മത്സ്യമേഖലയ്ക്ക്‌ ഉണര്‍വേകാന്‍

Imageഅഡോള്‍ഫ്‌ ജെറോം
ഇന്ത്യയുടെ സമുദ്രമേഖലയേയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും കൂട്ടിയിണക്കി വികസനം, സംരക്ഷണം, അവകാശം എന്നിവ ലക്ഷ്യമാക്കി

അടുത്ത പാര്‍ലമെന്റ്‌ സെക്ഷനില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന രണ്ടു നിയമ നിര്‍മ്മാണങ്ങളാണ്‌ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിര്‍വ്വഹണ നിയമവും പരമ്പരാഗത തീരദേശ സമുദ്രമത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമവും പരസ്പര പൂരകങ്ങളായി നിലകൊള്ളുന്ന പ്രസ്തുത രണ്ടുനിയമങ്ങളും തീര്‍ച്ചയായും രാജ്യത്തിന്റെ സുരക്ഷയ്ക്കും അതുപോലെ ഇന്ത്യയിലെ 75 ലക്ഷം വരുന്ന മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ സംരക്ഷണത്തിനും ഉപോദ്ബലകങ്ങളാണ്‌.


ഇതിലെ മത്സ്യബന്ധന നിയന്ത്രണ നിയമം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ പൂര്‍ണ്ണമായും ദോഷം ചെയ്യുന്നതാണെന്ന്‌ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്‌. ഈ പ്രചാരണം നടത്തുന്ന ഇടതു പക്ഷ കക്ഷികള്‍ ഇതോടൊപ്പം കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമത്തെ� മനഃപൂര്‍വ്വം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്‌. ആസിയാന്‍ കരാറിനെതിരെ ഘോരഘോരം പ്രസംഗിച്ചു നടന്നവര്‍ അതിന്റെ ഉണ്ടകള്‍ തീര്‍ന്നപ്പോള്‍ വൃഥാ അധരവ്യായാമത്തിന്‌ മറ്റൊരു വിഷയത്തെ ഉപയോഗിക്കുന്നു എന്നുമാത്രം. രാജ്യത്തിന്റെ വികസനത്തിനോ ജനങ്ങളുടെ അഭിവൃത്തിക്കോ ഒരിക്കലും ഊന്നല്‍ നല്‍കാത്ത ഇവര്‍ ഇനിയെങ്കിലും സമീപനം മാറ്റി സമൂഹ പുനഃസൃഷ്ടിയ്ക്ക്‌ കൈകോര്‍ക്കണം.


ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ പെട്ടെന്ന്‌ കൊണ്ടുവന്ന ക്യാച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ നിയന്ത്രണവും (ഏത്‌ കടലില്‍ നിന്നും, ഏത്‌ ബോട്ടില്‍ നിന്നുമാണ്‌ മത്സ്യം പിടിച്ചതെന്നുള്ള വേണ്ടപ്പെട്ട അധികാരികള്‍ നല്‍കുന്ന കയറ്റുമതി സര്‍ട്ടിഫിക്കറ്റ്‌) 170 ലോക രാജ്യങ്ങള്‍ ഒപ്പിട്ടു പാസാക്കിയ മത്സ്യബന്ധന നിയന്ത്രണങ്ങളും, രാജ്യ സുരക്ഷയും, മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ഇത്തരത്തില്‍ ഒരു നിയമ നിര്‍മ്മാണത്തിന്‌ നിര്‍ബന്ധിതമായത്‌. ഓരോ സംസ്ഥാനത്തിന്റെയും ടെറിട്ടോറിയല്‍ മേഖലയ്ക്ക്‌ പുറത്തുള്ള സമുദ്രഭാഗത്ത്‌ വിദേശ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള യാനങ്ങളെ നിയന്ത്രിക്കുന്നതിനൊ, മത്സ്യ വിഭവങ്ങളുടെ സംരക്ഷണത്തിനോ, പരിപാലനത്തിനോ, ആവശ്യമായ ഒരു നിയമ വ്യവസ്ഥയും നമ്മുടെ രാജ്യത്ത്‌ ഇതുവരെ രൂപം കൊണ്ടിട്ടില്ല.

 

ഈ സാഹചര്യത്തില്‍ പ്രസ്തുത രണ്ടു നിയമങ്ങളും പ്രധാന്യമര്‍ഹിക്കുന്നതാണ്‌.ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കണ്‍വെന്‍ഷന്‍ അനുസരിച്ച്‌ അതാത്‌ രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയായി (ഋഋദഋഃരഹൗശെ്ല‍ ഋരീി‍ീ‍ാ‍ശര ദീി‍ല) കരയില്‍ നിന്നും കടലിലേയ്ക്ക്‌ 200 നോട്ടിക്കല്‍ മെയില്‍ (375 കി.മീ.) ദൂരമായി നിജപ്പെടുത്തിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ ദ്വീപ സമൂഹം ഉള്‍പ്പെടെ ഏകദേശം 25 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രപ്രദേശം നമുക്ക്‌ അവകാശപ്പെട്ടതാണ്‌. ഈ പ്രദേശത്ത്‌ മറ്റുരാജ്യങ്ങളുടെ ആയുധ വിന്യാസം നിയന്ത്രിക്കാന്‍ അന്തര്‍ദേശീയ തലത്തില്‍ ഒരു ധാരണയും രൂപപ്പെട്ടിട്ടില്ല. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കയും ഫ്രാന്‍സും റഷ്യയും ബ്രിട്ടനും സ്ഥിര താവളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. പെട്രോളിയം, ധാതുമണല്‍, മത്സ്യസമ്പത്ത്‌ എന്നിവയുടെ വിഭവ സമാഹരണത്തിന്‌ അതാത്‌ രാജ്യങ്ങള്‍ക്ക്‌ ഈ മേഖലയില്‍ പൂര്‍ണ്ണ അവകാശമുണ്ട്‌.


വിധ്വംസകശക്തികള്‍ നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുവാന്‍ ലക്ഷ്യമിട്ട്‌ വ്യാപരിക്കുന്ന ഈ സമുദ്ര മേഖല പൂര്‍ണ്ണമായും നിരീക്ഷണ വിധേയമാക്കേണ്ടതാണ്‌. ആയുധ വ്യാപാരം, മയക്കുമരുന്ന്‌, സ്ഫോടക വസ്തുക്കള്‍, കള്ളപ്പണം മുതലായവ വ്യാപകമായി ഇതുവഴി കടത്തുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒരു ഭാഗത്ത്‌ പാക്കിസ്ഥാനും മറുഭാഗത്ത്‌ ബംഗ്ലാദേശും വടക്ക്‌ ഹിമാലയ പര്‍വ്വതവുമാണ്‌. അവിടെ നമ്മുടെ സൈന്യം ജാഗരൂകരായതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ 8000 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഇന്ത്യയുടെ തീരദേശം അതിസങ്കീര്‍ണ്ണമാണ്‌. അന്താരാഷ്ട്ര കപ്പല്‍ പാത ഇതുവഴിയായതിനാല്‍ നിരവധി വിദേശകപ്പലുകള്‍ നിരന്തരം സഞ്ചരിക്കുന്നുമുണ്ട്‌.


നമ്മുടെ രാജ്യത്തിന്റെ കയറ്റുമതി ഇറക്കുമതി വ്യാപാരം 90 ശതമാനവും കടല്‍ വഴിയാണ്‌ നടത്തുന്നത്‌. പാക്കിസ്ഥാന്‍ സമുദ്രമാര്‍ഗ്ഗം വഴി മുബൈ ടാഝോട്ടലില്‍ തീവ്രവാദരൂപത്തില്‍ നടത്തിയ ആക്രമണം ഇന്ത്യയിലെ ജനങ്ങളുടെ കണ്ണ്‌ തുറപ്പിച്ചു. നൂറോളം ജീവന്‍ അപഹരിച്ച ഈ ആക്രമണമാണ്‌ തീരസുരക്ഷയെക്കുറിച്ച്‌ ചിന്തിക്കാന്‍ ഇന്ത്യാഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്‌. തീവ്രവാദികള്‍ക്ക്‌ സ്വൈര വിഹാരം നടത്തുവാന്‍ പറ്റിയ സംസ്ഥാനമായി കേരളവും വിലയിരുത്തപ്പെട്ടിരിക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ കേരളത്തിലും ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. മത്സ്യബന്ധന നിയന്ത്രണ നിയമം ഇന്ത്യയില്‍ പ്രസക്തമാകുന്നത്‌ ഈ സാഹചര്യത്തിലാണ്‌. ഈ ആക്ടിന്റെ 4-ാ‍ം വകുപ്പില്‍ പറഞ്ഞിരിക്കുന്ന മത്സ്യബന്ധന ഭരണ നിര്‍വ്വഹണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്‌ അതാത്‌ സംസ്ഥാനങ്ങളുടെ വിദഗ്ധ അഭിപ്രായ മനുസരിച്ചാണ്‌ എന്ന സൂചനവഴി സംസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം ഈ നിയമത്തില്‍ ഉറപ്പിച്ച്‌ പറയുന്നു.


മത്സ്യബന്ധന നിയന്ത്രണ നിയമം
ഇന്ത്യന്‍ സമുദ്ര മത്സ്യമേഖലയുടെ ക്രമസമാധാന പരിപാലനത്തിനും, മത്സ്യസമ്പത്തിന്റെ ചൂഷണം, വികസനം, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുവാനും, മത്സ്യബന്ധനത്തിനോ അനുബന്ധ പ്രവര്‍ത്തനത്തിനോ ഏര്‍പ്പെടുന്ന യാനങ്ങള്‍ക്ക്‌ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി നിയന്ത്രിക്കുവാനുമാണ്‌ ഈ ബില്ല്‌ ലക്ഷ്യമിടുന്നത്‌. സംസ്ഥാനങ്ങളുടെ ടെറിട്ടോറിയല്‍ മേഖലയായ 12 നോട്ടിക്കല്‍ മെയില്‍ (22 കി.മീ.) കടക്കുന്ന യാനങ്ങള്‍ക്കാണ്‌ ഈ നിയന്ത്രണം യഥാര്‍ത്ഥത്തില്‍ ബാധകമാകുന്നത്‌. നിയമം ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യബന്ധന യാനങ്ങളുടെ ഉടമയ്ക്കും കപ്പിത്താനും 3 വര്‍ഷത്തില്‍ കുറഞ്ഞ തടവും 9 ലക്ഷം രൂപ പിഴയും ലഭിക്കും, അതിലെ തൊഴിലാളികള്‍ 25000 രൂപ പിഴ അടയ്ക്കണം.

 

നിയമം ലംഘിക്കുന്ന വിദേശ മത്സ്യബന്ധന യാനങ്ങളുടെ ഉടമയ്ക്കും കപ്പിത്താനും 3 വര്‍ഷത്തില്‍ കുടുതല്‍ തടവും 20 ലക്ഷം രൂപ പിഴയും ചുമത്തും, അതിലെ ജോലിക്കാര്‍ 50000 രൂപ പിഴയും നല്‍കണം.
ഈ നിയമത്തിന്റെ അനുബന്ധമായി വരുന്ന ഭാഗത്ത്‌ എടുത്ത്‌ പറയുന്ന ചിലഭാഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ സാന്ത്വനം നല്‍കുന്നവയാണ്‌. 35 അടിക്കുതാഴെ നീളമുള്ള ബോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ദ്ദിഷ്ട അതിര്‍ത്തി മനപൂര്‍വ്വമല്ലാതെ ലംഘിച്ചാലോ, ഒരു സീസണില്‍ തുടര്‍ച്ചയായി മൂന്നാംതവണ ലംഘിച്ചാലോ, 10000 രൂപയ്ക്ക്‌ മുകളില്‍ വിലയുള്ള മത്സ്യം ആ ബോട്ടില്‍ ഉണ്ടായിരുന്നാല്‍ മാത്രമേ കുറ്റകരമാകൂ. ഇത്‌ കാറ്റും കോളും വരുമ്പോള്‍ ലക്ഷ്യമില്ലാതെ ഒഴുകിപോകുന്ന ബോട്ടുകളുടെ ഉടമയ്ക്ക്‌ ഗുണകരമാണ്‌.


ലൈസന്‍സ്‌
മത്സ്യബന്ധന യാനങ്ങള്‍ക്ക്‌ നിലവില്‍ മര്‍ച്ചന്റ്‌ ഷിപ്പിംഗ്‌ ആക്ട്‌ പ്രകാരം തുറമുഖ അധികൃതര്‍ നല്‍കുന്ന ലൈസന്‍സും, ങജഋഉഅ (സമുദ്രാല്‍പന്ന കയറ്റുമതി വികസന അതോരിറ്റി) നല്‍കുന്ന സര്‍ട്ടിഫിക്കറ്റും, സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ രജിസ്ട്രേഷനും ഉണ്ട്‌. ഇനിമുതല്‍ 12 നോട്ടിക്കല്‍ മെയില്‍ കടന്ന്‌ മീന്‍ പിടിക്കാന്‍ കേന്ദ്രത്തിന്റെ ഒരു പുതിയ പെര്‍മിറ്റ്‌ കൂടി സ്വന്തമാക്കണം.


മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമം
തീരദേശം അഥവാ കടലോരമേഖലയില്‍ തലമുറകളായി മത്സ്യബന്ധനം നടത്തി ജീവിക്കുന്ന മത്സ്യത്തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയ്ക്കും നിലനില്‍പ്പിനും പരമ്പരാഗത മത്സ്യബന്ധന അവകാശം സംരക്ഷിക്കുന്നതിനും വേണ്ടിയാണ്‌ ഈ നിയമമെന്ന്‌ ആദ്യ ഖണ്ഡികയില്‍ തന്നെ എടുത്തുപറയുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംബന്ധിച്ച്‌ വളരെയേറെ ആനുകൂല്യങ്ങളും, പ്രസക്തിയും, അംഗീകാരവും ഈ നിയമം വഴി നേടിയെടുക്കാനാകും.തീരപ്രദേശത്തെ ആവാസ സംതുലിതാവസ്ഥ സംരക്ഷിച്ച്‌ നിലനിര്‍ത്തുന്നതിനും ഉത്തരവാദിത്വത്തോടുകൂടി സമുദ്രവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ ആജീവനവും സുരക്ഷയും ഉറപ്പുവരുത്തുവാനും ചൂഷണത്തില്‍ നിന്നുമുള്ള മോചനത്തിനും ഈ ബില്ല്‌ ഊന്നല്‍ നല്‍കുന്നു.

 

പരമ്പരാഗത മത്സ്യസമൂഹം എന്ന നിര്‍വ്വചനത്തില്‍ എടുത്തുപറയുന്നത്‌ 2009 ഡിസംബര്‍ 13 ന്‌ മുമ്പുള്ള മൂന്ന്‌ തലമുറകളെങ്കിലും പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം തുടരുന്നവരായിരിക്കണമെന്നാണ്‌. യന്ത്രവല്‍കൃതമല്ലാത്ത മത്സ്യബന്ധന യാനങ്ങളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധന വലകളും ഉപയോഗിക്കുന്നതിനെയാണ്‌ പരമ്പരാഗതം എന്ന്‌ നിര്‍വ്വചനത്തില്‍ പറഞ്ഞിരിക്കുന്നത്‌. ഉപ്പിടല്‍, ഉണക്കല്‍, സംസ്ക്കരണവും വിപണനവും അനുബന്ധ പ്രക്രിയകളും എല്ലാം പരമ്പരാഗത രീതി അവലംബിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം മത്സ്യസമൂഹത്തിന്റെ അധികാര അവകാശങ്ങളും എടുത്തുപറയുന്നു.


തീരദേശത്ത്‌ താമസിക്കുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും ഭൂമി കൈവശം വയ്ക്കുന്നതിനും ജലാശയങ്ങളിലെ മത്സ്യവും മത്സ്യേതര ഉല്‍പന്നങ്ങളിന്മേലുള്ള അവകാശവും നല്‍കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ ആനൂകുല്യങ്ങള്‍, സാമൂഹിക നീതി എന്നിവയും ഉറപ്പ്‌ തരുന്നു. ഈ മേഖലയിലെ വികസന പ്രവര്‍ത്തനത്തിനും, വ്യക്തിത്വ വികസനത്തിനും, ശാസ്ത്ര സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നതിനും, ബാങ്ക്‌ വായ്പ അനുവദിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു. മത്സ്യത്തൊഴിലാളികളുടെ സര്‍വ്വതോന്മുഖമായ വികാസമാണ്‌ ഈ ബില്ല്‌ വഴി കേന്ദ്രഗവണ്‍മെന്റ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഇത്‌ രാജ്യത്ത്‌ നടപ്പാക്കുന്നതിനുവേണ്ട വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന ഭരണ അധികാരികളെ ചുമതലപ്പെടുത്തുന്നു.


തീരദേശ പഞ്ചായത്തുകള്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ തരംതിരിച്ച്‌ പ്രതിപാദിക്കുന്നു. മത്സ്യ സമൂഹം വസിക്കുന്ന പ്രദേശങ്ങളെ പ്രത്യേകം വേര്‍തിരിച്ച്‌ ഭൂപടം തയ്യാറാക്കുന്നതിനും നിര്‍ദ്ദേശമുണ്ട്‌. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു എക്സിക്യുട്ടീവ്‌ കമ്മിറ്റിക്കും അതിനുമേല്‍ സംസ്ഥാന മോണിറ്ററിംഗ്‌ കമ്മിറ്റിക്കും രൂപം കൊടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ മത്സ്യ ഗ്രാമങ്ങളെ തുടച്ചുനീക്കുന്നതിനെതിരെ ശക്തമായ താക്കീതും പരിഹാരവും ഇതില്‍ വിവരിക്കുന്നുണ്ട്‌.


ന്യൂനതകള്‍
എ. സാധാരണയായി 35 നോട്ടിക്കല്‍ മെയില്‍ വരെ 12 മീറ്റര്‍ നീളമുള്ള ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ 12 നോട്ടിക്കല്‍ മെയില്‍ കടന്ന്‌ പോകാന്‍ പാടില്ല എന്ന വ്യവസ്ഥ ആഴക്കടല്‍ വിദേശ കുത്തകകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും തീറെഴുതുന്നതുപോലെയാണ്‌.
ബി. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കടല്‍ മാര്‍ഗ്ഗമുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ മത്സ്യത്തൊഴിലാളികളെ ഇതില്‍ പങ്കാളികളാക്കുന്നില്ല.സി. പെര്‍മിറ്റ്‌ നല്‍കുന്നതിനുള്ള ഉദാരസമീപനം തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ വ്യവസ്ഥ ചെയ്യുന്നതില്‍ നിന്ന്‌ കടല്‍ കടലിന്റെ മക്കള്‍ക്ക്‌�എന്ന വാദത്തെ വിസ്മരിക്കുന്നു.
ഡി. കടലിലെ മത്സ്യസമ്പത്തിന്റെ സുസ്ഥിരതയ്ക്കും കടല്‍ ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിനും ഭീഷണയാകുന്ന ആധുനിക വിദേശ കപ്പലുകള്‍ക്ക്‌ മാത്രമായി രാജ്യസുരക്ഷയ്ക്ക്‌ പ്രധാന്യം നല്‍കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഒന്നും ഇതില്‍ നിഷ്കര്‍ഷിക്കുന്നില്ല.
ഇ. മത്സ്യത്തൊഴിലാളികള്‍ക്ക്‌ ബാധകമായ 12 നോട്ടിക്കല്‍ മെയില്‍ അതിര്‍ത്തിരേഖ തിരിച്ചറിയാന്‍ സമുദ്രത്തില്‍ അടയാളങ്ങള്‍ ഇടുക ദുഷ്ക്കരമാണ്‌.
എഫ്‌. നിയമലംഘനം നടത്തുന്ന തദ്ദേശിയര്‍ക്കുള്ള ശിക്ഷ അതാത്‌ സംസ്ഥാനങ്ങളും വിദേശികള്‍ക്കുള്ള ശിക്ഷ കേന്ദ്ര ഗവണ്‍മെന്റും നടപ്പിലാക്കേണ്ടതാണ്‌.
ജി. മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണനിയമം വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങളും സംരക്ഷണവും സ്വാതന്ത്ര്യവും അതോടൊപ്പം അവതരിപ്പിക്കുന്ന മറ്റൊരു ബില്ലായ സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം വഴി പൂര്‍ണ്ണമായും മത്സ്യതൊഴിലാളികള്‍ക്ക്‌ ലഭിക്കുന്നില്ല.
എച്ച്‌. മുരാരി കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളതുപോലെ പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളെയും ആഴക്കടല്‍ മത്സ്യബന്ധനത്തിന്‌ പ്രോത്സാഹിപ്പിക്കുന്നതരത്തില്‍ പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശവും ഇതില്‍ ഇല്ല.
(കേരള പ്രദേശ്‌ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌ ലേഖകന്‍)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls