|
വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെ സേവനം തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. സംസ്ഥാന വൈദ്യുതി സ്ഥാപനങ്ങളുടെ വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനും
സാങ്കേതിക വാണിജ്യനഷ്ടം 15 ശതമാനമായി കുറയ്ക്കുന്നതിനുമായി പുനരാവിഷ്കൃത എപിഡിആര്‍പി പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ 288 കോടി രൂപ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അനുവദിച്ചു.വിശാലമായ കമ്പ്യൂട്ടര്‍ ശൃംഖലയും വിവരസാങ്കേതിക കേന്ദ്രങ്ങളും സ്ഥാപിക്കുക, ഊര്‍ജ്ജ കണക്കെടുപ്പ് നടത്തുക, ജിഐഎസ് അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെയും വിതരണ ശൃംഖലയുടെയും സ്ഥാനങ്ങള്‍ രേഖപ്പെടുത്തുക, ഉപഭോക്തൃ സേവനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുക തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 43 ടൗണുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്‌ഇബിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി 33 കോടി രൂപയുടെ പദ്ധതികള്‍ കൂടി അധികമായി ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. 2010 ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കും. ആധുനിക സാങ്കേതിക വിദ്യയിലൂടെ വിശാലമായ നെറ്റ്‌വര്‍ക്കിംഗ് പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമതയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് കെഎസ്‌ഇബിയുടെ ഏത് ക്യാഷ് കളക്ഷന്‍ സെന്ററില്‍ നിന്നും പണമടയ്ക്കാനുള്ള സംവിധാനമുണ്ടാകും. ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ വഴി ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കാനും കഴിയും. ഇന്റര്‍നെറ്റിലൂടെ വൈദ്യുതി ബില്‍ കാണുവാനും പ്രിന്റ്‌ഔട്ട് എടുക്കാനുമുള്ള സംവിധാനമാണ് മറ്റൊന്ന്. പരാതികള്‍ സമര്‍പ്പിക്കാനും സര്‍വീസ് കണക്ഷന്‍, താരിഫ് മാറ്റം തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ നല്‍കുന്നതിനും ഓണ്‍ലൈന്‍ സംവിധാനവുമുണ്ട്. ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം ഉണ്ടാക്കുന്നതിനും പദ്ധതി പ്രയോജനപ്പെടും. ബില്ലുകള്‍ നല്‍കുന്നതിനും ഉപഭോക്താക്കളുടെ കുടിശ്ശിക അറിയിക്കുന്നതിനും എസ്‌എംഎസ്-ഇമെയില്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയും.
ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നതിനും ബില്ലുകള്‍ നല്‍കുന്നതും പണം വാങ്ങുന്നതുമായ പ്രക്രിയകളും ബോര്‍ഡിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതും കൈകാര്യം ചെയ്യുന്നതുമെല്ലാം പദ്ധതിയുടെ കീഴിലാകും. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട് തുടങ്ങി ആനുകൂല്യങ്ങളുടെ വിതരണവും ഉള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്.
|