ന അപേക്ഷ സ്വീകരിക്കണോ നിരസിക്കണോ എന്ന് തീരുമാനിക്കാനുള്ള അധികാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് എന്നുള്ളതാണ്. ഒരാള്‍ നല്‍കുന്ന പരാതിയുടെ പ്രാധാന്യം നിശ്ചയിക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ ഓഫീസറല്ല. ഫയല്‍ കുറിപ്പുകള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതാണ് മറ്റൊരു ഭേദഗതി. ഇതോടെ ഏതെങ്കിലും പ്രധാനപ്പെട്ട ഒരു ഫയലില്‍ ബന്ധപ്പെട്ട ഓഫീസര്‍ രേഖപ്പെടുത്തിയ അഭിപ്രായം വിവരാവകാശ അപേക്ഷയിലൂടെ ലഭ്യമല്ലാതാവും. ഇത് നിയമത്തിന്റെ അന്തഃസത്ത ഇല്ലാതാക്കും.
കേരളത്തിലെ വിവരാവകാശനിയമത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്? കേരളത്തിലുള്ളവര്‍ വിവരാവകാശനിയമത്തിന്റെ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരും ബോധവതികളുമാണ്. അവര്‍ അതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ നിയമം നടപ്പാക്കുന്നതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുന്നു. പലരെയും സംരക്ഷിക്കാനുള്ള വ്യഗ്രതയാവാം ഇതിനു പ്രധാന കാരണം. ഇതിനു മാറ്റം വരേണ്ടതുണ്ട്. അരുണാചല്‍ പ്രദേശാണ് വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. അവിടെയുള്ള ഉദ്യോഗസ്ഥര്‍ നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നതാണ് അതിന് കാരണം.
വിവരാവകാശനിയമം താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ്? ജനാധിപത്യത്തെ പുനഃസ്ഥാപിക്കലാണ് വിവരാവകാശനിയമം. നമ്മുടെ രാജ്യത്തെ ജനാധിപത്യം ഒരു തിരഞ്ഞെടുപ്പ് മുതല്‍ മറ്റൊരു തിരഞ്ഞെടുപ്പുവരെ പരിമിതപ്പെട്ടിരിക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങളെയെല്ലാം നശിപ്പിച്ചിരിക്കുകയാണ്. വിശ്വസിക്കാവുന്ന ഒരു പ്രസ്ഥാനവും നമുക്കില്ലാതായിരിക്കുന്നു. അധികാരം ജനങ്ങളിലെത്തിക്കുകയാണ് ഇവ പുനരുദ്ധരിക്കാനുള്ള ഏകമാര്‍ഗ്ഗം. നിലനില്‍ക്കുന്ന ഈ ദുഷ്‌വ്യവസ്ഥിതി ഒരിക്കലും മാറില്ലെന്നാണ് ജനങ്ങളുടെ വിശ്വാസം. ആ ചിന്തയ്ക്ക് മാറ്റം വരണം. മാറ്റത്തിന്റേതായ ഒരു സന്ദേശമാണ് വിവരാവകാശനിയമം നല്‍കുന്നത്. ഇത് ശരിയായവിധത്തില്‍ നടപ്പിലാക്കപ്പെടണം. ഗ്രാമങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്ക് ഈ ആശയം വ്യാപിക്കേണ്ടതുണ്ട്.
ഒരു ഐഐടി ഗ്രാജുവേറ്റായിരുന്ന താങ്കള്‍ പിന്നീട് ഇന്ത്യന്‍ റവന്യു സര്‍വ്വീസിലെത്തി. അവിടെനിന്ന് എങ്ങനെയാണ് ഇത്തരമൊരു പ്രസ്ഥാനത്തിലേക്ക് എത്തിപ്പെടുന്നത്? ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നില്ല അത്. ഏഴുവര്‍ഷത്തിലേറെ നീണ്ട കണക്കുകൂട്ടലുകള്‍ക്ക് ഒടുവിലാണ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്. എന്റെ ജോലിയില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല എന്നല്ല അതിനര്‍ത്ഥം. സര്‍ക്കാര്‍ തലത്തില്‍ നടന്നിരുന്ന അഴിമതി എന്നെ വളരെയേറെ അസ്വസ്ഥനാക്കിയിരുന്നു. ഒരു സര്‍ക്കാര്‍ ഓഫീസില്‍ എന്തെങ്കിലും കാര്യം നടക്കാനായി എത്തുന്ന ഒരുവന്‍ കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. ഉദ്യോഗസ്ഥവൃന്ദം തന്നെയാണ് കൈക്കൂലി എന്ന സംവിധാനം സൃഷ്ടിച്ചത്. ആവശ്യം നടപ്പാക്കപ്പെടുന്നതിനുമുമ്പായി ഓരോ ഘട്ടത്തിലും ഒരാള്‍ ഓരോരുത്തര്‍ക്കായി കൈക്കൂലി നല്‍കേണ്ടിവരുന്നു. ഇന്‍കം ടാക്സ് വകുപ്പിലെ ഡപ്യൂട്ടി കമ്മീഷണര്‍ എന്ന നിലയ്ക്ക് എനിക്ക് മുമ്പിലെത്തിയിരുന്ന ഫയലുകളില്‍ മൂന്നാമതൊരാളെ ഇടപെടുത്താന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കാന്‍ പരിവര്‍ത്തന്‍ എന്ന പ്രസ്ഥാനം ഞങ്ങള്‍ തുടങ്ങി. അതിനിടയില്‍ 2001 ലാണ് ഡല്‍ഹിയില്‍ വിവരാവകാശനിയമം നടപ്പിലാകുന്നത്. തുടര്‍ന്ന് വളരെ പതുക്കെയാണ് ഞാന്‍ വിവരാവകാശനിയമ പ്രവര്‍ത്തകനാകുന്നത്.
വിവരാവകാശനിയമത്തിലൂടെ താങ്കള്‍ക്ക് ഏറ്റവും സംതൃപ്തി നല്‍കിയ വിവരം എന്താണ്? ഡല്‍ഹിയിലെ ജലവിതരണസംവിധാനം സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തെ എതിര്‍ക്കാനായതാണ് ഏറ്റവുമധികം സംതൃപ്തി നല്‍കുന്നത്. ജലവിതരണസംവിധാനം സ്വകാര്യവത്ക്കരിക്കുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കും. ജലം കൂടുതല്‍ ചിലവേറിയ ഒരു ഉല്‍പന്നമായി ഡല്‍ഹിയില്‍ മാറുമായിരുന്നു. വിവരാവകാശനിയമത്തിലൂടെ ജലം വില്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് അറിയാന്‍ സാധിക്കുകയും അത് യഥാസമയം തടയുവാനും സാധിച്ചു എന്നത് നിസാരകാര്യമല്ല.
മാഗ്സസെ പുരസ്കാരത്തെക്കുറിച്ച്? ഇന്ത്യയിലെ വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരമാണ് എനിക്ക് ലഭിച്ച മാഗ്സസെ പുരസ്കാരം. പുരസ്കാരം മുന്നോട്ടുള്ള വഴികളില്‍ ഊര്‍ജ്ജം പകരുന്നുണ്ട്.
ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച്? വിവരാവകാശനിയമത്തിന്റെ സന്ദേശം രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും എത്തിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നിയമത്തിന്റെ ഗുണഫലം സാധാരണക്കാരന് പ്രാപ്യമാകുകയുള്ളൂ. ഓരോ ഗ്രാമത്തിലും അതിനായുള്ള പ്രചരണങ്ങള്‍ നടത്താനാണ് സ്വരാജ് കാമ്പയിന്‍ എന്ന പ്രചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ചെറിയ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവര്‍ ഗ്രാമങ്ങളില്‍ ചെന്ന് നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിയമത്തെ കുടുതല്‍ ശാക്തീകരിക്കുകയാണ്‍് ലക്ഷ്യം. ഒപ്പം നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയും വേണം. നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിനെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ രൂപപ്പെടുത്തണം. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. |