വയനാട്ടില്‍ കൊടികുത്തിയത്‌ സി.പി.എമ്മിന്റെ ആനപ്പക

Imageഎം.എം ഹസ്സന്‍

ഹൈക്കോടതി അദ്ഭുതപ്പെടുകയാണ്‌. ജനതാദളിന്റെ രാഷ്ട്രീയ നിലപാടില്‍ വന്ന മാറ്റമാണോ വയനാട്ടില്‍ ഇപ്പോള്‍ ഭൂമിപ്രേമം സര്‍ക്കാരിനുണ്ടാകാന്‍ കാരണമെന്ന്‌. എല്ലാരും ചോദിക്കുന്നതും അതു തന്നെ.

വയനാടും ഭൂമിയും വീരേന്ദ്രകുമാറും ശ്രേയാംസ്‌ കുമാറുമൊക്കെ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണ്‌. സി.പി.എമ്മും ജനതാദളുമായി നല്ല ബന്ധമായിരുന്നു താനും. സി.പി.എമ്മിലെ തമ്മില്‍ തല്ല്‌ ജനതാദളിന്റെ മേലേക്ക്‌ നീണ്ടതോടെ അവര്‍ പുറത്തായി. ചവിട്ടിപ്പുറത്താക്കിയതാണെന്ന്‌ വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്‌. അതോടെയാണ്‌ സി.പി.എം വയനാടും കൃഷ്ണഗിരിയും കണ്ടെത്തുന്നതും കോടതി വിധികളെ പറ്റി ഓര്‍ക്കുന്നതും. സ്നേഹിച്ചാല്‍ നക്കിക്കൊല്ലും പിണങ്ങിയാല്‍ ഞെക്കിക്കൊല്ലും എന്നതാണല്ലോ അടവ്‌ നയം.


ആദിവാസികളെ ചട്ടുകമാക്കിയാണ്‌ വയനാട്ടിലെ കളി. അതാകട്ടെ ഇടതുപക്ഷത്തെ ആദിവാസികളോടും. ഇടതു ചിന്തയും സോഷ്യലിസ്റ്റ്‌ ആശയവും കൊണ്ട്‌ ഇടതുധാരയിലെ ആദിമവാസികളാണല്ലോ ജനതാദളുകാര്‍. പേര്‌ മാറിയെങ്കിലും ലോഹിയിസ്റ്റുകളെ മറക്കാനാവില്ല. യു.ഡി.എഫില്‍ വരാന്‍ ആരെയും ഒന്നിനെയും തള്ളിപ്പറയാന്‍ ഞങ്ങള്‍ അവരോട്‌ ആവശ്യപ്പെട്ടുമില്ല. അപ്പോള്‍ ആശയധാരയിലെ ആദ്യ പഥികരെ നേരിടാന്‍ ഭൂമിയുടെ ആദ്യ അവകാശികളെ തന്നെ കണ്ടെത്തിയത്‌ തന്ത്രമാകാം. ഒരു തരം ബാലന്‍സിംഗ്‌ ആക്ട്‌. ആദിവാസികളെ ആയുധമാക്കിയതേ ഉള്ളുവെന്ന്‌ എല്ലാവര്‍ക്കും അറിയാം. ശരിക്ക്‌ കളിക്കുന്നത്‌ വന്ന വാസികളാണ്‌. വിരോധം തീര്‍ക്കലിനപ്പുറം ഒരു ചുക്കും ഈ നാടകത്തില്‍ ഇല്ല. അല്ലെങ്കില്‍ തന്നെ 14 ഏക്കര്‍ കൊണ്ടല്ലേ നാട്ടിലെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ പോകുന്നത്‌?
ഈ തുണ്ട്‌ ഭൂമി തേടി കൃഷ്ണഗിരി കയറിയവര്‍ മറക്കുന്ന ഒന്നുണ്ട്‌.

 

നാട്ടിലെവിടെയൊക്കെ മിച്ചഭൂമി ഉണ്ടെന്ന്‌. സംശയമുള്ളവര്‍ക്ക്‌ വി.എസിനോട്‌ തന്നെ ചോദിക്കാം. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ കാണാതെ പഠിച്ചതൊക്കെ ഇപ്പോള്‍ അദ്ദേഹം ഓര്‍ക്കാറില്ലെങ്കിലും ഞങ്ങള്‍ക്ക്‌ ഓര്‍മിപ്പിക്കാതിരിക്കാനാകില്ല. ടാറ്റയുടെ 50,000 ഏക്കറിന്‌ എന്തു പറ്റി വി.എസേ? വനവും പരിസ്ഥിതിയും മൂലം അത്‌ ആദിവാസികള്‍ക്ക്‌ വീതിച്ച്‌ നല്‍കാന്‍ പറ്റില്ലെന്ന്‌ വാദിച്ചാല്‍ മറ്റൊരു കാര്യം ഓര്‍മിപ്പിക്കാം. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കയ്യിലുള്ള 76,769 ഏക്കറിന്‌ എന്തുപറ്റി? സംസ്ഥാനത്തെ ഭൂമിപ്രശ്നം മുഴുവന്‍ പരിഹരിക്കാന്‍ അത്‌ മതിയാകുമല്ലോ? എന്തേ ജെ.സി.ബിയും ബോര്‍ഡും കലക്ടര്‍മാരും പൂച്ചകളുമൊന്നും അതന്വേഷിച്ച്‌ പോകുന്നില്ല? ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ ഇപ്പോള്‍ ഗോയങ്കയുടെ കയ്യിലാണ്‌. എന്തേ വര്‍ഗ സമര നായകന്മാര്‍ക്ക്‌ ഗോയങ്കയെ തൊടാന്‍ മടി?


ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ 76,769 ഏക്കര്‍ കയ്യേറിയെന്ന്‌ ഞങ്ങളാരും പറഞ്ഞതല്ല. വി.എസിന്റേത്‌ പോലെയുള്ള തലയും വാലുമില്ലാത്ത കണക്കുമല്ല. ലഭ്യമായ ഏറ്റവും ആധികാരികമായ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലാണത്‌. ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയെ കുറിച്ച്‌ പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്‌ 2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്‌. നിവേദിത പി.ഹരന്റെ നേതൃത്വത്തിലുള്ള സമിതി 2007ല്‍ റിപ്പോര്‍ട്ട്‌ നല്‍കി. ആ റിപ്പോര്‍ട്ടിലാണ്‌ കയ്യേറ്റത്തിന്റെ ഭീകര ചിത്രമുള്ളത്‌. ആറ്‌ ജില്ലാ കലക്ടര്‍മാരും സമിതിയിലുണ്ടായിരുന്നു. വിശദമായ പഠനത്തിന്‌ ശേഷമാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. അതിന്റെ ആധികാരികത ഇന്ന്‌ വരെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്നിട്ടുമെന്തേ വി.എസ്‌. അനങ്ങുന്നില്ല?

 

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിന്‌ വനം, റവന്യു, തൊഴില്‍, റജിസ്ട്രേഷന്‍ വകുപ്പ്‌ മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട്‌ തലയ്ക്കല്‍ വച്ച്‌ കിടന്നുറങ്ങുകയാണ്‌ ഈ മന്ത്രിമാര്‍. ഇക്കാര്യത്തില്‍ നിയമപ്രശ്നങ്ങളെ ഭയക്കേണ്ട കാര്യവുമില്ല. കാരണം നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചപ്പോള്‍ അതില്‍ പറയുന്ന ഭൂമി ഏറ്റെടുക്കുന്നതിന്‌ എന്തെങ്കിലും നിയമതടസമുണ്ടോ എന്നു പരിശോധിക്കാന്‍ ജസ്റ്റിസ്‌ മനോഹരന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഒരു നിയമപ്രശ്നവുമില്ലെന്നാണ്‌ ജസ്റ്റിസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എന്നിട്ടുമെന്തേ സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നു? എന്തായാലും ചിലത്‌ സംശയിക്കാന്‍ വകയുള്ള കാര്യമാണിത്‌. ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്‌ കൂടാതെ 500 കോടി രൂപയുടെ പാട്ടകുടിശിക ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ സര്‍ക്കാരിലടയ്ക്കാനുണ്ടെന്നതും മറക്കരുത്‌.

 

അത്‌ പിരിക്കാനും ഒരു നടപടിയുമായിട്ടില്ല. നന്നായി തന്നെ സംശയിക്കാവുന്ന കാര്യങ്ങളാണിത്‌. സഖാക്കന്മാരുടെ ആരുടെയും പ്രസംഗത്തിലും ഈ ഭൂമിയോ തുകയോ പെടുന്നുമില്ല. ഈ ഭൂമി കളഞ്ഞിട്ടാണ്‌ കൃഷ്ണഗിരിയിലെ 14 ഏക്കര്‍ തപ്പി സി.പി.എം നടക്കുന്നത്‌. വയനാട്ടിലും ഹാരിസണ്‍ മലയാളത്തിന്റെ കയ്യേറ്റമുണ്ട്‌. അത്‌ കണ്ടില്ലെന്ന്‌ നടിച്ചാല്‍ പ്രശ്നമാകുമെന്ന്‌ വന്നപ്പോള്‍ കുറച്ച്‌ ആദിവാസികളെ കൊണ്ട്‌ അവിടെയും കൊടികുത്തിച്ചു. അത്‌ ശുദ്ധ തട്ടിപ്പാണ്‌. അവിടെ ബോര്‍ഡ്‌ വയ്ക്കാന്‍ കലക്ടര്‍ക്ക്‌ തോന്നിയിട്ടുമില്ല. തോന്നില്ലല്ലോ. കലക്ടറെ ഫോണിലൂടെ സ്നേഹിക്കുന്ന ജില്ലാ സെക്രട്ടറിക്കും ഈ ഭൂമിയെ പറ്റി ഒന്നും പറയാനില്ല.


മൂന്നാര്‍ വിഷയത്തില്‍ ആകെ നാറിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഒരു പിടിവള്ളി. അതു മാത്രമാണ്‌ കൃഷ്ണഗിരിയിലെ അതിഭയങ്കര സംഭവങ്ങള്‍. എന്തായാലും കോടതി അതിന്റെ വിധി തീരുമാനിക്കട്ടെ. പ്രതിപക്ഷത്തിന്റെ നിലപാട്‌ ഇക്കാര്യത്തില്‍ വ്യക്തമാണ്‌. സംസ്ഥാനത്ത്‌ എവിടെയൊക്കെ കയ്യേറ്റമുണ്ടോ അതൊക്കെ ഒഴിപ്പിക്കണം. ഭൂരഹിതരായ ആദിവാസികള്‍ക്കെല്ലാം ഭൂമി നല്‍കണം. എന്നാല്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ കുടിയേറ്റക്കാരെ വേട്ടയാടാന്‍ പാടില്ല. സര്‍ക്കാരിന്‌ പ്രതിപക്ഷം നല്‍കിയിരിക്കുന്ന ബ്ലാങ്ക്‌ ചെക്കാണിത്‌. എന്നിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ സമീപനത്തിലാണ്‌ ദുരൂഹത. കയ്യേറ്റങ്ങളുണ്ടെങ്കില്‍ അതൊഴിപ്പിക്കുന്നത്‌ നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണമെന്നതും നിര്‍ബന്ധമാണ്‌. അല്ലാതെ ആര്‍ക്കും എന്തും ആകാമെന്ന സ്ഥിതിയാണെങ്കില്‍, അതിന്‌ സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെങ്കില്‍, അരാജകത്വമാകും ഫലം.


സ്വന്തം സര്‍ക്കാര്‍ ഭരണത്തിലുണ്ടായിട്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്നാണ്‌ സി.പി.എം. വയനാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. നിയമലംഘനത്തിന്‌ കൂട്ടു നില്‍ക്കാത്ത കലക്ടറെ പരസ്യമായി ശകാരിക്കുന്ന മുഖ്യമന്ത്രി വി.എസ്‌ അല്ലാതെ മറ്റാരുണ്ടാകും? സ്വന്തം സര്‍ക്കാരിനെ നോക്കുകുത്തിയാക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയെ എന്ത്‌ നല്‍കി ആദരിക്കണമെന്ന കാര്യത്തിലാണ്‌ സംശയം. ടാറ്റയുടെ കൈവശമുണ്ടെന്ന്‌ അച്യുതാനന്ദന്‍ പറഞ്ഞ 50,000 ഏക്കറും ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുണ്ടെന്ന്‌ അന്വേഷണ സമിതി കണ്ടെത്തിയ എഴുപതിനായിരത്തിലധികം ഏക്കറും ചേര്‍ന്നാല്‍ ഒന്നേകാല്‍ ലക്ഷത്തോളം ഏക്കറായി. ഇത്രയും ഭീമമായ കയ്യേറ്റ ഭൂമി ഏറ്റെടുക്കാന്‍ നിസാരമായി സര്‍ക്കാരിന്‌ സാധിക്കുമെന്നിരിക്കേ അത്‌ മറന്ന്‌ മറ്റ്‌ കളികള്‍ കളിക്കുന്നത്‌ അപഹാസ്യമാണ്‌.


ആനപ്പകയാണ്‌ സി.പി.എമ്മിന്‌. വിരോധമുള്ളവരെ പിന്തുടര്‍ന്ന്‌ വേട്ടയാടുകയാണവര്‍. ഒരു ഉളുപ്പുമില്ലാതെ. ജനം ഇത്‌ മനസിലാക്കുന്നുണ്ടെന്നത്‌ അവര്‍ക്കൊരു പ്രശ്നമല്ല. ജനം എന്ത്‌ മനസിലാക്കുന്നുവെന്ന്‌ അവര്‍ക്ക്‌ മനസിലാകാത്തതുമാകാം. അല്ലെങ്കില്‍ കഴിഞ്ഞാഴ്ച വി.എസ്‌. നടത്തിയതു പോലൊരു പ്രസ്താവന ആരെങ്കിലും നടത്തുമോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനമനസിനെ കീഴടക്കിയിരിക്കുകയാണത്രെ. തന്റെ നാലു വര്‍ഷത്തെ ഭരണത്തെ പറ്റി ജനങ്ങള്‍ അങ്ങിനെയാണ്‌ വിലയിരുത്തുന്നതെന്ന്‌ മനസിലാക്കുന്നൊരു മുഖ്യമന്ത്രിയെ പറ്റി പ്രതികരിക്കാതിരിക്കുകയാണ്‌ ഭേദം. പരസ്യമായി മുഖ്യമന്ത്രിക്ക്‌ അങ്ങിനയേ പറയാനാകൂ എന്നറിയാം. പക്ഷേ, പറഞ്ഞ കാര്യം ആത്മാര്‍ഥമായി തന്നെ അദ്ദേഹം വിശ്വസിക്കുന്നുണ്ടെന്നതാണ്‌ തലസ്ഥാനവിശേഷം. നല്ല വിശേഷം. അദ്ദേഹമങ്ങിനെ വിശ്വസിച്ചോട്ടെ. രണ്ടാം ബാല്യത്തില്‍ കാര്‍ന്നോന്മാരെ വല്ലാതെ തിരുത്താന്‍ ആരും മെനക്കെടില്ലല്ലോ? പിണറായി ഒഴികെ.


വയനാട്ടില്‍ വല്ല്യേട്ടന്‍ കയ്യേറിക്കളിക്കുമ്പോള്‍ ഞങ്ങളീ നാട്ടുകാരല്ലെന്ന മട്ടില്‍ നടക്കുകയാണ്‌ സി.പി.ഐ. വനം, റവന്യു വകുപ്പുകള്‍ കയ്യിലിരിക്കുമ്പോഴാണീ മൗനം. അതിന്റെ കളി ഞങ്ങള്‍ക്കറിയാം. ബോധോദയം ഉണ്ടായത്‌ പോലെ വി.പി.രാമകൃഷ്ണപിള്ള എന്തോ പറഞ്ഞു. പറഞ്ഞത്‌ പിന്‍വലിക്കല്‍ കലയാക്കിയ മഹാനായത്‌ കൊണ്ട്‌ മൊഴിഞ്ഞതിനുള്ള വില കീറച്ചാക്കിന്റേതാണ്‌. മറ്റ്‌ ചില മൗനികളുമുണ്ട്‌ മന്ത്രിസഭയിലും മുന്നണിയിലും. ഒടുവില്‍ മൊഴിയാന്‍ തോന്നുമ്പോഴേക്കും ജനം സര്‍ക്കാരിന്‌ വായ്ക്കരി ഇട്ടിരിക്കുമെന്ന്‌ കൂട്ടിയാല്‍ മതി. വയനാട്ടില്‍ നിന്ന്‌ കേള്‍ക്കുന്ന മറ്റ്‌ കാര്യങ്ങള്‍കൂടി പറയാം. വടി കൊടുത്ത്‌ അടി വാങ്ങുന്ന മൂന്നാര്‍ മോഡല്‍ തന്നെയാണ്‌ വയനാട്ടിലും ആവര്‍ത്തിക്കുന്നത്‌.

 

ശ്രേയാംസ്കുമാറിനെ തേടിപ്പോയ പക തിരിച്ചടിക്കുകയാണ്‌. അവിടുത്തെ ഇടതു നേതാക്കള്‍, അതും ജനപ്രതിനിധികള്‍ തന്നെ വന്‍തോതില്‍ ഭൂമി കയ്യേറിയിരിക്കുന്ന കഥയാണ്‌ മാധ്യമങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്‌. മൂന്നാറിലെ പാര്‍ട്ടി ഓഫിസുകള്‍ വരുത്തിയ വിന പോലെ മറ്റൊന്ന്‌. ഇക്കാര്യങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആകുന്നതെല്ലാം ഞങ്ങള്‍ ചെയ്യും. അതിനുള്ള ബൃഹത്തായ പ്രചാരണ പരിപാടിക്ക്‌ കോണ്‍ഗ്രസും യു.ഡി.എഫും തയാറാവുകയാണ്‌. നിയമസഭയും വരുന്നു. വി.എസും സഖാക്കളും ഉത്തരം പറഞ്ഞ്‌ മലകയറും. തീര്‍ച്ച.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls