എലിപ്പേടി മൂലം ധനമന്ത്രി ഇല്ലം ചുടരുത്‌

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച്‌ സി.ഡി.എസിലെ ഡോ. ഇരുദയരാജന്റെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ പറഞ്ഞത്‌ 'പൂച്ചയ്ക്കു മണികെട്ടാന്‍ ഞാനില്ല' എന്നാണു വാര്‍ത്ത കണ്ടത്‌.

ഈ വാര്‍ത്ത കേരളത്തിലെ ധനമന്ത്രിയുടെ നിരുത്തരവാദിത്വത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്‌. ഇന്ത്യയിലെ മേറ്റ്ല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കേരളത്തിലെ ഭൂരിഭാഗം വരുന്ന കേന്ദ്ര-പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാരും അനുഭവിക്കുന്ന 62 വയസ്സുവരെയുള്ള തൊഴില്‍ അവകാശം ഒരു ചെറിയ വിഭാഗത്തിനുമാത്രം നിഷിദ്ധമെന്നു പറയുന്നത്‌ ഭരണഘടനയുടെ അവകാശലംഘനവും സാമൂഹികനീതി നിഷേധവുമാണ്‌. അതും ജനങ്ങള്‍ തെരഞ്ഞെടുത്ത ഉത്തരവാദിത്വപ്പെട്ട ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌ ഖേദകരവും.


പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതുമൂലമുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും അതിനുള്ള പരിഹാരങ്ങളും മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഘടകകക്ഷികളുടെ നേതാക്കളേയും നിവേദനങ്ങള്‍മൂലം ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതാണ്‌. ഇതൊരു കേവലം സാധാരണ പ്രശ്നമാണെന്നും ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഏതൊരു പുതിയ സംവിധാനം ഏര്‍പ്പാടാക്കുമ്പോഴും ഉണ്ടാകാവുന്ന താത്കാലിക പ്രശ്നം മാത്രമാണെന്നും ഇവരെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതുമാണ്‌. തൊഴില്‍ അന്വേഷകരെ വിളിച്ചിരുത്തി ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി പരിഹാരങ്ങള്‍ ഏകോപിപ്പിക്കുക മാത്രമാണു ശേഷിക്കുന്ന പോംവഴി. അതിലൂടെ സര്‍ക്കാരിനും ജീവനക്കാര്‍ക്കും യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും നേട്ടമാണുണ്ടാകുക എന്നതില്‍ സംശയമില്ല.

 

യുവാക്കള്‍ മാറ്റത്തിനെതിരല്ല; എന്നാല്‍ അവര്‍ക്കുള്ള ആശങ്കയ്ക്കു പരിഹാരമാണുണ്ടാകേണ്ടത്‌. ഇതിനായി ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചു പ്രവര്‍ത്തിക്കണം. ജീവനക്കാരുടെ സംഘടനകളുടെ അനൈക്യമാണ്‌ ഈ പ്രശ്നം പരിഹരിക്കാതെ നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം. കഴിഞ്ഞ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പെന്‍ഷന്‍ പ്രായവര്‍ദ്ധനവുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഗവ. ഉത്തരവിലൂടെ അംഗീകരിക്കുക വഴി അതു നടപ്പാക്കേണ്ട ചുമതലയാണു സര്‍ക്കാരിനുള്ളത്‌. അതുകൊണ്ടുതന്നെ യു.ഡി.എഫിനോ അതിലെ ഘടകകക്ഷികള്‍ക്കോ യുവജനസംഘടനകള്‍ക്കോ എതിരുനില്‍ക്കാനുള്ള ധാര്‍മ്മിക ബാധ്യതയില്ലാതായിരിക്കുന്നു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഏതുതല ചര്‍ച്ചയിലും രേഖാമൂലം അറിയിച്ചാല്‍ പങ്കെടുത്ത കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണെന്നും അറിയിക്കുന്നു.
ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരമാണീ പെന്‍ഷന്‍ പ്രായ വര്‍ദ്ധന എന്നും ബോദ്ധ്യമായ സ്ഥിതിക്ക്‌ കോളേജ്‌ അധ്യാപകരുടെ യു.ജി.സി സ്കീം ഉള്‍പ്പടെ അത്‌ എത്രയും വേഗം നടപ്പാക്കിക്കൊടുക്കുകയാണ്‌ ഒരു ജനാധിപത്യ സര്‍ക്കാരിനഭികാമ്യം. അല്ലാതെ ഒരു മഹാപ്രസ്ഥാനത്തിന്റെ ഭരണസാരഥി എന്ന നിലയില്‍ എലിയെ പേടിച്ചു ഇല്ലം ചുടുകയല്ല ധനമന്ത്രി ചെയ്യേണ്ടത്‌.

കെ.എം. ജയസേനന്‍
ആലപ്പുഴ

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls