കയ്യേറ്റത്തിനും കയ്യൂക്കിനും കോടതിയുടെ പ്രഹരം

Imageപി മുഹമ്മദലി
ആദിവാസികളെ മറയാക്കി വയനാട്ടില്‍ സി പി എം ആരംഭിച്ച ഭുമി കയ്യേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശവും നിരീക്ഷണങ്ങളും സി പി എമ്മിന്‌ പ്രഹരമാവുന്നു.

ഭൂസമരമെന്ന്‌ പേരിട്ട്‌ വയനാട്ടില്‍ സി പി എം ആരംഭിച്ച അതിക്രമങ്ങളെ അന്യായമായ കയ്യേറ്റമായാണ്‌ ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത്‌. അത്‌ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ഭൂപ്രശ്നങ്ങള്‍ക്ക്‌ സമവായത്തിലൂടെ പരിഹാരം കാണണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കയാണ്‌. എന്നാല്‍ ഭരണത്തിന്റെ തണലും കൈക്കരുത്തിന്റെ താങ്ങുമായി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടിയായിരുന്നു സി പി എം സ്വീകരിച്ചത്‌. യഥാര്‍ത്ഥത്തില്‍ ആദിവാസികളുടെ ഭൂപ്രശ്നത്തേക്കാള്‍ സി പി എമ്മിനെ പ്രക്ഷോഭസന്നദ്ധരാക്കിയത്‌ വീരേന്ദ്രകുമാറിനോടുള്ള പകയായിരുന്നു. അത്‌ അതിക്രമരൂപത്തില്‍ ശ്രേയാംസ്കുമാറിന്റെയും ജോര്‍ജ്ജ്‌ പോത്തന്റെയും ഭൂമിയില്‍ അവര്‍ പ്രയോഗിക്കുകയും ചെയ്തു.


ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും പൗരാവകാശങ്ങള്‍ക്ക്‌ രക്ഷയും നിയമവാഴ്ചയെ ശക്തിപ്പെടുത്തുന്നവയുമാണ്‌. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയുള്ള ഭൂപ്രശ്ന പരിഹാരം അസാധ്യമാണെന്ന തിരിച്ചറിവാണ്‌ ഇത്തരം നിരീക്ഷണത്തിന്‌ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്‌.
ആദിവാസി ഭൂപ്രശ്നങ്ങളോടുള്ള യു ഡി എഫിന്റെ നിലപാടും ഇത്‌ തന്നെയായിരുന്നു. ആദിവാസികള്‍ക്ക്‌ ഭൂമി ലഭിക്കാനാവശ്യമായ നടപടി നിയമാനുസൃതവും ജനാധിപത്യ മര്യാദങ്ങള്‍ക്കനുസരിച്ചുള്ളതുമായിരിക്കണമെന്നാണ്‌ യു ഡി എഫ്‌ ആവശ്യപ്പെട്ടത്‌. ഈ ആവശ്യമുന്നയിച്ചുകൊണ്ട്‌ വയനാട്ടില്‍ രാഷ്ട്രീയ പ്രചരണത്തിനൊരുങ്ങുകയാണവര്‍.


ശ്രേയാംസ്കുമാറിന്റെ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡ്‌ നീക്കം ചെയ്യാനുള്ള കോടതി ആവശ്യം കയ്യേറ്റക്കാര്‍ക്ക്‌ മാത്രമല്ല; സര്‍ക്കാരിനും തിരിച്ചടിയാണ്‌. നിയമോപദേശമോ നിയമപരമായ ഏറ്റെടുക്കലോ കൂടാതെയുള്ള ബോര്‍ഡ്‌ സ്ഥാപിക്കല്‍ ഔദ്യോഗികമായി കലക്ടറുടെ പേരിലാണ്‌ നടപ്പാക്കപ്പെട്ടതെങ്കിലും ബോര്‍ഡിന്‌ പകരം മഞ്ഞ ഫ്ലക്സ്‌ ബാനര്‍ സ്ഥാപിച്ചത്‌ സി പി എം അണികള്‍ തന്നെയായിരുന്നു. കയ്യേറ്റത്തിന്റെ നാളുകളില്‍ കലക്ടര്‍ യഥാര്‍ത്ഥത്തില്‍ സി പി എമ്മിന്റെ തടവിലായിരുന്നു. നിയമോപദേശം തേടാന്‍ പോലും സമയമനുവദിക്കാതെ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ കലക്ടറെ പ്രേരിപ്പിച്ചത്‌ സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മറന്നു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക്‌ നയിക്കുന്ന ഭൂമി കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിച്ച വി എസിന്റെ നിലപാടിന്‌ എതിരായും കോടതി പരാമര്‍ശങ്ങളെ വിലയിരുത്താം.


ശ്രേയാംസ്‌ കുമാറിന്റെ ഭൂമിയിലെ ബോര്‍ഡ്‌ മാറ്റേണ്ടി വന്നത്‌ സര്‍ക്കാരിന്റെ നടപടിയിലുള്ള തിരുത്തും കയ്യേറ്റക്കാരുടെ നടപടിയിലുള്ള പ്രായശ്ചിത്തവുമാണ്‌. സി പി എം അണികള്‍ കയ്യേറി ഭൂമി പിടിച്ചെടുത്ത്‌ സര്‍ക്കാരിനെ ഏല്‍പ്പിച്ചെന്ന തരത്തിലാണ്‌ കലക്ടര്‍ അവിടെ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ നിര്‍ബന്ധിതനായത്‌. ഭൂമി ശ്രേയാംസ്‌ കുമാറിന്റേതല്ല; സര്‍ക്കാരിന്റേതാണെന്ന നിഗമനത്തിലെത്തിയത്‌ കോടതിയോ റവന്യൂ അധികൃതരോ അല്ല; സി പി എം ചാനലും മുഖപത്രവുമാണ്‌. അതും ജനതാദള്‍ ഇടത്‌ മുന്നണി വിടാനൊരുങ്ങുമ്പോഴുണ്ടായ 'അന്വേഷണാത്മക' റിപ്പോര്‍ട്ട്‌. പാര്‍ട്ടി നേതാക്കളുടെ പീഡനം സഹിച്ചു അരുതാത്തത്‌ ചെയ്യേണ്ടി വരുന്ന ജില്ലാ ഭരണകൂടത്തിന്റെ ദുരന്തമാണ്‌ ബോര്‍ഡ്‌ മാറ്റാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിലൂടെ പ്രകടമാവുന്നത്‌.


കോടതി നിര്‍ദ്ദേശ പ്രകാരം മൂന്നാഴ്ച ശ്രേയാംസ്കുമാറിന്റെ ഭൂമിക്ക്‌ സംരക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ക്ക്‌ ഗതികേടായി തീരുകയാണ്‌.
കയ്യേറ്റ സമരം കൂടുതല്‍ മുന്നോട്ട്‌ കൊണ്ടുപോകാനാവാതെ പെരുവഴിയില്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന സി പി എം നേതൃത്വത്തിന്‌ കോടതിയുടെ ആവശ്യം ഉര്‍വശി ശാപം ഉപകാരം എന്ന പോലെ അനുഗ്രഹമായി തീരുകയാണ്‌. അക്രമസമരത്തിന്റെ ഒറ്റപ്പെട്ട സി പി എം കോടതിക്കാര്യം പറഞ്ഞു കയ്യേറ്റ സമരം ഉപേക്ഷിച്ചാല്‍ താല്‍ക്കാലിക ആശ്വാസമാവുമെങ്കിലും ആദിവാസികളെ വഞ്ചിച്ചെന്ന ദുഷ്പേര്‌ മാറ്റാനാവില്ല. മാസങ്ങളോളം സി കെ ജാനു നയിച്ച മുത്തങ്ങ സമരത്തിനും ഒന്നരവര്‍ഷക്കാലം ളാഹ ഗോപാലന്‍ നയിച്ച ചെങ്ങറ ഭൂസമരത്തിനും സൃഷ്ടിക്കാന്‍ സാധിച്ച അനുകൂല ഫലം സി പി എമ്മിന്റെ വയനാട്‌ കയ്യേറ്റ സമരത്തിനുണ്ടാക്കാനായില്ല എന്നതും ഏറെ നാണക്കേടുളവാക്കുന്ന സംഗതിയാണ്‌.

 

സി പി എം തുടങ്ങിവെച്ച വയനാട്ടിലെ പുതിയ കയ്യേറ്റ സമരങ്ങള്‍ തീവ്ര ആദിവാസി സംഘടനകള്‍ ഹൈജാക്ക്‌ ചെയ്യുമോ എന്ന ഭീതിയും കയ്യേറ്റ സമരങ്ങള്‍ക്ക്‌ തിരശീലയിടാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നു.
ഭൂപ്രശ്നങ്ങള്‍ക്ക്‌ നിയമാനുസൃത പരിഹാരം കാണാതെ നിയമലംഘനത്തിലൂടെ ആദിവാസികളെ സമരത്തിന്‌ പ്രേരിപ്പിച്ച സി പി എമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനയും കോടതി നിര്‍ദ്ദേശങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കയാണ്‌.
ഭരണത്തണലിലിരുന്നു നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിച്ച നിരുത്തരവാദിത്വത്തിനും വാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി സമൂഹത്തെ വഞ്ചിച്ചതിന്‌ കോടതിക്ക്‌ മുമ്പില്‍ അഡ്വക്കറ്റ്‌ ജനറല്‍ ആണയിട്ടത്‌ പോലെ മുഖ്യമന്ത്രിയും സി പി എം നേതൃത്വവും പൊതുസമൂഹത്തിന്‌ മുമ്പില്‍ മാപ്പ്‌ പറയേണ്ടി വരും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

മലപ്പുറം മദ്യ ദുരന്തത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?