|
തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്‍മാറി. ഇന്നലെ ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്മാറ്റം.
ചാര്‍ജ് വര്‍ദ്ധനവുള്‍പ്പെടെ സ്വകാര്യ ബസ് മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്നതിനായി സ്ഥിരം സമിതിയെ നിയോഗിക്കാമെന്ന് സമരക്കാര്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. സ്വകാര്യ ബസ് മേഖലയെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനം സമിതി നടത്തും. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധനയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബസുടമകള്‍ക്ക് ഈ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കാമെന്ന് യോഗത്തിന് ശേഷം മന്ത്രി ജോസ് തെറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫെയര്‍ സ്റ്റേജിലെ അപാകതയടക്കമുള്ള പ്രശ്നങ്ങള്‍ സമിതി പഠിക്കും. എന്നാല്‍ സമിതി എന്ന് നിലവില്‍ വരുമെന്ന് പറയാന്‍ മന്ത്രി തയ്യാറായില്ല.സമയബന്ധിതമായി സമിതി നിലവില്‍ വരുമെന്ന് സംയുക്ത സമരസമിതി പ്രതിനിധികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. |