|
ആര്‍.രാജേന്ദ്രന്‍ കശ്മിര്‍ കൊണ്ടൊന്നും പാകിസ്ഥാന്റെ അതിക്രമ ദാഹം തീരുന്നില്ല. ശാന്തിയിലേക്ക് മടങ്ങിയെത്തി വികസനത്തിന്റെ ചിറകുവിടര്‍ത്തി പ്രയാണം തുടങ്ങിയ പഞ്ചാബിന്റെ സ്ഥിതി പാക്കിസ്ഥാന് ദഹിച്ചില്ല. അതിനാല്‍ പഞ്ചാബിലേക്കാണ് ഇപ്പോള്‍ അവരുടെ കരാളഹസ്തങ്ങള്‍ നീളുന്നത്.
പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനം പുനര്‍ജീവിപ്പിക്കാനായി പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിഖ് വിഘടനവാദ വിഭാഗം അമേരിക്കയിലും ഇന്ത്യയിലും നിന്ന് യൂവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്(ഐ.എസ്.ഐ) അധികൃതരും വിഘടനവാദ പ്രസ്ഥാനമായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബി.എല്‍.കെ) മേധാവി വദ്‌വാ സിങ്ങും തമ്മില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന കൂടിക്കാഴ്ച സംസ്ഥാനത്തെ സുരക്ഷാ ഏജന്‍സികളില്‍ ഉല്‍ക്കണ്ഠ ഉളവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാന സ്ഥാപനങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കുമുളള സുരക്ഷാക്രമൂകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഭീകരരുടെ ആക്രമണ ലക്ഷ്യത്തില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും കോണ്‍ഗ്രസ് എം.പി രവിനീത് സങ്ങ് ബിട്ടുവും ഉള്‍പ്പെടും. പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ബിട്ടു മുന്‍ മുഖ്യമന്ത്രി ബീന്ത് സിങ്ങിന്റെ ചെറുമകനാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സൂപ്പര്‍ പൊലീസ് കെ.പി.എസ്. ഗില്ലിന്റെ സഹായത്തോടെ പഞ്ചാബിന്റെ മണ്ണില്‍ നിന്നും ഭീകരപ്രവര്‍ത്തനം തുടച്ചുമാറ്റിയ ഭരണാധികാരിയാണ് ബീന്ത് സിങ്. മനുഷ്യബോംബായി വന്ന മരണം 1995 ആഗസ്റ്റ് 31 ന് ബീന്ത് സിങ്ങിന്റെ ജീവന്‍ കവരുകയായിരുന്നു. ഖലിസഥാന്‍ സിന്ദാബാദ് ഫോഴ്സ് (കെ.ഇസഡ്.എഫ്) എന്ന വിഘടനവാദ ഗ്രൂപ്പ് ബിട്ടുവിനെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നു എന്നാണ് രഹസ്യാന്വേഷം വിഭാഗത്തിന്റെ മുന്നറിയിപ്പ്. പഞ്ചാബ് പൊലീസിന്റെ മറ്റൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്, അമൃത്സറിലെയും മംഗല്‍ ദാമിലെയും ദേവാലയങ്ങളും റോപ്പൂര്‍, ലുധിയാന, പാത്തന്‍കോട്ട് റയില്‍വേ സ്റ്റേഷനുകളും ഭികരരുടെ ആക്രമണ ലക്ഷ്യങ്ങളാണെന്നാണ്. പോയ രണ്ടുമാസത്തിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് സമീപത്തുനിന്നായി സ്ഫോടകവസ്തുക്കളും ഗ്രനേഡുകളും ആയുധങ്ങളുമൊക്കെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാട്യാല ജില്ലയിലെ നഭ നഗരത്തിലെ ഇന്ത്യന്‍ ഒയില്‍ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റ്, ചാണ്ഡിഗഡിനു സമീപം സിറക്പൂരിലെ വ്യോമസേനാ സ്ഥാപനം എന്നിവടങ്ങളില്‍ വന്‍തോതിലുളള സ്ഫോടക വസ്തു ശേഖരങ്ങളുണ്ടായിരുന്നു. പാട്യാല ജില്ലയിലെ രാജ്ഗ്രാഹ് ഗ്രാമത്തിലെ ചെക്ക്പോസ്റ്റില്‍ ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന്റെ രണ്ടു പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഒഴിവായത് കൊടിയൊരു ഭീകരാക്രമണ ശ്രമമാണ്. അംബാലയില്‍ ബോംബ് വയ്ക്കാന്‍ പോവുകയായിരുന്നു ഇവര്‍. അറസ്റ്റിലായ രണ്ടുപേരും പന്ത്രണ്ടോളം കേസുകളിലെ പ്രതികളാണ്. പഞ്ചാബ് പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1947 മുതല്‍ തന്നെ അതിന്റെ വേരുകള്‍ ഓടിയിരുന്നതായി കാണാം. മൂലകാരണം വര്‍ഗ്ഗീയതയാണ്. അത് 1980 നുശേഷം വിഘടനത്തിന്റെയും ഭീകരതയുടെയും രൂപഭാവം കൈക്കൊണ്ടു. സിഖ് വര്‍ഗീയതക്ക് വളമിട്ടത് അകാലി നേതൃത്വത്തിന്റെ ചില ആശയങ്ങളായിരുന്നു. മതേതര സങ്കല്‍പ്പത്തെ അപ്പാടെ നിഷേധിച്ചു. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്നും സിഖിസത്തിന്റെ അവിഭാജ്യഘടമാണ് ഇവ രണ്ടുമെന്നുമുളള ആശയമാണ് അകാലികള്‍ ആദ്യംമുതലേ ഉയര്‍ത്തിപ്പിടിച്ചത്. സിഖ് മതത്തിന്റെയും എല്ലാ സിഖുകാരുടെയും ഏകപ്രതിനിധി അകാലിദളാണെന്ന് അവര്‍ അവകാശപ്പെട്ടു. സിഖുകാര്‍ നിരന്തരം വിവേചനത്തിനും പീഡനത്തിനും പ്രതികാരത്തിനും ഇരയാവുന്നു. എല്ലാത്തരം ഗൂഢാലോചനകള്‍ക്കും അവരെന്നും വിധേയരാണ്. ബ്രാഹ്മണത്വം അടിച്ചേല്‍പ്പിച്ച് സിഖ് വ്യക്തിത്വം ഇല്ലായ്മചെയ്യാന്‍ ഹിന്ദുക്കള്‍ ശ്രമിക്കുന്നു. ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ഹിന്ദുവിരുദ്ധ വികാരം അവര്‍ ഉണര്‍ത്തിവിട്ടു. പഞ്ചാബ്, ഹിന്ദി ഭാഷകള്‍ക്കു വേണ്ടിയും സിഖുകാരും ഹിന്ദുക്കളും വാളോങ്ങി. �ഡല്‍ഹിയില്‍ നിന്നു ഭരിക്കുന്ന�കോണ്‍ഗ്രസ് പാര്‍ട്ടിയും ഹിന്ദുവായ നെഹ്‌റുവും അകാലികളുടെ പ്രത്യേക രോഷത്തിനു പാത്രമായി. ഹിന്ദുത്വത്തിന്റെയും ബ്രാഹ്മണ്യത്വത്തിന്റെയും പ്രതീകമാണ് കോണ്‍ഗ്രസും നെഹ്‌റുവും എന്നാണ് അവര്‍ പ്രചരിപ്പിച്ചത്. സിഖ് മതം അപകടത്തിലെന്ന് അവര്‍ അലമുറയിട്ടു. അകാലിദളിന്റെയും സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്.ജി.പി.സി)യുടെയും നേതാവായ മാസ്റ്റര്‍ താരാസിങ് 1953 ല്‍ അഖിലേന്ത്യാ അകാലി സമ്മേളനത്തില്‍ പറഞ്ഞു: �ഇംഗ്ലീഷുകാര്‍ പോയി. എന്നാല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയില്ല. നമ്മേ സംബന്ധിച്ചിടത്തോളം വെറും യജമാനന്‍മാരുടെ മാറ്റമാണ് നടന്നിരിക്കുന്നത്. വെളളക്കാരന് പകരം കറുത്തവന്‍. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ നമ്മുടെ സ്വാതന്ത്ര്യവും മതവും ചതച്ചരയ്ക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇവരുടേത് യാതൊരു അടിസ്ഥാനവുമില്ലാത്ത മുറവിളിയായിരുന്നു. സിഖുകാരുടെ ആവലാതികള്‍ പഠിക്കാന്‍ നെഹ്‌റു 1961 ല്‍ ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ സിഖുകാര്‍ക്കു വിവേചനം എന്ന പരാതി തികച്ചും വാസ്തവിരുദ്ധമാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്‍ നിഗമനം ശരിയാണെന്ന് പിന്നീടുളള പഠനങ്ങളും തെളിയിച്ചു. 1966 ല്‍ ഇത്തരമൊരു പഠനത്തില്‍ വെളിപ്പെട്ടത്, ഇന്ത്യന്‍ ജനസംഖ്യയില്‍ രണ്ടു ശതമാനത്തിനു താഴെ മാത്രമുളള സിഖുകാരുടെ ഇന്ത്യന്‍ പട്ടാളത്തിലെ പ്രാതിനിധ്യം 20 ശതമാനത്തോളമാണെന്നാണ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ അനുപാതിക പ്രാതിനിധ്യത്തിന്റെ ഇരട്ടിയാണ് അവരുടെ അംഗസംഖ്യയെന്നും, പഞ്ചാബ് സംസ്ഥാന സര്‍വ്വീസിലും നിയമസഭയിലും മന്ത്രിസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനയിലും സിഖുകാര്‍ക്ക് അവരുടെ ജനസംഖ്യാനുപാതത്തെക്കാള്‍ വളരെ കൂടുതല്‍ പ്രതിനിധ്യമുണ്ടെന്നും സ്ഥിരീകരിക്കപ്പെട്ടു. ഇക്കാലത്ത് അകാലി രാഷ്്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം സിഖ് മതത്തിന്റെ സ്ഥാപനങ്ങളും ചിഹ്നങ്ങളും മതവികാരം ഇളക്കിവിടാന്‍ ഉപയോഗപ്പെടുത്തി എന്നതാണ്.
അകാലി രാഷ്ട്രീയവും പ്രസ്ഥാനവും പരിപോഷിപ്പിക്കാന്‍ 700 ഓളം സിഖ് ഗുരുദ്വാരകളുടെ നിയന്ത്രണമുളള എസ്.ജി.പി.സിയെയും സുവര്‍ണ്ണ ക്ഷേത്രത്തെയും അകാലിദള്‍ ഉപയോഗപ്പെടുത്തിയതാണ് ഉദാഹരണം. ഇതര സംഘടനകളെപ്പോലെ അകാലിദളിലും ഗ്രൂപ്പുകള്‍ രൂപംകൊണ്ടു. ഗ്രൂപ്പുവൈരം ശക്തിയാര്‍ജ്ജിച്ചു. തീവ്രവാദത്തിനു ബലമേറി. ഇതേസമയംതന്നെ ഹിന്ദു വര്‍ഗ്ഗീയതയും പഞ്ചാബില്‍ സജീവമായിരുന്നു. സിഖ് വര്‍ഗ്ഗീയതയെപ്പോലെ രൂഢമൂലമായിരുന്നില്ലെങ്കിലും സിഖ് സമുദായത്തിനെതിരെ ഹിന്ദു വര്‍ഗ്ഗിയത നിലകൊണ്ടു. വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ നെഹ്‌റുവിനു തത്വാധിഷ്ടിത നിലപാടായിരുന്നു. വിഘടനവാദം ഉയര്‍ത്തുന്ന, അക്രമസമര മാര്‍ഗ്ഗം അവലംബിക്കുന്ന സംഘടനകളുമായി കൂടിയീലോചനയോ അനുരഞ്ജന ചര്‍ച്ചയോ ഇല്ലെന്ന സമീപനം. അതേസമയം തന്നെ അകാലികളുടെ ആവശ്യങ്ങളില്‍ മതേതരസ്വാഭാവമുളള ചിലത് അംഗീകരിക്കാനും നെഹ്‌റു മടിച്ചില്ല. ഇതിന്റെ ഫലമായിട്ടാണ് വര്‍ഗ്ഗീയത ഉപേക്ഷിക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് 1948 ലും 1956 ലും അകാലികളുമായി രണ്ടു കരാറുകളില്‍ നെഹ്‌റു ഒപ്പിട്ടത്. എന്നാല്‍ അത് ഫലവത്തായില്ല. അകാലി നേതൃത്വത്തിലേക്ക് പുതിയ ആളുകള്‍ വരികയും തീവ്രവാദത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ കരാര്‍ അപ്രസക്തമായി. അകാലിദള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞപ്പോള്‍ അതിനു സമാന്തരമായി 1981 ഓടെ ഭീകരപ്രവര്‍ത്തനവും ശക്തമാവാന്‍ തുടങ്ങി. സാന്ത് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല ആയിരുന്നു ഇതിന്റെ നേതാവ്. ഭിന്ദ്രന്‍വാലയുടെ ഖലിസ്ഥാന്‍ മുദ്രാവാക്യം രാജ്യത്തിനു തന്നെ വെല്ലുവിളിയായി. അകാലിദളില്‍ നിന്നുവിട്ടുപോയവര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങി അസംഖ്യം പേരെ കൊന്നൊടുക്കിക്കൊണ്ട് ഭിന്ദ്രന്‍വാല നാടിനെ കിടിലംകൊളളിച്ചു. വിശുദ്ധമായ അമൃതക്ഷേത്രം ഭീകരപ്രവര്‍ത്തനത്തിനു മറയാക്കിയപ്പോള്‍, �ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍� എന്ന സൈനീക നീക്കത്തിലൂടെ ഭിന്ദ്രന്‍വാലയെയും കൂട്ടാളികളെയും ഉന്മൂലനം ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിര്‍ബന്ധിതയായി. അതിന്റെ പ്രതികാരമാണ് 1984 ഒക്ടോബര്‍ 31 ന് ബുളളറ്റായി ചീറിപ്പാഞ്ഞുവന്ന്് ഇന്ദിരയുടെ ജീവനെടുത്തത്
അതിപുരാതനവും സമ്പുഷ്ടവുമായ സാംസ്കാരിക പൈതൃകത്തിന്റെ നാടാണ് പഞ്ചാബ്. ദേശാഭിമാനം തുടികൊട്ടുന്ന വീര പോരാട്ടങ്ങളുടെ ചരിതമാണ് പഞ്ചാബിന്. ബ്രിട്ടിഷ് അധിനിവേശ വേളയില്‍ ദക്ഷിണേഷ്യയില്‍ ഏറ്റവും അവസാനം പൊരുതി വീണതാണ് മഹാരാജ രഞ്ജിത് സിങ്ങിന്റെ സിഖ് സാമ്രാജ്യം.. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടതാണ് പഞ്ചാബിന്റെ സംഭാവന. ജാലിയന്‍വാലാബാഗ് ഇന്നും ആവേശംകൊളളിക്കുന്ന സ്മരണയാണ്. അജിത് സിങ് സന്ധു, ഭഗത് സിങ്, ഉദ്ദം സിങ്, കര്‍താര്‍ സിങ് സര്‍ഭ, ഭായി പരമാനന്ദ്, മുഹമ്മദ് ഇക്ബാല്‍, ചൗധരി റഹ്മാന്‍ അലി, ലജ്പത് റായി എന്നിങ്ങനെ എത്രയെത്ര പഞ്ചാബികളാണ് സ്വാതന്ത്ര്യ സമരത്തെ പ്രോജ്വലമാക്കിയത്. ഈ വീര ദേശാഭിമാനികളുടെ നാട്ടിലാണ് വിഘടന പ്രസ്ഥാനങ്ങള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ചെറുത്ത് തോല്‍പ്പിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ നടപടികള്‍ മാത്രമല്ല, രാഷ്ട്രീയത്തിനതീതമായ ജനകീയ ഐക്യവേദികൂടി ഇതിനായി ഉണ്ടാവണം. എങ്കില്‍ മാത്രമേ ഭീകരവാദത്തെ ഫലപ്രദമായി നേരിടാനാവൂ. |