വയനാട്ടില്‍ രാഷ്ട്രീയ പകപോക്കലിന്‌ വീണ്ടും ഭൂമികയ്യേറ്റം; സി പി എം ഒറ്റപ്പെടുന്നു

Imageഎ.എസ്‌ ഗിരീഷ്‌
കല്‍പ്പറ്റ:
ഭരണത്തിന്റെ തണലില്‍ പൊലീസിനെ നോക്കുകുത്തിയാക്കി ജില്ലയില്‍ വീണ്ടും എ കെ എസിന്റെ അഴിഞ്ഞാട്ടം. എം വി ശ്രേയാംസ്കുമാര്‍ എം എല്‍ എയുടെ കൃഷ്ണഗിരിയിലെ കൈവശഭൂമിയില്‍ കുടില്‍ കെട്ടിയതിന്‌ പിന്നാലെ

വയനാട്‌ ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജോര്‍ജ്ജ്‌ പോത്തന്റെ കൈവശഭൂമിയും എ കെ എസ്‌ കയ്യേറി. കല്‍പ്പറ്റ നഗരസഭ പരിധിയില്‍പ്പെട്ട വെള്ളാരംകുന്നിലുള്ളതാണ്‌ കയ്യേറിയ ഭൂമി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എ കെ എസ്‌ നടത്തുന്ന സമരാഭാസത്തിന്‌ നിയമം സംരക്ഷിക്കേണ്ട ഭരണകര്‍ത്താക്കളും കൂട്ടുനില്‍ക്കുകയാണ്‌. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുംവിധം സി പി എം മുഖപത്രവും കൂടുതല്‍ ഭൂമി കയ്യേറാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്‌.എം പി വീരേന്ദ്രകുമാറിന്റെ വീട്‌ സ്ഥിതി ചെയ്യുന്ന ഭൂമി പിടിച്ചെടുക്കാനാണ്‌ പാര്‍ട്ടി മുഖപത്രം ഇന്നലെ ആഹ്വാനം ചെയ്തത്‌. ഭൂമി കൊടുക്കാമെന്ന്‌ വ്യാമോഹിപ്പിച്ച്‌ ആദിവാസികളെ അക്രമത്തിലേക്ക്‌ നയിക്കുന്ന സമീപനം സി പി എമ്മും എ കെ എസും തുടരുകയാണ്‌. മുന്‍കാലങ്ങളില്‍ എ കെ എസും സി പി എമ്മും കയ്യേറിയ ഭൂമികളില്‍ ഇപ്പോഴും ആദിവാസികള്‍ നരകയാതനയാണ്‌ അനുഭവിക്കുന്നത്‌. ഈ അവസരത്തിലാണ്‌ വീണ്ടും കയ്യേറ്റ സമരവുമായി സി പി എം രംഗത്തെത്തിയത്‌.


ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട്‌ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ സി പി എം പ്രകടനപത്രികയിലൂടെ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ മുത്തങ്ങ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചില്ലെന്ന്‌ മാത്രമല്ല, പുതിയതായി അഞ്ചു കേസുകള്‍ എടുക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്തത്‌. ഭൂമി വിതരണവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരും മുഖ്യമന്ത്രിയും ചില പ്രഖ്യാപനനാടകങ്ങള്‍ നടത്തുക മാത്രമാണ്‌ ചെയ്തത്‌. ഇക്കാര്യത്തില്‍ മറ്റൊരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തെ തുടര്‍ന്ന്‌ ആദിവാസികള്‍ വ്യാപകമായി പാര്‍ട്ടിയില്‍ നിന്ന്‌ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ തടയിടുന്നതിന്റെ ഭാഗമാണ്‌ ഇപ്പോഴത്തെ കയ്യേറ്റസമരം. അനധികൃതമായ ഇത്തരം കയ്യേറ്റങ്ങള്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്‌. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തുന്ന കാഴ്ചയ്ക്കാണ്‌ രണ്ട്‌ ദിവസമായി ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്‌.

 

നിയമത്തെ കാറ്റില്‍ പറത്തി, നിയമപാലകരെ കൂട്ടുപിടിച്ച്‌, ഭരണകര്‍ത്താക്കളുടെ ഒത്താശയോടെയുള്ള ഈ നടപടി സി പി എമ്മിനെ ഒറ്റപ്പെടുത്തികഴിഞ്ഞു.സി പി എം നിയന്ത്രണത്തിലുള്ള എ കെ എസിന്റെ നേതൃത്വത്തിലുള്ള ഭൂമി കയ്യേറ്റം നടന്ന കൃഷ്ണഗിരി വില്ലേജില്‍ നൂറോളം ഏക്കര്‍ റവന്യു ഭൂമി വന്‍കിടക്കാരുടെ കൈവശത്തിലുണ്ടെങ്കിലും ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം പി വീരേന്ദ്രകുമാറിന്റെ മകനും കല്‍പ്പറ്റ എം എല്‍ എയുമായ ശ്രേയാംസ്കുമാറിന്റെ ഭൂമിയില്‍ മാത്രം കയ്യേറ്റം നടത്തിയ സി പി എമ്മിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണ്‌. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ നിലപാട്‌ മാറ്റത്തിനുള്ള തിരിച്ചടിയായാണ്‌ കൃഷ്ണഗിരിയിലെ ആദിവാസി ഭൂസമരം. കൃഷ്ണഗിരി വില്ലേജില്‍ വീരേന്ദ്രകുമാര്‍ തന്നെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കൈമാറ്റം ചെയ്ത മലന്തോട്ടം എസ്റ്റേറ്റില്‍ ചെറുകിട താമസക്കാരെ ഒഴിവാക്കിയാല്‍ 60 ഏക്കറോളം വരുന്ന സ്ഥലം പട്ടയമില്ലാത്ത സര്‍ക്കാര്‍ ഭൂമിയാണ്‌.

 

ഇതില്‍ വന്‍കിടക്കാരായ ചിലര്‍ കൈവശം വെച്ചിരുന്ന സ്ഥലത്തുനിന്നുള്ള കോടികള്‍ വിലമതിക്കുന്ന മരങ്ങളില്‍ ഭൂരിഭാഗവും മുറിച്ച്‌ കടത്തിയിട്ടും ചെറുവിരല്‍ പോലും അനക്കാന്‍ സി പി എം നേതൃത്വം തയ്യാറായിട്ടില്ല. ഇപ്പോഴും ഇവിടെ നിന്നും മരം മുറിച്ച്‌ കടത്തിക്കൊണ്ടിരിക്കുകയാണ്‌. മലന്തോട്ടം എസ്റ്റേറ്റിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന പാതിരി എസ്റ്റേറ്റിലും 40 ഓളം ഏക്കര്‍ റവന്യു ഭൂമിയുണ്ടെങ്കിലും ഇത്‌ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യാന്‍ തയ്യാറായിട്ടില്ല. വീരേന്ദ്രകുമാര്‍ ഇടതുപക്ഷ മുന്നണിയോടൊപ്പമുണ്ടായിരുന്ന കാലത്തൊന്നും ഈ ഭൂമിയില്‍ ഒരു പ്രശ്നവും സി പി എം ഉണ്ടാക്കിയിരുന്നില്ല.


കാഡ്ബറീസ്‌ കമ്പനിയുടെ 180 എക്കറില്‍ നിന്ന്‌ 117.48 ഏക്കര്‍ ഭൂമി ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ ജോര്‍ജ്‌ പോത്തന്‍, പങ്കാളികളായ പി സി മാത്യു, തോമസ്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന്‌ 1999ലാണ്‌ രജിസ്റ്റര്‍ ചെയ്ത്‌ വാങ്ങിയത്‌. ഇതില്‍ 50 ഏക്കര്‍ ഭൂമി കിന്‍ഫ്ര പാര്‍ക്ക്‌ തുടങ്ങാന്‍ സര്‍ക്കാരിന്‌ നല്‍കിയിരുന്നു. അവശേഷിക്കുന്ന 67 ഏക്കര്‍ ഭൂമിയിലാണ്‌ ഇന്നലെ രാവിലെ 11.15 ഓടെ 200-ഓളം വരുന്ന ആദിവാസികള്‍ അതിക്രമിച്ചുകടന്നത്‌. സംഭവം നടക്കുമ്പോള്‍ നിരവധി പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍ കൂട്ടാക്കിയില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls