സര്‍ക്കാരിന്റെ ജനവിരുദ്ധ ഉത്തരവ്‌; നിര്‍മാണരംഗം സ്തംഭിക്കുന്നു

Image* ഏത്‌ നിര്‍മാണത്തിനും അയല്‍ക്കാരന്റെ അനുമതി വേണം
* ഫ്ലാറ്റുകള്‍ക്ക്‌ വിലയേറും - വന്‍കിടക്കാരെ സഹായിക്കാനെന്ന്‌ വിമര്‍ശനം
* സംസ്ഥാനത്തെ തൊഴില്‍ മേഖലയ്ക്ക്‌ തിരിച്ചടി

 

പി. സുജാതന്‍
കൊച്ചി:
തദ്ദേശ സ്വയംഭരണ വകുപ്പ്‌ ഈയിടെ പ്രാബല്യത്തില്‍ കൊണ്ടുവന്ന കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ നിര്‍മാണരംഗത്തെ ഗുരുതരമായി തളര്‍ത്തിത്തുടങ്ങി. സാധാരണക്കാരന്റെ ഭവനസ്വപ്നത്തെയും നിര്‍മാണരംഗം വഴി മെച്ചപ്പെടേണ്ട അനുബന്ധ വികസനത്തെയും ഇത്‌ സാരമായി ബാധിക്കുമെന്നാണ്‌ പ്രായോഗികമതികള്‍ വിലയിരുത്തുന്നത്‌. ദേശീയ പാതയോരത്ത്‌ മാത്രം വന്‍കിട നിര്‍മാണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയും ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണക്കാരെ കഷ്ടപ്പെടുത്തിയും പുതിയ ചട്ടങ്ങളുണ്ടാക്കിയാണ്‌ കഴിഞ്ഞ ജനുവരി പത്തൊമ്പതാം തീയതി ജനവിരുദ്ധമായ "കേരളാ മുന്‍സിപ്പല്‍ ബില്‍ഡിംഗ്‌ റൂള്‍സ്‌ ജി.ഒ (എം.എസ്‌) നം. 249/2009/എല്‍.എസ്‌.ഡി തീയതി: 16 ഡിസംബര്‍ 2009" എന്ന ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഈ ഉത്തരവിലെ വ്യവസ്ഥകള്‍ ഓരോന്നും ചെറുകിട, ഇടത്തരം നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും സാധാരണക്കാരുടെ ഭവനനിര്‍മാണ പരിപാടികള്‍ അനേകം നൂലാമാലകളില്‍ കുരുക്കി തടസപ്പെടുത്തുന്നതുമാണെന്ന്‌ അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടു തുടങ്ങി.

 

പുതിയ ചട്ടപ്രകാരം ഒരാള്‍ സ്വന്തം പറമ്പില്‍ വീടോ മറ്റേതെങ്കിലും കെട്ടിടമോ പണിയുന്നതിന്‌ മുമ്പ്‌ ചുറ്റും താമസിക്കുന്ന തൊട്ടടുത്ത അയല്‍വാസികളായ മൂന്നുപേരുടെ രേഖാമൂലമായ സമ്മതം വാങ്ങിയിരിക്കണം. മതില്‍ നിര്‍മിക്കുന്നതിനും കിണര്‍ കുഴിക്കുന്നതിനും സെപ്റ്റിക്‌ ടാങ്ക്‌ പണിയുന്നതിനുപോലും ഈ അനുമതി ആവശ്യമുണ്ട്‌. വിശാലമായ പറമ്പില്‍ ഏതുതരം നിര്‍മാണം നടത്താനും അയല്‍ പുരയിടക്കാരന്റെ മുന്‍കൂര്‍ അനുമതി വാങ്ങി ചീഫ്‌ ടൗണ്‍ പ്ലാനര്‍ക്ക്‌ സമര്‍പ്പിക്കണം. കെട്ടിടങ്ങളുടെ ഉയരത്തിനനുസരിച്ച്‌ ഏഴ്‌, പന്ത്രണ്ട്‌, പതിനഞ്ച്‌ മീറ്റര്‍ വീതിയില്‍ ചുറ്റും റോഡ്‌ ഉണ്ടാകണം. കെട്ടിടം സ്ഥാപനങ്ങള്‍ക്കുവേണ്ടിയായാല്‍ മൊത്തം വിസ്തീര്‍ണത്തിന്റെ മുപ്പതു ശതമാനം പ്രദേശം പാര്‍ക്കിങ്ങിനായി നീക്കിവെക്കണം. ഇത്തരം ചട്ടങ്ങള്‍ മനുഷ്യവിരുദ്ധവും മൗലിക അവകാശ ധ്വംസനവുമാണെന്ന്‌ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമി ലഭ്യത നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന കേരളത്തില്‍ ഫ്ലാറ്റുകളുടെ വിലയില്‍ ചതുരശ്ര അടിക്ക്‌ 800 രൂപവരെ വര്‍ധിക്കാന്‍ ഈ വ്യവസ്ഥ ഇടയാക്കുമെന്ന്‌ പ്രമുഖ നിര്‍മാതാക്കള്‍ കണക്കുകൂട്ടുന്നു. അടുത്തടുത്ത്‌ വീടുകള്‍ തിങ്ങിനിറഞ്ഞ കേരളത്തില്‍ അയല്‍ക്കാരന്റെ സമ്മതത്തോടുകൂടി മാത്രമേ കിണര്‍ കുഴിക്കാനാകൂ എന്ന വ്യവസ്ഥ സാമൂഹിക ജീവിതരംഗത്ത്‌ സംഘര്‍ഷത്തിന്‌ വഴിയൊരുക്കുമെന്നും കരുതപ്പെടുന്നു.


സംസ്ഥാന ബജറ്റില്‍ നിര്‍മാണ മേഖലയില്‍ വരുംകൊല്ലം 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ധനമന്ത്രി തന്റെ സര്‍ക്കാരില്‍ നിന്ന്‌ എല്ലാ നിര്‍മാണങ്ങളെയും തടസ്സപ്പെടുത്തുന്ന ഇത്തരമൊരു ഉത്തരവ്‌ പുറത്തുവന്ന കാര്യം അറിഞ്ഞതായി തോന്നുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍.ആര്‍.ഐ നിക്ഷേപം നടക്കുന്നത്‌ നിര്‍മാണരംഗത്താണ്‌. പൊതുവികസനത്തിനുള്ള അനുബന്ധ പ്രവര്‍ത്തനമായിട്ടാണ്‌ നിര്‍മാണരംഗത്തെ സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ കാണുന്നത്‌. അവിടെ ചുവപ്പുനാട വഴിയുണ്ടാകാവുന്ന തടസ്സങ്ങള്‍ ഒഴിവാക്കി പരമാവധി പ്രോത്സാഹനവും സഹായ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ട സര്‍ക്കാര്‍ കാര്യങ്ങളെ സങ്കീര്‍ണമാക്കിയിരിക്കുകയാണ്‌. സംസ്ഥാനത്തെ ഏത്‌ നിര്‍മാണജോലിക്കും ഇനി ചീഫ്‌ ടൗണ്‍ പ്ലാനറുടെ അനുമതി വേണമെന്ന്‌ അനുശാസിക്കുന്നുണ്ട്‌. കാസര്‍കോട്‌ മുതല്‍ പാറശാലവരെയുള്ള സാധാരണക്കാര്‍ വീട്‌ പണിയാന്‍ അപേക്ഷകളും രേഖകളുമായി തിരുവനന്തപുരത്ത്‌ ചീഫ്‌ ടൗണ്‍ പ്ലാനറുടെ ഓഫീസ്‌ പടിക്കല്‍ കാത്തുകിടക്കേണ്ടിവരും.


അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണസൗകര്യങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കെട്ടിട നിര്‍മാണ അനുമതിക്കുള്ള അധികാരം തലസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനില്‍ കേന്ദ്രീകരിക്കുന്നത്‌ തികച്ചും ജനവിരുദ്ധമാണ്‌. കേരളത്തില്‍ 14 പൊലീസ്‌ ഐ.ജിമാര്‍ ഉണ്ടെങ്കിലും ചീഫ്‌ ടൗണ്‍ പ്ലാനര്‍ ഒന്നേയുള്ളൂ എന്ന കാര്യം മറന്നുകൂടാ. യാതൊരു വീണ്ടുവിചാരവുമില്ലാതെ ജനങ്ങളെ പരമാവധി വലയ്ക്കാനും മികച്ച ഒരു സാമ്പത്തിക വിനിമയ മേഖലയും തൊഴില്‍രംഗവുമായ നിര്‍മാണ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനോ അധികാര വികേന്ദ്രീകരണത്തിലൂടെ വന്‍ അഴിമതിയുടെ വാതില്‍ തുറക്കാനോ ജനവിരുദ്ധരായ ഗൂഢമായുണ്ടാക്കിയതാണ്‌ ഈ ഉത്തരവെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls