| ഇന്ത്യാ ചരിത്രത്തിന്‌ഒരു തിലകക്കുറി |
|
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ണായക വഴിത്തിരിവാകാന്‍ പോകുന്ന ഭരണഘടനാ ഭേദഗതിയും നിയമവുമായിരിക്കും ഇതെന്ന് വ്യക്തമാണ്. ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ ഗൃഹപരിസരത്ത് തളച്ചിടപ്പെടേണ്ടവരല്ലെന്ന യാഥാര്‍ത്ഥ്യം നിയമം മൂലം വ്യവസ്ഥ ചെയ്യുന്നതോടൊപ്പം രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തം പ്രയോഗതലത്തില്‍ ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. സ്ത്രീയും പുരുഷനും സമന്‍മാരാണെന്ന് അവകാശപ്പെടുമ്പോഴും ഭരണഘടന ഉറപ്പാക്കുന്ന ആ സമത്വം നിത്യജീവിതാനുഭവങ്ങളില്‍ പ്രതിഫലിക്കാറില്ല. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയുന്നതുപോലെ സമത്വത്തെക്കുറിച്ചുള്ള സങ്കല്‍പവും ഒരു ആദര്‍ശമായി ഭരണഘടനയുടെ മുഖവുരയില്‍ നിര്‍ജീവമായി കിടക്കുകയാണ്. തുല്യനീതി ഉറപ്പാക്കണമെങ്കില്‍ ഭരണത്തിന്റെ എല്ലാ തലങ്ങളിലും തുല്യമായ പ്രാതിനിധ്യം അനുപേക്ഷണീയമാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഭരണത്തിന്റെ നാനാതലങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നവര്‍ സാമൂഹികമായി പിന്തള്ളപ്പെട്ടുപോവുകയും കാലക്രമത്തില്‍ ദുര്‍ബലരും ആശ്രിതരുമായി ജീവിക്കേണ്ടിവരികയും ചെയ്യുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭരണഘടനാ ശില്‍പികളെ ഈ അവസ്ഥ വേദനിപ്പിച്ചു.
ബുദ്ധിശാലികളായ രാഷ്ട്രതന്ത്രജ്ഞര്‍ ജാതീയമായും ലിംഗപരമായും വിവേചനം നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് താങ്ങും തണലും നല്‍കാന്‍ ഭരണത്തില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അനുശാസിക്കുകയുണ്ടായി. അങ്ങനെയാണ് സംവരണം എന്ന ആശയം തന്നെ ഉടലെടുത്തത്.
വിദ്യാഭ്യാസത്തിനും ആത്മവികാസത്തിനും ആധുനികലോകം ധാരാളം അവസരങ്ങള്‍ തുറന്നുവെയ്ക്കുമ്പോഴും സ്ത്രീകള്‍ക്ക് അവ പ്രയോജനപ്പെടുത്താന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ല. എങ്കിലും പടിപടിയായി സ്ഥിതിഗതികള്‍ മാറിവരികയാണ്. നഗരപ്രദേശങ്ങളിലും കേരളം പോലെ സാമൂഹിക നവോത്ഥാനം സംഭവിച്ച ചുരുക്കം പ്രദേശങ്ങളിലും സ്ത്രീകളുടെ പൊതുസ്ഥിതി ഭേദമാണെങ്കിലും ദേശീയതലത്തില്‍ അവരുടെ ജീവിതാവസ്ഥ ഇപ്പോഴും പരിതാപകരമാണ്. ഈ അവസ്ഥയ്ക്ക് സമൂലമാറ്റമുണ്ടാകണമെങ്കില്‍ ഭരണരംഗങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിക്കണം. ആരുടെയെങ്കിലും ഔദാര്യം കൊണ്ട് നേടേണ്ടതല്ല അത്. നിയമപരമായ ഒരു അവകാശമായി ഭരണപങ്കാളിത്തം സ്ഥാപിച്ചെടുക്കണം. അതേക്കുറിച്ച് മനുഷ്യത്വപരമായും പുരോഗമനപരമായും ചിന്തിച്ചവരാണ് സ്ത്രീ സംവരണ നിയമ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. തത്വത്തില്‍ എല്ലാവരും സ്ത്രീ സംവരണത്തെ പൊതുവേദിയില്‍ അംഗീകരിച്ചപ്പോഴും കൈവശമുള്ള അധികാരം കൈവിട്ടുപോകുമെന്ന ഭയത്താല്‍ രഹസ്യമായി പലരും അതിനെ തകിടം മറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1996 സെപ്തംബര്‍ പന്ത്രണ്ടാം തീയതിയാണ് സ്ത്രീകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ 33 ശതമാനം സംവരണം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്‍ ആദ്യമായി പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നത്.
സഭയില്‍ കേവലഭൂരിപക്ഷം പോലുമില്ലാതെ തട്ടിക്കൂട്ടിയ ഒരു മുന്നണി ഭരണകൂടത്തിന് നിര്‍ണായകമായ ഒരു ഭരണഘടനാ ഭേദഗതി ആവശ്യമുള്ള നിയമനിര്‍മാണത്തിന് കെല്‍പ്പില്ലായിരുന്നു. അന്ന് പരാജയപ്പെട്ട സ്ത്രീ സംവരണബില്‍ ഇക്കാലത്തിനിടയില്‍ മാറിമാറി വന്ന കേന്ദ്ര ഭരണകൂടങ്ങള്‍ ഏഴുതവണ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാന്‍ വിഫലശ്രമം നടത്തി. പരാജയപ്പെട്ട് ഉപേക്ഷിക്കേണ്ടിവരുമായിരുന്ന ഒരു യുദ്ധം തന്ത്രപൂര്‍വം നീട്ടിക്കൊണ്ടുപോയത് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതോടെയാണ്. ജീവിന്‍ തിരിച്ചുകിട്ടിയ സ്ത്രീ സംവരണബില്‍ നിയമമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിജ്ഞാബദ്ധമായി. അധികാരത്തില്‍ തിരിച്ചുവന്നാല്‍ സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ സംവരണം ഉറപ്പാക്കുമെന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം പാലിക്കാനുള്ള അണിയറ ശ്രമത്തിലായിരുന്നു കഴിഞ്ഞ എട്ടുമാസമായി കേന്ദ്രഭരണകൂടം. എതിര്‍പ്പുകള്‍ പരമാവധി കുറച്ച് കഴിഞ്ഞദിവസം (മാര്‍ച്ച് എട്ട്) നിയമ മന്ത്രി ബില്‍ രാജ്യസഭയില്‍ അംഗീകാരത്തിന് അവതരിപ്പിച്ചപ്പോള്‍ അരങ്ങേറിയ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനം ഉണ്ടാക്കി.
അന്താരാഷ്ട്ര വനിതാദിനത്തില്‍ ചരിത്രപ്രധാനമായ ബില്‍ പാസാക്കാന്‍ അതിനാല്‍ രാജ്യസഭയ്ക്ക് കഴിയാതെവന്നു. ഒരുദിവസം വൈകിയെങ്കിലും ഇപ്പോള്‍ ബില്ലിന് ഉപരിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. സ്ത്രീ സംവരണം നിയമമാകുന്നതോടെ നമ്മുടെ രാജ്യത്തെ സാമൂഹിക ജീവിതരംഗങ്ങളിലും രാഷ്ട്രീയ മണ്ഡലത്തിലും സംഭവിക്കാന്‍ പോകുന്ന പരിവര്‍ത്തനം വളരെ വലുതാണ്. സമത്വം എന്ന മഹനീയആശയം വിദൂരത്താണെന്ന തോന്നല്‍ അകലുന്നു. സ്വാതന്ത്ര്യം ക്രിയാത്മകവും അര്‍ത്ഥവത്തുമായിത്തീരുന്നു. ജനാധിപത്യവ്യവസ്ഥയുടെ വലിയ വിജയങ്ങളിലൊന്നാണിത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

സ്ത്രീ സംവരണബില്ലിന് ശാപമോക്ഷം ലഭിച്ചു. ഒന്നരദശകത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം രാജ്യസഭ ഇന്നലെ പാസാക്കി. ഇതോടെ ബില്‍ നിയമമാകാനുള്ള ആദ്യത്തെ കടമ്പ കടന്നു എന്ന് പറയാം.
-°C 