|
നിരക്ക് വര്‍ധനയില്ല
* ആയിരം കിലോമീറ്റര്‍ പുതിയ പാത * ചരക്ക് ഗതാഗതത്തിന് പ്രത്യേക പാത * അഞ്ചുവര്‍ഷത്തിനകം എല്ലാ ലെവല്‍ ക്രോസിലും കാവല്‍ * ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷ
* വനിതകള്‍ക്കും ദുര്‍ബലര്‍ക്കും രോഗികള്‍ക്കും യാത്രാ സൗജന്യം * സ്വകാര്യവല്‍ക്കരണമില്ല, സ്വകാര്യ പങ്കാളിത്തം തേടും * വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് ജോലി * മഹിളാ വാഹിനി എന്ന വനിതാ പൊലീസ് * കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രത്യേക ട്രെയിന്‍ കേരളത്തിന് നിറയെ
* ഒമ്പത് പുതിയ ട്രെയിനുകള്‍ * കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇക്കൊല്ലം * മധുര-കോട്ടയം, തലശ്ശേരി-മൈസൂര്‍, കുമളി-ഡിണ്ടിഗല്‍, പുനലൂര്‍-തിരുവനന്തപുരം, കോഴിക്കോട്-അങ്ങാടിപ്പുറം തുടങ്ങിയ പുതിയ പാതകളുടെ സര്‍വേ * നിലമ്പൂര്‍-ഷൊര്‍ണൂര്‍, കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ * കോട്ടയം വഴി ഒരു ജനശതാബ്ദി കൂടി * എറണാകുളം-കൊല്ലം റൂട്ടില്‍ 'മെമു' സര്‍വീസ് * റെയില്‍വേ പരീക്ഷകള്‍ മലയാളത്തിലും * കാസര്‍കോട്, തലശേരി, ബേപ്പൂര്‍ തുറമുഖങ്ങളിലേക്ക് റെയില്‍ ബന്ധം * എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കും * തിരുവനന്തപുരത്ത് ബോട്ട്ലിങ്ങ് പ്ലാന്റ് പി മുഹമ്മദലി ന്യൂഡല്‍ഹി: പാളങ്ങളിലെ പ്രതീക്ഷകള്‍ക്ക് സാഫല്യം നല്‍കിക്കൊണ്ടുള്ള റെയില്‍വെ ബജറ്റില്‍ സംസ്ഥാനത്തിന് ലഭിച്ച കൂടുതല്‍ പരിഗണന സംസ്ഥാനത്തിന്റെ യാത്രാചരിത്രത്തില്‍ പൊന്‍തിളക്കമാവുന്നു. എട്ട് പുതിയ വണ്ടികളും ആറ് പുതിയ പാതകളും ഇടംപിടിച്ച റെയില്‍വെ ബജറ്റില്‍ മറ്റു പദ്ധതികളും ഏറെയുണ്ട്.വികസന കുതിപ്പില്‍ റെയില്‍ പാതകളില്‍ നിന്നും പലപ്പോഴും പിന്തള്ളപ്പെട്ടു പോകാറുള്ള കേരളത്തിന് റെയില്‍വെ ബജറ്റ് എന്നും നിരാശ മാത്രമായിരുന്നു നല്‍കാറുള്ളത്. ദീര്‍ഘകാലത്തെ മുറവിളികള്‍ക്കും പരാതികള്‍ക്കും പ്രതിവിധിയായി കേരളം അര്‍ഹമായ പ്രാതിനിധ്യത്തോടെ പരിഗണിക്കപ്പെട്ടു തുടങ്ങിയത് യു പി എ സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ്. കഴിഞ്ഞ വര്‍ഷത്തെ റെയില്‍വെ ബജറ്റിന് സമാനമായ നേട്ടങ്ങളാണ് ഇത്തവണയും കേരളത്തിന് ലഭ്യമായത്. യാത്രാ സൗകര്യമടക്കമുള്ള പല വികസനങ്ങളിലും പിന്നോക്കം നില്‍ക്കുന്ന മലബാറിന് ലഭിച്ച മുന്തിയ പരിഗണന വികസനത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥകളെ ഇല്ലാതാക്കാനും സഹായകമാവും. കേരളം പ്രതീക്ഷയര്‍പ്പിച്ചു കാത്തിരുന്ന കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിക്ക് ലഭിച്ച അന്തിമ അനുമതിയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. സ്ഥലമെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച താല്‍പര്യക്കുറവും പദ്ധതി നഷ്ടമാവുമെന്ന സി പി എം പ്രചരണത്തിനും അറുതിയായിക്കൊണ്ടാണ് അന്തിമ അനുമതി ലഭ്യമായിരിക്കുന്നത്. ദീര്‍ഘദൂര വണ്ടികളും പാസഞ്ചര്‍ വണ്ടികളുമായി ഒറ്റയടിക്ക് എട്ടുവണ്ടികള്‍ സംസ്ഥാനത്തിന് നല്‍കിയതും ചെറിയ കാര്യമല്ല. പാതകള്‍ക്കും പുതിയ പാതകളുടെ സര്‍വേക്കും വൈദ്യുതീകരണത്തിനും സംസ്ഥാനത്തിന് ഉദാരമായ സഹായമാണ് ലഭ്യമായത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് നീട്ടുന്ന മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ ഉത്തര മലബാറിലെ യാത്രാ ക്ലേശത്തിന് വലിയ ആശ്വാസം നല്‍കും. ബസ് ചാര്‍ജ് വര്‍ധനയുടെ ദുരിതം പേറുന്ന നിത്യയാത്രക്കാര്‍ക്ക് പുതിയ പാസഞ്ചര്‍ വണ്ടികളുടെ വരവ് വലിയ അനുഗ്രഹമാണ്. നിലമ്പൂര്‍-ഷൊര്‍ണൂര്‍, കൊല്ലം-എറണാകുളം റൂട്ടുകളിലെ തീവണ്ടി തിരക്കിന് അനുവദിക്കപ്പെട്ട പുതിയ പാസഞ്ചര്‍ വണ്ടികളിലൂടെ കുറേയേറെ ആശ്വാസം ലഭിക്കും. കഴിഞ്ഞ ബജറ്റില്‍ തിരുവനന്തപുരം-എറണാകുളം ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് വലിയൊരു അനുഗ്രഹമായിരുന്നു. പുതിയ ബജറ്റില്‍ കോഴിക്കോട്ട് നിന്നും കോട്ടയം വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു ജനശതാബ്ദി എക്സ്പ്രസ് കൂടി അനുവദിച്ചത് മലബാറിലെ യാത്രക്കാര്‍ക്ക് വലിയ നേട്ടമായിരിക്കും.
ഭോപ്പാല്‍-മധുര-തിരുവനന്തപുരം റൂട്ടില്‍ ഒരു വണ്ടിക്കുള്ള മറുനാടന്‍ മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് പുതിയ വണ്ടിയുടെ വരവോടെ സഫലമായത്. ഹിമാചല്‍-കന്യാകുമാരി റൂട്ടില്‍ പുതിയ വണ്ടി അനുവദിച്ചതും മറുനാടന്‍ മലയാളികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്നതാണ്. മുംബൈ-എറണാകുളം തുരന്തോ എക്സ്പ്രസും പൂനെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും ഈ റൂട്ടിലെ തിരക്ക് മാത്രമല്ല; യാത്രാ സമയവും ലഘൂകരിക്കും. കൊച്ചുവേളി-മംഗലാപുരം എക്സ്പ്രസ് ആഴ്ചയില്‍ മുഴുവന്‍ ദിവസമാക്കിയതും മലബാറിലെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമായിരിക്കും.
കേരളത്തിന്റെ റെയില്‍വെ ഭൂപടം മാറ്റി വരയ്ക്കുന്ന തരത്തിലാണ് പുതിയ പാതകള്‍ക്കുള്ള സര്‍വെകളെ വിലയിരുത്തുന്നത്. അങ്കമാലി-ശബരി പാതയ്ക്കു 25 കോടി അനുവദിച്ചത് ഏറെക്കാലത്തെ പ്രതീക്ഷകള്‍ക്കാണ് നിറം പകരുന്നത്. തലശ്ശേരി-മൈസൂര്‍, കോട്ടയം-മധുര, ഡിണ്ടിഗല്‍- കുമളി, ചെങ്ങന്നൂര്‍-തിരുവനന്തപുരം, കോഴിക്കോട്-അങ്ങാടിപ്പുറം, എരുമേലി-പുനലൂര്‍- തിരുവനന്തപുരം, തിരുനാവായ-ഗുരുവായൂര്‍ തുടങ്ങിയ സര്‍വേകള്‍ കേരളത്തിലെ റെയില്‍ ഗതാഗത ചരിത്രത്തില്‍ നാഴികക്കല്ലായിരിക്കും. പാതകളിലെ വൈദ്യുതീകരണത്തിനും കാര്യമായ പരിഗണന ബജറ്റ് നല്‍കിയിട്ടുണ്ട്. എറണാകുളം-തിരുനല്‍വേലി-പാലക്കാട്, കൊല്ലം-തെങ്കാശി പാതകളുടെ ഗേജ് മാറ്റ ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
കാസര്‍കോട്, ബേപ്പൂര്‍, തലശ്ശേരി തുറമുഖങ്ങളിലേക്കുള്ള കണക്ടിവിറ്റി ട്രെയിനും തിരുവനന്തപുരത്തെ ഫില്ലിംഗ് യൂണിറ്റും ബജറ്റില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ തൂവലുകളാണ്. പടിപടിയായുള്ള വികസനത്തിലൂടെ കേരളത്തിലെ റെയില്‍യാത്രയുടെ ദുരിതത്തിന് അറുതി വരുത്താനുള്ള വലിയ ശ്രമങ്ങളിലെ ആശ്വാസങ്ങളാണ് ബജറ്റില്‍ കേരളം കൈവരിച്ച നേട്ടങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ജനപ്രതിനിധികളുടെ നിരന്തര പ്രയത്നങ്ങളാണ് അവഗണിക്കപ്പെട്ട പാളങ്ങളിലേക്ക് കേരളത്തെ വലിച്ചു കയറ്റിയത്. |