|
ഭക്ഷ്യ ധാന്യ ശേഖരം തൃപ്തികരം |
|
കേന്ദ്രത്തില്‍ നിന്നുള്ള മുഴുവന്‍ വിഹിതവും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രം അനുവദിക്കുന്ന മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്.
വിലക്കയറ്റം വൈകാതെ തന്നെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയകമാകും-അദ്ദേഹം പറഞ്ഞു. വിലക്കയറ്റം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും കണ്ടത്. കാലവര്‍ഷത്തിന്റെ പോരായ്മ ഇതിന്റെ ആക്കം കൂട്ടി. 1972-ന് ശേഷം ഇത്രയും മോശമായ മഴ ഇതാദ്യമായിരുന്നു. ഇപ്പോള്‍ വിലക്കയറ്റത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ ഭരണകാലത്തും വിലക്കയറ്റമുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരമുണ്ട്. കഴിഞ്ഞ ഏതാനും മാസമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അധികം ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ച വരുത്തുന്നുണ്ട്. ഈ അലംഭാവം ഒഴിവാക്കി കേന്ദ്രം നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ ത്വരിതഗതിയില്‍ ആവശ്യക്കാരിലെത്തുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. കൃത്രിമ ക്ഷാമം തടയാനായി സംസ്ഥാനങ്ങള്‍ അവശ്യ സാധന നിയമപ്രകാരമുള്ള അവരുടെ അധികാരം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായം ഇനിയും കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തും.
ഇതടക്കം കേന്ദ്രം സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ണ്ണമായും ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകണം. ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഏര്‍പ്പെടുത്തിയ വാറ്റ് എടുത്തുകളയുമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സെസ്സ്, ലെവി എന്നിവ ഏതാണ്ട് 10-15 ശതമാനം വരുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ഈ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണം. കൃഷി സംസ്ഥാന വിഷയമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ ആത്മപരിശോധന നടത്തണം.സംസ്ഥാനങ്ങളുടെ കണക്കുകള്‍ കൂടുതല്‍ കുറ്റമറ്റതും വിശ്വസനീയവുമാവണം. ഉല്‍പാദനം സംബന്ധിച്ച പ്രതീക്ഷകള്‍ക്കും വിലനിലവാരത്തില്‍ പങ്കുണ്ട് എന്നിരിക്കെ ഇത് പ്രധാനമാണ്. സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ നല്‍കിയ കണക്കിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ഉല്‍പാദനമാണ് പുതിയ കണക്കുകളില്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. |