വെള്ളിത്തിരയ്ക്കു വെളിയിലെനിഴല്‍ യുദ്ധങ്ങള്‍

Imageപി സുജാതന്‍

മലയാള സിനിമ ഇപ്പോള്‍ കലയും കച്ചവടവുമല്ല. കാണാന്‍ ഇമ്പമുള്ള മനോഹരദൃശ്യങ്ങളുമല്ല. നല്ല അഭിനേതാക്കളും അനേകം സാങ്കേതിക വിദഗ്ദ്ധരും രാജ്യത്തെ ഏറ്റവും മികച്ച പ്രേക്ഷകസമൂഹവുമുള്ള മലയാള സിനിമാരംഗം അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്നു.

സിനിമയുടെ ഭാവിക്ക്‌ ഇത്‌ എത്രമാത്രം ഗുണകരമാണെന്ന്‌ ആ രംഗത്തുള്ളവര്‍ ആലോചിക്കുന്നില്ല. അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും സംവിധായകരുമൊക്കെ സംഘംചേര്‍ന്നപ്പോഴാണ്‌ ഇത്തരത്തിലൊരു അപചയം മലയാള സിനിമയെ ഗ്രസിക്കാന്‍ തുടങ്ങിയത്‌. എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സിനിമാക്കാര്‍ക്കും സംഘടന ഗുണത്തേക്കാളേറെ ദോഷമാണെന്ന്‌ സോദാഹരണം തെളിയിക്കുന്ന സംഭവമാണിത്‌.
മലയാള സിനിമയിലെ അഭിനേതാക്കള്‍ 'അമ്മ' എന്നപേരിലും മറ്റുള്ളവര്‍ 'മാക്ട' എന്നപേരിലും സംഘടിച്ച്‌ തുടങ്ങിയത്‌, ദീര്‍ഘകാലം സിനിമയില്‍ പ്രവര്‍ത്തിച്ച്‌ അവശരായി തീര്‍ന്നവരെ സഹായിക്കാനായിരുന്നു. അക്കാര്യത്തില്‍ ചിലതൊക്കെ അവര്‍ ചെയ്തു. എന്നാല്‍ സിനിമയ്ക്ക്‌ ഇപ്പോള്‍ ഈ സംഘടനകള്‍ വലിയ ബാധ്യതയായിത്തീര്‍ന്നിരിക്കുന്നു.

 

എല്ലാ സംഘടനകളും ദൂഷിക്കും. എന്നാല്‍ സിനിമക്കാരുടെ സംഘടന വളരെ വേഗം ദൂഷിച്ചു. ഇപ്പോള്‍ അതില്‍ കക്ഷിരാഷ്ട്രീയത്തില്‍ എന്നപോലെ പല ഗ്രൂപ്പുകളും താല്‍പര്യങ്ങളും രൂപംകൊണ്ടിരിക്കുന്നു. ഇത്‌ സംഘടനാമനുഷ്യന്റെ എക്കാലത്തെയും വലിയ പരിമിതികളാണ്‌. ഒറ്റയ്ക്കൊറ്റയ്ക്ക്‌ വ്യക്തികള്‍ പലരും നല്ലവരാണ്‌. എന്നാല്‍ ഒരു സംഘടനയുടെ കീഴില്‍ നില്‍ക്കുമ്പോള്‍ അവര്‍ എന്തുകൊണ്ടാണ്‌ ചെകുത്താന്മാരാകുന്നത്‌?
നടീനടന്മാരുടെ സംഘടനയായ 'അമ്മ' ഇടയ്ക്കിടയ്ക്ക്‌ അമ്മയ്ക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നു. എങ്ങനെയാണ്‌ ഈ സംഘടനയ്ക്ക്‌ അവര്‍ ഈ പേര്‌ കണ്ടുപിടിച്ചതെന്ന്‌ ഊഹിക്കാം. മലയാളം മൂവി ആക്ടേഴ്സ്‌ അസോസിയേഷന്‍ എന്ന ഇംഗ്ലീഷ്‌ വാക്കുകളിലെ ആദ്യാക്ഷരങ്ങളെ അടുക്കിപെറുക്കിവച്ച്‌ 'അമ്മ' എന്ന മഹനീയമായ വാക്ക്‌ ഉണ്ടാക്കിയവര്‍ ഉദ്ദേശിച്ചതും സങ്കല്‍പിച്ചതും അല്ല ഇപ്പോള്‍ ആ സംഘടന ചെയ്യുന്നത്‌.

 

ലബ്ധപ്രതിഷ്ഠരായ വലിയ നടന്മാരെ ബഹിഷ്കരിക്കുക, ഒറ്റപ്പെടുത്തുക, നിന്ദിക്കുക, അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുക എന്നിത്യാദി കാര്യങ്ങളൊക്കെയാണ്‌ 'അമ്മ' ചെയ്തുകൊണ്ടിരിക്കുന്നത്‌. ലോകത്തെ ഒരമ്മയും മക്കളോട്‌ ചെയ്യാത്ത പ്രവൃത്തിയാണിത്‌. സഹനത്തിന്റെ മൂര്‍ത്തിയാണ്‌ അമ്മ. മക്കള്‍ അവിവേകം കാട്ടിയാല്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണ്‌ പൊറുക്കാനാവുക? മുമ്പൊരിക്കല്‍ മലയാള സിനിമയിലെ ശ്രേഷ്ഠനായ അഭിനേതാവ്‌ ജഗതി ശ്രീകുമാറിനെ 'അമ്മ' വിലക്കിയതായി പ്രസ്താവനയിറക്കി. കലാകാരന്മാര്‍ക്ക്‌ സ്ഥായിയായ ചില അച്ചടക്കമില്ലായ്മ ജഗതി ശ്രീകുമാര്‍ പ്രകടിപ്പിച്ചു എന്ന പേരിലായിരുന്നു നടപടി.

 

അഭിനേതാക്കളുടെ സംഘടനയ്ക്ക്‌ ഒരു യഥാര്‍ത്ഥ അഭിനേതാവിന്റെ വ്യക്തിപരമായ വീഴ്ചകള്‍ തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ സാധാരണ മനുഷ്യര്‍ അവരെ എങ്ങനെ കാണും? സംഘടനകള്‍ക്ക്‌ ഭാരവാഹികളും ഭരണഘടനയും പ്രവര്‍ത്തന മാനദണ്ഡങ്ങളും ഒക്കെയുണ്ട്‌. ആത്മാവിഷ്കാരപ്രേരിതമായ പ്രചോദനകലയില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ആ ചിട്ടവട്ടങ്ങള്‍ക്കൊപ്പം ഇണങ്ങിപ്പോകാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. എന്നുകരുതി നാലഞ്ചു സിനിമയില്‍ അഭിനയിക്കുകയും പിന്നീട്‌ അവസരങ്ങളൊന്നും ലഭിക്കാതെ സംഘടനയില്‍ കടന്നുകൂടി നേതൃസ്ഥാനത്ത്‌ വരുകയും ചെയ്ത ഒരു പീറക്കലാകാരന്‍ ജഗതിയെയും തിലകനെയും പോലുള്ള 'അഹങ്കാരി'കളെ ഭരിക്കാന്‍ ചെന്നാല്‍ വിലപോകുമെന്ന്‌ തോന്നുന്നില്ല.

 

ജഗതിയുടെ കേസ്‌ എങ്ങനെ മാപ്പാക്കി എന്നറിയില്ല. എന്നാല്‍ തിലകന്‍ അമ്മയെ വെല്ലുവിളിച്ച്‌ അടിക്കടി സംസാരിച്ചുകൊണ്ടിരിക്കുന്നു. വളരെ ഗൗരവതരമായ കാര്യങ്ങളാണ്‌ തിലകന്‍ സംസാരിക്കുന്നത്‌. സാങ്കേതികവിദഗ്ദ്ധരുടെയും സംവിധായകരുടെയും സംഘടനിയില്‍നിന്ന്‌ ഭിന്നിച്ചുപോയ വിനയന്‍ എന്ന ഡയറക്ടറുടെ പുതിയ സിനിമയില്‍ അഭിനയിച്ചതിന്‌ തിലകന്‌ 'അമ്മ' ഭ്രഷ്ട്‌ കല്‍പിച്ചിരിക്കുകയാണുപോലും. കേള്‍ക്കാന്‍ ഒട്ടും സുഖമുള്ള കാര്യമല്ലിത്‌. ആരുടെ സിനിമയില്‍ അഭിനയിക്കണം എന്നത്‌ ഒരു കലാകാരന്‍ എന്ന നിലയില്‍ തിലകന്റെ സ്വാതന്ത്ര്യമാണ്‌. ആ സ്വാതന്ത്ര്യം അദ്ദേഹത്തിന്‌ അനുവദിച്ചുകൊടുക്കുന്നില്ലെങ്കില്‍ 'അമ്മ' എന്ന സംഘടന തനിക്ക്‌ ആവശ്യമില്ലെന്ന്‌ തിലകന്‍ പറയുന്നതാണ്‌ ശരി.

 

പക്ഷേ അങ്ങനെ സംഘടനയുമായി തെറ്റിപ്പിരിഞ്ഞ വ്യക്തിയെ നടന്മാര്‍ നിര്‍മ്മാതാക്കളെയും സംവിധായകരെയും സ്വാധീനിച്ച്‌ അഭിനയരംഗത്തുനിന്ന്‌ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നത്‌ നീചസ്വഭാവമാണ്‌. മലയാളസിനിമയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്‌ 'സൂപ്പര്‍സ്റ്റാര്‍' പദവിയിലെത്തിയ നടന്മാരാണെന്ന്‌ പറയുന്നു. സിനിമ സംവിധായകന്റെ കലയാണെന്നാണ്‌ മുമ്പ്‌ നമ്മള്‍ കേട്ടിട്ടുള്ളത്‌. അത്‌ നല്ല സിനിമയെക്കുറിച്ച്‌ സംസാരിച്ചവര്‍ പറഞ്ഞ വാക്കുകളാണ്‌. മലയാളത്തില്‍ നല്ല സിനിമയുടെ കോലം ഏതോ നാല്‍ക്കവലയില്‍വച്ച്‌ നമ്മളെല്ലാവരും കൂടി പ്രതിഷേധപൂര്‍വ്വം കത്തിച്ചുകളഞ്ഞു. ആര്‍ട്ട്‌ സിനിമയെന്നും നിശബ്ദസിനിമയെന്നും ബുജി പടം എന്നുമൊക്കെ വിളിച്ച്‌ സിനിമയെ ഗൗരവമായി കണ്ട സിനിമാപ്രവര്‍ത്തകരെ രംഗത്തുനിന്ന്‌ അടിച്ചോടിച്ചു.

 

പകരം പ്രദര്‍ശനശാല നടത്തുന്നവരും അബ്കാരികളും പണം പലിശയ്ക്ക്‌ കൊടുക്കുന്ന അത്യാഗ്രഹികളും കള്ളപ്പണം വെളുപ്പിക്കാനെത്തുന്ന സാമൂഹികവിരുദ്ധരും സിനിമയെ നിയന്ത്രിക്കാന്‍ തുടങ്ങി. പണം വാരിയെറിഞ്ഞ്‌ പണം കൊയ്യുന്ന കഴുത്തറപ്പന്‍ കച്ചവടമായി സിനിമാരംഗം അധഃപതിച്ചു. താരാധിപത്യവും അപവാദവും അനഭലഷണീയമായ മറ്റുചില പ്രവണതകളും സിനിമയെ കീഴടക്കാന്‍ തുടങ്ങി. സിനിമ അടിസ്ഥാനപരമായി ഒരു സാങ്കേതിക കലയാണെന്ന യാഥാര്‍ത്ഥ്യം സിനിമക്കാര്‍ തന്നെ മറന്നു. ബുദ്ധിശൂന്യന്മാരായ വ്യാപാരികളുടെയും അധോലോകമാഫിയാ ഗ്രൂപ്പുകളുടെയും സ്വാധീനത്തില്‍ സിനിമ എന്ന വ്യവസായം ചില നീചന്മാരുടെ കൈപിടിയിലൊതുങ്ങിയപ്പോള്‍ കഴിഞ്ഞനൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാധ്യമമെന്ന നിലയില്‍ വാഴ്ത്തപ്പെട്ട സിനിമ കേരളത്തില്‍ ജനവിരുദ്ധമായി തീരുകയാണ്‌ ചെയ്തത്‌.


സിനിമയിലെ ദുഷിച്ച പ്രവണതകളെ അതിജീവിക്കേണ്ടത്‌ ആദ്യമായി സിനിമാക്കാരുടെ ആവശ്യമാണ്‌. ഒരു ദേശത്തിന്റെ ജീവിതവും മനുഷ്യപ്രശ്നങ്ങളും ചരിത്രവും സംസ്കാരവുമൊക്കെ സിനിമയിലൂടെ വേറെ ഏതൊരു കലാരൂപത്തെക്കാള്‍ ശക്തമായി ജനങ്ങളിലെത്തിക്കാന്‍ പറ്റും. അറിവിന്‌ മനുഷ്യബുദ്ധിയില്‍ പ്രവേശിക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം കണ്ണുകളാണ്‌. സാഹിത്യം വായിച്ച്‌ മനസ്സിലാക്കണമെങ്കില്‍ ദീര്‍ഘകാലത്തെ പരിശീലനവും അക്ഷരജ്ഞാനവും വേണം. സംഗീതം ആസ്വദിക്കാന്‍ എത്രയോ കാലത്തെ പഠനവും സാധനയും ആവശ്യമുണ്ട്‌. ചിത്രകലയും കവിതയും ആസ്വാദകന്‌ വഴങ്ങണമെങ്കില്‍ ദശകങ്ങള്‍ നീണ്ട കഠിനമായ തപസ്യ വേണ്ടിവരും. ദൃശ്യമാധ്യമമായ സിനിമയ്ക്ക്‌ സാര്‍വ്വജനീനത കൈവന്നത്‌ എളുപ്പം ആസ്വദിക്കാം എന്നതുകൊണ്ടാണ്‌.


ഭാഷയുടെയോ സാങ്കേതികയുടെയോ പരിമിതിയില്ലാതെ ക്യാമറകള്‍കൊണ്ട്‌ എഴുതിയ കഥ മനുഷ്യബുദ്ധിയില്‍ വേഗം പ്രവേശിക്കും. സിനിമയുടെ ശക്തിയാണ്‌ കുറഞ്ഞ കാലംകൊണ്ട്‌ ലോകത്തെ അത്‌ കീഴടക്കിയത്‌. മേറ്റ്ല്ലാ കലാരൂപങ്ങളും ഏറിയും കുറഞ്ഞും സിനിമയില്‍ സന്നിവേശിപ്പിക്കാനാവും. അതിലൂടെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വലിയൊരു തിരിച്ചറിവായി ഈ കലാരൂപത്തെ ലോകമെങ്ങുമുള്ള ഉന്നതരായ പ്രതിഭാശാലികള്‍ മാറ്റിയെടുത്തു. കേരളത്തില്‍ സിനിമയുടെ തുടക്കം തമിഴ്‌, ഹിന്ദി സിനിമകളുടെ അനുകരണത്തോടെയായിരുന്നെങ്കിലും പില്‍ക്കാലത്ത്‌ സാഹിത്യവുമായുള്ള സമ്പര്‍ക്കംമൂലം നിലവാരംകൊണ്ട്‌ മലയാള സിനിമ മെച്ചപ്പെടുകയായിരുന്നു. അങ്ങനെ ഇന്ത്യന്‍ സിനിമയുടെ പതാക വഹിച്ചു മുന്നോട്ടു ഗമിച്ചുകൊണ്ടിരുന്ന മലയാള സിനിമ സംഘടനാഭ്രാന്തന്മാര്‍ ഇപ്പോള്‍ അധഃപതനത്തിന്റെ ഓടയില്‍ ഇട്ടു വലിച്ചിഴയ്ക്കുകയാണ്‌.

 

2008 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഈയിടെ പുറത്തുവന്നു. മുന്‍ കാലങ്ങളില്‍ എട്ടും പത്തും സമ്മാനങ്ങള്‍ വാരിക്കൂട്ടി മറ്റ്‌ പ്രാദേശിക ഭാഷാ സിനിമകളെ പിന്നിലാക്കിക്കൊണ്ടിരുന്ന മലയാള സിനിമയ്ക്ക്‌ എടുത്തുപറയാന്‍ ഒരു നേട്ടവും ഇക്കൊല്ലമുണ്ടായില്ല. അതേക്കുറിച്ച്‌ മുഖ്യധാരാ സിനിമാപ്രവര്‍ത്തകര്‍ ഒരു ചര്‍ച്ച നടത്തുമെന്ന്‌ ചിലര്‍ പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. സിനിമാക്കാരുടെ വിവിധ സംഘടനകള്‍ പലതരം കേരളാ കോണ്‍ഗ്രസുകളെപ്പോലെ പ്രസ്താവനായുദ്ധം നടത്തുമ്പോള്‍ മലയാളസിനിമ ദേശീയതലത്തില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച്‌ ആലോചിക്കാത്തത്‌ എന്ത്‌? യഥാര്‍ത്ഥത്തില്‍ 'അമ്മ'യും അമ്മൂമ്മയുമൊക്കെ ചെയ്യേണ്ടത്‌ അതല്ലേ? സ്വന്തം നെഞ്ചത്ത്‌ കത്തിനില്‍ക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയാതെ പരസ്പരം കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും കുന്നായ്മകൊണ്ട്‌ കുരവയിടുകയാണ്‌ മലയാളാ സിനിമാപ്രവര്‍ത്തകര്‍. കലാകാരന്മാര്‍ക്ക്‌ ചേര്‍ന്ന പണിയല്ല ഇത്‌.


സ്വന്തം ആവിഷ്കാര സ്വാതന്ത്ര്യത്തിനും പ്രതിഭയുടെ മൂല്യത്തിളക്കത്തിനുംവേണ്ടി മത്സരിക്കേണ്ട കലാകാരന്മാര്‍ അമ്മയെന്ന മഹനീയമായ ആശയത്തെ ഇങ്ങനെ ചെറുതാക്കരുത്‌. കേരളത്തിലെ പ്രേക്ഷകസമൂഹം ഈ സിനിമാക്കാരുടെ കോപ്രായങ്ങളുടെ ആരാധകരല്ല. അവരുടെ പ്രതിഭയുടെയും കഴിവിന്റെയും ഉപാസകരാണ്‌. എം.എന്‍. വിജയന്‍ ആനയെക്കുറിച്ച്‌ ഒരികക്കല്‍ പറഞ്ഞ അര്‍ത്ഥവത്തായ ഒരു വാചകമുണ്ട്‌: 'ആനയ്ക്ക്‌ സ്വയം ആനയാണെന്ന കാര്യം തിരിച്ചറിയാത്തിടത്തോളം ഏത്‌ ഉണങ്ങിയ ആനക്കാരനും അതിനെ ആനയിച്ചു നടക്കാനാകും.' മലയാള സിനിമയിലെ പ്രതിഭാശാലികളായ അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും സംവിധായകരും സംഘടനയുടെ തൊപ്പിയും തൂവലുകളും കളഞ്ഞ്‌ സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls