|
മൂന്നാര്: പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തിലുളള യു.ഡി.എഫ്. ഉന്നതതല സംഘം മൂന്നാറിലെ കൈയേറ്റ മേഖലകളില് സന്ദര്ശനം നടത്തി. ടൗണിലെ കെ.എസ്.ഇ.ബിയുടെ സ്ഥലത്തെ കൈയേറ്റവും,
ഹെഡ്വര്ക്സ് ഡാമിന് സമീപം യൂക്കാലി പ്ലാന്റേഷനില് കൈയേറി കുടില്കെട്ടിയ ഇടവും സംഘം നേരില് കണ്ടു. ആദ്യ ദൗത്യസംഘം സര്ക്കാര് ഭൂമിയെന്ന് കാട്ടി ബോര്ഡ് സ്ഥാപിച്ചിരുന്നത് ഇവിടെ കാണാനില്ലായിരുന്നു. പൊതുമുതല് നശിപ്പിച്ചവര്ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പിന്നീട് ഉമ്മന്ചാണ്ടിപറഞ്ഞു. കുണ്ടളയില് റിസോര്ട്ടിന്റെ സ്ഥലവും, ചിറ്റുവരയിലെ ടാറ്റയുടെ തടയണയും നിരീക്ഷിച്ചു. ദേവികുളം ഗ്യാപ്പ് റോഡിലെ അനധികൃത നിര്മ്മാണവും റിസോര്ട്ടും റോഡു നിര്മ്മാണവും തുടര്ന്ന് സന്ദര്ശിച്ചു. ദേവികുളം ഇറച്ചിപാറയ്ക്ക് സമീപം ചതുപ്പുനിലം കുടിലുകള് കെട്ടിയതായും സംഘത്തിന് ബോധ്യപ്പെട്ടു. ദേവികുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം കൈയേറിയതായി അധികൃതര് സംഘത്തെ അറിയിച്ചു. അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില് രേഖാമൂലം ആവശ്യപ്പെട്ടതാണെന്നും സംഘത്തോടു പറഞ്ഞു. ഏലത്തോട്ടത്തില് പാറയ്ക്ക് മുകളില് പണിത ടോമിച്ചന് തച്ചങ്കരിയുടെ റിസോര്ട്ടും സന്ദര്ശിച്ചു. ആദിവാസികളുടെ മറവില് ചിന്നക്കനാലില് നടക്കുന്ന അനധികൃത കൈയേറ്റ മേഖലയും, ശാന്തന്പാറ ഗ്ലോറിയഫാമും, ഇവിടുത്തെ തടയണകളും നേരില്കണ്ടു. ഇവിടെ ദൗത്യസംഘം സ്ഥാപിച്ച മൂന്നുബോര്ഡുകളില് ഒന്ന് കാണാതായതായും, രണ്ടെണ്ണം ആനശല്യത്തെ തുടര്ന്ന് വില്ലേജ് ഓഫീസില് സൂക്ഷിച്ചിരിക്കുന്നതായും ഉടമകള് സംഘത്തോട് പറഞ്ഞു. യു.ഡി.എഫ്. കണ്വീനര് പി.പി.തങ്കച്ചന്, മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, നേതാക്കളായ സി.എഫ്.തോമസ്, എം.വി.രാഘവന്, രാജന് ബാബു എം.എല്.എ., കെ.ബി.ഗണേഷ്കുമാര് എം.എല്.എ., എം.പി.വീരേന്ദ്രകുമാര്, ഷിബു ബേബി ജോണ്, റോഷി അഗസ്റ്റിന് എം.എല്.എ. എന്നിവരും സംഘത്തിലുണ്ടായിരുന്നു. കെ.പി.സി.സി. ജനറല് സെക്രട്ടറി ഇ.എം.ആഗസ്തി, ഡി.സി.സി. പ്രസിഡന്റ് റോയി കെ.പൗലോസ്, യു.ഡി.എഫ്. ജില്ലാ ചെയര്മാന് അഡ്വ.ജോയി തോമസ്, കണ്വീനര് അഡ്വ.അലക്സ് കോഴിമല, നേതാക്കളായ മാത്യു സ്റ്റീഫന്, ടി.എം.സലിം, കെ.എം.എ.ഷുക്കൂര്, കെ.സുരേഷ്ബാബു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. |