|
ലോകകപ്പ് ഹോക്കി; ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി |
|
ഇംഗ്ലണ്ടിന് രണ്ടാം ജയം; സ്പെയിനെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചു ന്യൂഡല്‍ഹി: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് കനത്ത പരാജയം. കരുത്തരായ ഓസ്ട്രേലിയ 2-5 ന് ഇന്ത്യയെ തകര്‍ത്തു. ആദ്യ പകുതിയില്‍ ഓസ്ട്രേലിയ 1-3 ന് മുന്നിലായിരുന്നു.
വിക്രം പിള്ളയും ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗുമാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്. അതേ സമയം യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഗോള്‍ മഴ കണ്ട മല്‍സരത്തില്‍ ആഫ്രിക്കന്‍ ജേതാക്കളായ ദക്ഷിണാഫ്രിക്കയെ 4-6 ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ പാക്കിസ്ഥാന്‍ 2-1 ന് സ്പെയിനെ പരാജയപ്പെടുത്തി. കളി തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ പെനാല്‍റ്റി കോര്‍ണറിലൂടെ അബ്ദുള്‍ ഹസീമാണ് പാക്കിസ്ഥാന്റെ വിജയ ഗോള്‍ നേടിയത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന് വിജയം ആശ്വാസമായിട്ടുണ്ട്. സ്പെയിനാകട്ടെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയെ തകര്‍ത്തിരുന്നു. 30-ാം മിനിറ്റില്‍ അബ്ബാസ് ഹൈദറിലൂടെ പാക്കിസ്ഥാന്‍ മുന്നിലെത്തിയെങ്കിലും 65-ാം മിനിറ്റില്‍ ഡേവിഡ് അല്‍ഗ്രര്‍ സ്പെയിന് സമനിലയേകി. ബീജിങ് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാക്കളാണ് സ്പെയിന്‍. ആദ്യ മല്‍സരത്തില്‍ കിരീട പ്രതീക്ഷയുമായെത്തിയ ഓസ്ട്രേലിയയെ 2-3 ന് ഇംഗ്ലണ്ട് അട്ടിമറിച്ചിരുന്നു. അതേ സമയം ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സ്പെയിനോട് 2-4 നായിരുന്നു അവരുടെ ആദ്യ പരാജയം. പ്രതിരോധ നിരയിലെ പിഴവുകളാണ് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മല്‍സരത്തില്‍ മുന്തി നിന്നത്. ഇംഗ്ലണ്ടിനായി പെനാല്‍റ്റി കോര്‍ണറിലൂടെ റിച്ചാര്‍ഡ് മാന്റെല്‍ രണ്ടും റോബ് മൂര്‍, ആഷ്ലി ജാക്ക്സണ്‍, നിക്ക് കാട്ട്ലിന്‍, ഇയാന്‍ മക്കെ എന്നിവര്‍ ഓരോ ഗോളും നേടി. മര്‍വിന്‍ ഹാര്‍പ്പറിന്റേതായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടു ഗോളുകള്‍. ലോയഡ് നോറിസ് ജോണ്‍സ്, തോണ്‍ട്ടണ്‍ മക്ഡെയ്ഡ് എന്നിവരുടേതായിരുന്നു മറ്റു ഗോളുകള്‍. മല്‍സരത്തിന്റെ ആദ്യ 25 മിനിറ്റില്‍ നാലു ഗോളുകളാണ് പിറന്നത്. ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്കോര്‍ 2-2 ആയിരുന്നു. രണ്ടാം പകുതിയില്‍ തുടരെ തുടരെ മൂന്നു ഗോളടിച്ച് ഇംഗ്ലണ്ട് 5-2 ന്റെ ലീഡ് സ്വന്തമാക്കി. തുടര്‍ന്ന് ഹാര്‍പ്പറിലൂടെ ദക്ഷിണാഫ്രിക്ക ആശ്വാസം കണ്ടെത്തിയെങ്കിലും അന്തിമ ജയം ഇംഗ്ലണ്ടിനായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മല്‍സരത്തില്‍ ആറു ഗോളടിക്കുന്നത്. 1998 ല്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് അഞ്ചു ഗോളടിച്ചെങ്കിലും 7-5 ന് തോല്‍ക്കാനായിരുന്നു അവരുടെ വിധി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിജയത്തില്‍ താന്‍ അതീവ സംതൃപ്തനാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബാരി മിഡില്‍ടണ്‍ അറിയിച്ചു. ആറു ഗോളടിച്ചുള്ള വിജയം ചില്ലറ കാര്യമല്ല. എന്നാല്‍ ടീം ഇനിയും ഏറെ മുന്നോട്ടു പോയാലേ കിരീടമെന്ന അന്തിമ ലക്ഷ്യത്തിലെത്തൂ. അതേ സമയം ടീമിന്റെ പ്രതിരോധ നിര മെച്ചപ്പെടേണ്ട കാര്യം ക്യാപ്റ്റന്‍ ചൂണ്ടികാട്ടി. ദക്ഷിണാഫ്രിക്കയെ പോലൊരു ടീമിനെതിരെ നാലു ഗോളുകള്‍ വഴങ്ങുക നല്ല കാര്യമല്ല. വ്യാഴായ്ച പാക്കിസ്ഥാനെ നേരിടുമ്പോള്‍ പ്രതിരോധനിര കഴിവു തെളിയിച്ചേ മതിയാകൂ. ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. സ്പെയിനെതിരായ പാളിച്ചകള്‍ വീണ്ടും ആവര്‍ത്തിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഓസ്റ്റിന്‍ സ്മിത്ത് പരിതപിച്ചു. ആദ്യ പകുതിയില്‍ ടീം പിടിച്ചു നിന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം നിഷ്പ്രഭരായി. ഇംഗ്ലീഷ് പ്രകടനത്തെ പ്രശംസിക്കാനും ദക്ഷിണാഫ്രിക്കന്‍ നായകന്‍ മറന്നില്ല. |