|
അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ വിസ്മയഭരിതരായി ആലുവയിലെ പൊലീസും ക്യാമ്പ് അംഗങ്ങളും
കൊച്ചി: ശിവസേനയുടെ ഭീഷണിയും വെല്ലുവിളിയും അവഗണിച്ച് മുംബൈയില്‍ ട്രെയിന്‍ യാത്ര നടത്തിയും പരിപാടികളില്‍ പങ്കെടുത്തും രാജ്യത്തെ ഞെട്ടിച്ച കോണ്‍ഗ്രസ്
ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇന്നലെ അപ്രതീക്ഷിതമായി കൊച്ചിയിലെത്തി കെ.എസ്.യു നേതൃപഠന ക്യാമ്പില്‍ ആവേശം വിതച്ചു.രാവിലെ 11.15നാണ് അദ്ദേഹം പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഉടന്‍തന്നെ ആലുവയ്ക്കടുത്ത് ഇടത്തലയില്‍ നടക്കുന്ന കെ.എസ്.യു ക്യാമ്പിലേക്ക് പോയി. എന്‍.എസ്.യു പ്രസിഡണ്ട് ഹൈബി ഈഡനും കെ.എസ്.യു പ്രസിഡണ്ട് ഷാഫി പറമ്പിലും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. അപ്രതീക്ഷിതമായി ക്യാമ്പിലെത്തിയ രാഹുലിനെ ഹര്‍ഷാരവത്തോടെയാണ് അണികള്‍ വരവേറ്റത്. കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും താഴെത്തട്ടുമുതല്‍ ശക്തിപ്പെടുത്തണമെന്ന് രാഹുല്‍ പറഞ്ഞു. മുംബൈയിലെ തന്റെ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. മുംബൈ എല്ലാ ഇന്ത്യക്കാരനുമുള്ളതുമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ ശിവസേന ആഹ്വാനം ചെയ്ത പ്രതിഷേധം നിഷ്ഫലമായി. 15 പേര്‍ കരിങ്കൊടി കാണിച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് തന്നെ സ്വീകരിക്കാനും അഭിവാദ്യമര്‍പ്പിക്കാനും തടിച്ചുകൂടിയത്. വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാമെന്ന ശിവസേനയുടെ ആഗ്രഹം നിഷ്ഫലമാകുമെന്നും ഇത് രാഷ്ട്രീയ വിഡ്ഢിത്തമാണെന്നും രാഹുല്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഒന്നരമണിക്കൂറോളം ക്യാമ്പില്‍ ചെലവഴിച്ചശേഷമാണ് രാഹുല്‍ മടങ്ങിയത്. ക്യാമ്പില്‍ നിന്ന് പുറത്തിറങ്ങിയ രാഹുല്‍ കാത്തുനിന്നിരുന്ന കുട്ടികള്‍ നല്‍കിയ പൂക്കള്‍ വാങ്ങി അവരുമായി കുറച്ചുസമയം ചിലവഴിച്ചശേഷമാണ് മടങ്ങിയത്. രാഹുലിനെ കാണാനായി സമീപത്തുള്ള വീടുകള്‍ക്കുമുന്നില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവരെയും അദ്ദേഹം അഭിവാദ്യം ചെയ്തു.മുംബൈ സന്ദര്‍ശനത്തിനുശേഷം പോണ്ടിച്ചേരിയിലെത്തിയ രാഹുല്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി മുഖാമുഖത്തില്‍ പങ്കെടുത്തിരുന്നു. അവിടെനിന്ന് ചെന്നൈയില്‍ വന്നശേഷം പൊടുന്നനെ കൊച്ചിയിലേക്കുള്ള തന്റെ സന്ദര്‍ശനവിവരം പ്രഖ്യാപിക്കുകയായിരുന്നു. എന്‍.എസ്.യു പ്രസിഡണ്ട് ഹൈബി ഈഡനും ചില മുതിര്‍ന്ന കെ.എസ്.യു നേതാക്കള്‍ക്കൊഴികെ ആര്‍ക്കും തന്നെ രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലായിരുന്നു.
രാവിലെ ഒന്‍പതുമണിയോടെയാണ് രാഹുലിന്റെ സന്ദര്‍ശനവിവരം ഹൈബി ഈഡന്‍ അറിഞ്ഞത്. എന്നാല്‍ സന്ദര്‍ശനസമയമോ എങ്ങിനെ എത്തിച്ചേരുമെന്നോ അറിയിച്ചിരുന്നില്ല. ഒടുവില്‍ പത്തുമണി കഴിഞ്ഞതോടെയാണ് രാഹുലിന്റെ സന്ദര്‍ശനം സംബന്ധിച്ച് സ്ഥിരീകരണമായത്. എടത്തലയിലെ കെ.എസ്.യു ക്യാമ്പില്‍ പങ്കെടുത്തിരുന്നവര്‍ക്ക് രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് സൂചനപോലുമുണ്ടായില്ല. രാഹുലിന്റെ പ്രസംഗം ഹൈബി ഈഡന്‍ പരിഭാഷപ്പെടുത്തി. മീനാക്ഷി നടരാജന്‍ എം.പിയും രാഹുലിനൊപ്പമുണ്ടായിരുന്നു. പോലീസിനോ ഇന്റലിജന്‍സിനോ വിമാനത്താവള അധികൃതര്‍ക്കോ രാഹുലിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരമൊന്നുമില്ലായിരുന്നുവെന്നാണ് സൂചന. ഒരു ചാര്‍ട്ടേഡ് വിമാനം എത്തുന്നുവെന്ന അറിവുമാത്രമാണ് വിമാനത്താവള അധികൃതര്‍ക്കുണ്ടായിരുന്നത്.
കെ.പി.ധനപാലന്‍ എംപി ഡല്‍ഹിയില്‍ നിന്ന് രാവിലെ നെടുമ്പാശേരിയില്‍ എത്തിയിരുന്നു. രാഹുല്‍ എത്തുന്ന വിവരം അറിഞ്ഞ് അദ്ദേഹം കാത്തുനിന്നു. കെ.എസ്.യു ക്യാമ്പിലേക്ക് ധനപാലനും രാഹുലിനെ അനുഗമിച്ചു. ഉച്ചയ്ക്ക് 1.15 ഓടെ രാഹുല്‍ ക്യാമ്പ് സന്ദര്‍ശനം അവസാനിപ്പിക്കുകയും നെടുമ്പാശേരിയിലെത്തി ഡല്‍ഹിയ്ക്ക് മടങ്ങുകയും ചെയ്തു. |