|
ഐ.ടി പാഠ്യപദ്ധതിയുടെ ആസൂത്രകര്‍ ആര് ? സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള കേരളത്തിന്റെ ഐ.ടി. പദ്ധതി മാതൃകാപരമാണെന്നും ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നും ഡല്‍ഹിയില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ അഭിപ്രായമുയര്‍ന്നിരിക്കയാണല്ലോ.
കേരളത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ ഐ.ടി.@സ്കൂള്‍ പ്രോജക്റ്റിനാണ് ഐ.ടി പാഠ്യപദ്ധതിയുടെയും നടത്തിപ്പിന്റെയും പുസ്തക രൂപീകരണത്തിന്റെയും ചുമതല. ഇപ്പോഴുള്ള ഐ.ടി. പാഠപുസ്തകള്‍ മുന്‍ഗവണ്‍മെന്റിന്റെ കാലത്ത് രൂപപ്പെടുത്തിയവയാണ്. വിദ്യാഭ്യാസവകുപ്പ് പാഠപുസ്തകങ്ങളില്‍ സമഗ്രമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയപ്പോള്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലുള്ള ഈ പുസ്തകങ്ങളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല. ഐ.ടി. അധിഷ്ഠിത പഠനവും പ്രൈമറി തലത്തില്‍ ഐ.ടി. പാഠ്യവിഷയമാക്കുമെന്ന പ്രഖ്യാപനവും ഇന്നത്തെ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഐ.ടി. പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഒരു എളിയ പങ്കുവഹിച്ച വ്യക്തികൂടിയാണ് ഇതെഴുതുന്നത്. മൂന്നാര്‍ ദൗത്യസംഘത്തലവനായിരുന്ന കെ. സുരേഷ്കുമാര്‍ എസ്.സി.ഇ.ആര്‍.ടി.യുടെ ഡയറക്ടറായിരുന്നപ്പോള്‍ സംഘടിപ്പിക്കപ്പെട്ട ശില്‍പശാലയില്‍ പങ്കെടുത്ത പ്രമുഖ ലേ-ഔട്ട് വിദഗ്ധന്‍ അഥനുറോയി പത്താംക്ലാസിലെ ഐ.ടി പാഠപുസ്തകത്തിന്റെ ലേ-ഔട്ട് മാതൃകയെ പ്രശംസിച്ചിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എസ്.സി.ഇ.ആര്‍.ടി.യില്‍ പാഠപുസ്തകരൂപീകരണത്തില്‍ ത്യാഗസന്നദ്ധമായി ജോലിനോക്കിവന്ന ഞാനടക്കമുള്ളവരെ കാരണമൊന്നുംകൂടാതെ പിരിച്ചുവിട്ടു.
സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഇന്ന് പാഠ്യപദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെങ്കിലും പാഠപുസ്തകം തയ്യാറാക്കുന്നതടക്കമുള്ള ജോലികള്‍ വിന്‍ഡോസ് ഉപയോഗിച്ചാണ് നിര്‍വ്വഹിച്ചുവരുന്നത്. ഉപയോഗ സൗഹൃദമില്ലായ്മയും പരിമിതികളേറെയുണ്ട് എന്നതും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ സ്വയം പിന്നോട്ടുതള്ളുന്ന വസ്തുതയാണെന്ന കാര്യം ഇതിന്റെ ആരാധകര്‍ മറക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനത്തിനും പഠനത്തിനും ഗവേഷണത്തിനും വിദ്യാഭ്യാസവകുപ്പിന് കോടികള്‍തന്നെ ചെലവിടേണ്ടതുണ്ട്. അതിനാല്‍ മൈക്രോസോഫ്റ്റിനെ ഒഴിച്ചുനിര്‍ത്തുന്നത് സാമ്പത്തികലാഭമുണ്ടാക്കും എന്ന വാദഗതി അസ്ഥാനത്താണ്.
ഐ.ടി.@സ്കൂളിന് നേതൃത്വം നല്‍കിയ ആദ്യ ഡയറക്ടര്‍ ബിജു പ്രഭാകരന്റെയും ഒരുകൂട്ടം അക്കാദമിക് വിദഗ്ധരുടെയും കഠിനപ്രയത്നങ്ങളുടെ ഫലമാണ് ഇന്ന് കേരളത്തിലെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ഐ.ടി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും. ഇതിന് ആരോഗ്യകരമായ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നതില്‍ ഇന്നത്തെ വിദ്യാഭ്യാസവകുപ്പ് ഒരു പരാജയമാണ്. സത്യം ഇതായിരിക്കെ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വാചാലനാകുന്നത് സത്യത്തെ മറച്ചുവെയ്ക്കലാണ്.
|