| ടിബറ്റിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ കര്‍മാപ ലാമ |
|
തിരുവനന്തപുരം: മാതൃരാജ്യമായ ടിബറ്റിലേക്ക് എന്നെങ്കിലും മടങ്ങിപ്പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്ന് കര്‍മാപ ലാമ. ടിബറ്റന്‍ ബുദ്ധമത വിശ്വാസത്തില്‍പെടുന്ന നാല് ശാഖകളിലൊന്നായ കര്‍മകാഗ്യു വിഭാഗത്തിന്റെ ആദ്ധ്യാത്മിക നേതാവാണ് അദ്ദേഹം.
ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്- കേരളയുടെ തോന്നയ്ക്കലിലുള്ള സായിഗ്രാമത്തില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ലാമ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് തന്റെ മനസ്സു തുറന്നത്. "ഞാന്‍ ചെറുപ്പമാണ്, കാലം മാറുകയുമാണ്; കാത്തിരിക്കാം. ഒരു നാള്‍ നാട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ" അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിയില്‍ ചൈന ടിബറ്റ് കീഴടക്കിയതോടെ കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനം അവിടെ നിലവില്‍ വന്നു. ആദ്ധ്യാത്മികതയ്ക്ക് ഇടമില്ലാതായി. തന്നില്‍ അര്‍പ്പിതമായ ആദ്ധ്യാത്മിക ദൗത്യം ഒരു നിയോഗം പോലെ ഏറ്റെടുക്കേണ്ടി വന്നതുകൊണ്ടാണ്, 1999ല്‍ തന്റെ 14-ാം വയസ്സില്‍ ഇന്ത്യയില്‍ അഭയം തേടിയത്. ഇതേ കാരണം കൊണ്ടു തന്നെയാണ് അതിനും എത്രയോ മുന്‍പ് ദലൈലാമയും ഇന്ത്യയിലെത്തിയത്, ഹിമാചല്‍ പ്രദേശിലെ ധര്‍മ്മസ്ഥല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍മാപ ലാമ പറഞ്ഞു. ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് ടിബറ്റില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. അതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഒന്നുമില്ല.
ഇവിടെ സമാധാനമുണ്ട്, ആദ്ധ്യാത്മിക ചര്യ നിര്‍വ്വഹിക്കാനുള്ള സാഹചര്യവുമുണ്ട്. ടിബറ്റില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. അവിടെ 900 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സമ്പ്രദായത്തിലെ 17-ാമത്തെ കര്‍മാപ ലാമയാണ് താന്‍. തന്റെ മുന്‍ഗാമി നേരത്തെ രേഖപ്പെടുത്തിവച്ചതുപോലെ, ഒരു പ്രത്യേകദിക്കിലുള്ള നാട്ടില്‍ ജനിച്ച താന്‍, ഏഴാം വയസ്സില്‍ കണ്ടെടുക്കപ്പെടുകയായിരുന്നു. അടുത്ത കര്‍മാപ ലാമയാകുവാന്‍. പുനര്‍ജന്മ വിശ്വാസത്തിലധിഷ്ഠിതമാണ് തെരഞ്ഞെടുപ്പ്. ടിബറ്റന്‍ ജനങ്ങളോട് ഇന്ത്യ കാട്ടുന്ന ഐക്യദാര്‍ഡ്യത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ടിബറ്റിന്റെ സംസ്കാരവും ആദ്ധ്യാത്മികതയും ഇവിടെ ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ടിബറ്റിനെ അറിഞ്ഞുതുടങ്ങിയിട്ട് അധിക നാളായിട്ടില്ല. ടിബറ്റുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് ചൈന അസ്വസ്ഥമാകേണ്ടതില്ല. ചൈനക്ക് ഇന്ത്യയുമായുള്ള പരസ്പര ബന്ധത്തിനോളം തന്നെ കാലപ്പഴക്കമുണ്ട് ടിബറ്റ്-ഇന്ത്യ സഹകരണത്തിനും, ലാമ ചൂണ്ടിക്കാട്ടി.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

'ഇന്ത്യയില്‍ സമാധാനമുണ്ട്, ആധ്യാത്മിക ചര്യ അനുഷ്ഠിക്കാന്‍ അനുയോജ്യ സാഹചര്യവുമുണ്ട്'
26°C
25°C
-°C 