|
ഇരട്ടസ്ഫോടനം: കെ എസ് ആര്‍ ടി സിയില്‍ ബോംബുവെച്ചെന്ന് ഷഫാസിന്റെ മൊഴി |
|
കോഴിക്കോട്: നഗരത്തിലെ ഇരട്ടസ്ഫോടനത്തിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ ബോംബ് വെച്ചതില്‍ തനിക്ക് പങ്കുണ്ടെന്ന് സ്ഫോടനക്കേസിലെ നാലാംപ്രതി കണ്ണൂര്‍ തയ്യില്‍ ഷഫ്നാസില്‍ ഷഫാസിന്റെ മൊഴി.
എന്നാല്‍ മൊഫ്യൂസല്‍ ബസ്്സ്റ്റാന്റില്‍ താന്‍ പോയിട്ടില്ല. ഇരട്ടസ്ഫോടന കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ തെളിവെടുപ്പിലാണ് ഷഫാസിന്റെ കുറ്റസമ്മതം. ഇരട്ടസ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ താന്‍ പങ്കാളിയായിരുന്നു. സ്ഫോടനത്തിനായി കണ്ണൂരില്‍ ബോംബുണ്ടാക്കുമ്പോഴും അത് കോഴിക്കോട്ട് കൊണ്ടുവരുമ്പോഴും തടിയന്റവിട നസീറിന്റെ സംഘത്തില്‍ താനുണ്ടായിരുന്നു. മര്‍ക്കസ് പള്ളിപരിസരത്ത് ഒത്തുകൂടിയാണ് രണ്ട് ബസ്്സ്റ്റാന്റുകളിലേക്ക് പോകാന്‍ തീരുമാനിച്ചത്. മൊഫ്യൂസല്‍ ബസ്് സ്റ്റാന്റിലേക്ക് ഒരുസംഘം പോയപ്പോള്‍ താന്‍ കെ എസ് ആര്‍ ടി സിയില്‍ ബോംബ് വെക്കാനുള്ള സംഘത്തിലായിരുന്നുവെന്ന് ഷഫാസ് വെളിപ്പെടുത്തിയതായാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ സൂചിപ്പിച്ചു. എന്‍ ഐ എ സംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് രണ്ട് ദിവസമായി നടന്നുവരുന്ന ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. സ്ഫോടനം നടന്ന കെ എസ് ആര്‍ടി സി സ്റ്റാന്റിലും മര്‍ക്കസ് പള്ളിപരിസരത്തും പട്ടാളം പള്ളിപരിസരത്തും ഷഫാസിനെ കൊണ്ടുപോയി ഇന്നലെ അന്വേഷണസംഘം തെളിവെടുത്തു. 2008 ഒക്ടോബര്‍ ഏഴിന് അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തതടക്കം നിരവധി യുവാക്കളെ തീവ്രവാദക്യാംപുകളിലെത്തിക്കുന്നതില്‍ ഷഫാസിന് നിര്‍ണായക പങ്കുള്ളതായും എന്‍ ഐ എ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. |