|
മദര്‍ അന്റോണിയറ്റ സാല അന്തരിച്ചു |
|
കണ്ണൂര്‍: ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് മുന്‍ മദര്‍ സുപ്പീരിയര്‍ ആതുര സേവനത്തിന് ജീവിതം സമര്‍പ്പിച്ച മദര്‍ അന്റോണിയറ്റ സാല (96) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന് ചെറുകുന്ന് സേക്രട്ട് ഹാര്‍ട്ട് പള്ളി സെമിത്തേരിയില്‍.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. 1914 ആഗസ്റ്റ് 9 ന് ഫിഡല്‍ സാല-ലോറ ദമ്പതികളില്‍ 14 മക്കളില്‍ ആറാമത്തെ ആളായാണ് മദര്‍ സാല ജനിച്ചത്. ചെറുപത്തിലെ മിഷിനറി ആകാന്‍ കൊതിച്ച് ജ്യേഷ്ഠ സഹോദരിയുടെ പാത പിന്തുടര്‍ന്ന് 1935 ല്‍ കനോഷില്‍ സന്യാസ സഭയില്‍ ചേര്‍ന്നു. ഇറ്റലിയിലെ ആസ്മേട്ട് ടൗണില്‍ മിലാന്‍ പ്രൊവിന്‍സിലാണ് മദര്‍ സാലയുടെ കുടുംബം. കുഷ്ഠരോഗികളെ ചികിത്സിക്കാന്‍ എന്നും മുന്‍പന്തിയിലായിരുന്നു മദര്‍ സാല. സ്പെയിന്‍ സര്‍വകലാശാലയില്‍ കുഷ്ഠ രോഗ ചികിത്സയ്ക്ക് ബിരുദമെടുത്തശേഷമാണ് 1960 നവംബര്‍ 14 നാണ് ചെറുകുന്നില്‍ നിയോഗിക്കപ്പെട്ടത്. ചിറക്കല്‍ മിഷന്റെ സ്ഥാപകന്‍ ഫാ.പീറ്റര്‍ കയ്‌റോണിയുമായി ചേര്‍ന്നാണ് ചെറുകുന്നിലെ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ഡിസ്പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തിയത് മദറിന്റെ അക്ഷീണ പ്രയത്ന ഫലമായിരുന്നു. സ്കൂളും നേഴ്സിംഗ് സ്കൂളും നേഴ്സിംഗ് കോളേജും ഒക്കെ സ്ഥാപിച്ച അവര്‍ നിരവധി പേര്‍ക്ക് വീടും തൊഴിലും നല്‍കി. നിരവധി ബഹുമതികള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. ആതുര സേവന രംഗത്തെ മികച്ച സേവനം കണക്കിലെടുത്ത് ഇറ്റാലിയന്‍ ഭരണ കൂടം ഷെവലിയര്‍ പദവി നല്‍കി ആദരിച്ചിരുന്നു. മാര്‍പാപ്പയില്‍ നിന്ന് ബേനെ മെരേന്തി, 2004 ല്‍ പി എം കുഞ്ഞിരാമന്‍ സ്മരാക അവാര്‍ഡ്, ചെറുകുന്ന് പൗരാവലിയുടെ പ്രശസ്തി പത്രം, കണ്ണൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ശ്രേഷ്ഠ പൗരന്‍ എന്നീ അവാര്‍ഡുകള്‍ അവയില്‍ ചിലതാണ്. മദറിനെ കുറിച്ച് ദി ഹാന്റ്സ് ഓഫ് മദര്‍ ഒരു ഡോക്യുമെന്ററിയും നിര്‍മ്മിച്ചിട്ടുണ്ട്. |