|
ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് സമാപിച്ചു |
|
കണ്ണൂര്‍: സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും അറിവുകളെ സ്വാംശീകരിച്ച് ഔചിത്യബോധത്തോടെയും വിവേചന ബുദ്ധിയോടെയും സമീപിച്ചും ചരിത്രകാരന്‍മാര്‍ രചന നടത്തേണ്ടത് ചരിത്രകാരന്‍മാരുടെ ദൗത്യമാണെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഇര്‍ഷാദ് ആലം അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രകാരന്‍മാരുടെ മുന്‍വിധികളും വ്യാഖ്യാനങ്ങളും ചരിത്രരചനയെ സ്വാധീനിക്കാറുണ്ടെന്നും ഇത് ഒരു സാര്‍വകാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാചീന ഗ്രീക്ക് ചരിത്രരചനയില്‍ ഹെറഡോട്ടസ്, തൂസിസൈഡ്സ് എന്നിവര്‍ക്കുള്ള പ്രാധാന്യമാണ് മധ്യകാല ഇന്ത്യാചരിത്ര രചനയില്‍ കല്‍ഹണനും ബറനിക്കും അബ്ദുള്‍ഫസലിനും ഫെരിസ്കയ്ക്കും ഉള്ളത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ നാമിയാര്‍ ചിന്താപദ്ധതിയുടെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ദാദാബായ് നവറോജിയും മഹാത്മാഗാന്ധിയും നാമിയാര്‍ ചിന്താപദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ്. 1973 ലെ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ നിയമാവലി പ്രാദേശി വികാരങ്ങള്‍ക്കും സങ്കുചിത രാഷ്ട്രീയ കാഴ്പ്പാടുകള്‍ക്കും അപ്പുറത്തായിരിക്കണം ചരിത്രരചനയെന്ന് വ്യക്തമാക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടന്ന ചരിത്ര കോണ്‍ഗ്രസില്‍ മുന്നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അറുന്നൂറോളം പ്രതിനിധികള്‍ വിവിധ സര്‍വകലാശാലകളെ പ്രതിനിധീകരിച്ചു. കേരളത്തിന്റെ സാംസ്കാരിക സ്വത്വ നിര്‍മിതിയില്‍ പാര്‍ശ്വസ്ഥങ്ങളായ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചരിത്രം കൂടി അപഗ്രഥന വിധേയമാക്കേണ്ടതുണ്ടെന്ന് മുപ്പതാം ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
സ്വാമി ആനന്ദതീര്‍ത്ഥ ഹാളില്‍ നടന്ന സമാപനസമ്മേളത്തില്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ പ്രസിഡന്റ് ഒ അനന്തരാമയ്യ അധ്യക്ഷനായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല റജസ്ട്രാര്‍ പ്രൊഫ കെ എം അബ്ദുള്‍ റഷീദ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, പ്രൊഫ കെ എസ് മാത്യു, പ്രൊഫ പി ജഗദീശന്‍, ഡോ ഡി ഡാനിയേല്‍, പ്രൊഫ ടി പി ശങ്കരന്‍കുട്ടി നായര്‍, പ്രൊഫ ഇ ഇസ്മായില്‍, ഡോ ജി പ്രേംകുമാര്‍ സംസാരിച്ചു. |