'യുഗപുരുഷന്‍' എന്റെ ജീവിത നിയോഗം: ആര്‍ സുകുമാരന്‍

Imageനിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
അഞ്ചുവയസ്സുകാരന്‍ സുകുമാരന്റെ കയ്യില്‍ എങ്ങനെയോ വന്നുപെട്ടതാണ്‌ ആ ചിത്രം. കരുണ നിറഞ്ഞ നോട്ടവും കാഷായ വസ്ത്രവുമണിഞ്ഞ്‌, നേരിയ താടിയുള്ള ഒരാളുടേതാണ്‌ ചിത്രം.

അത്‌ ആരാണെന്ന്‌ അവനറിയില്ലായിരുന്നു. പിന്നീട്‌ ആരോ പറഞ്ഞറിഞ്ഞു; അത്‌ ശ്രീനാരായണ ഗുരുദേവനാണെന്ന്‌. ഗുരുവിന്റെ മഹത്വമൊന്നും അറിയില്ലെങ്കിലും ഏറെക്കാലം അവനത്‌ തന്റെ പാഠപുസ്തകത്തില്‍ സൂക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഗുരുവിന്റെ ചിത്രം പാഠപുസ്തകത്തില്‍ നിന്ന്‌ കളഞ്ഞുപോയെങ്കിലും മനസ്സില്‍ പ്രതിഷ്ഠിച്ച ആ രൂപം പലകുറി അവന്‍ ഓര്‍മ്മയില്‍ നിന്ന്‌ വരച്ചെടുത്തു. വരയുടെ വഴിയില്‍ നിന്ന്‌ എഴുത്തിലേക്കുള്ള ഗതിമാറ്റത്തില്‍ സുകുമാരന്‍ പല കഥകളുമെഴുതി. 'പാദമുദ്ര'യിലൂടെയും 'രാജശില്‍പ്പി'യിലൂടെയും സുകുമാരന്റെ പ്രമേയങ്ങള്‍ മലയാള സിനിമാ ആസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങി. കലാമൂല്യമുള്ള സിനിമാ സംവിധായകനെന്ന രൂപ പരിണാമത്തിനിടയിലും സുകുമാരന്റെയുള്ളില്‍ ജ്വലിച്ച അഗ്നിയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ജീവിത ദര്‍ശനങ്ങള്‍.

 

അതുകൊണ്ടു തന്നെ അയിത്തത്തിന്റെ അഴുക്കുപുരണ്ട സാമൂഹിക വ്യവസ്ഥിതിയില്‍ മൃഗതുല്യരായി ജീവിച്ച ഒരു ജനതയെ ആത്മാഭിമാനവും സംഘബോധവും നല്‍കി വിളിച്ചുണര്‍ത്തിയ ഗുരുവിന്റെ ജീവിതം അഭ്രപാളിയിലെത്തിക്കണമെന്ന മോഹം വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്നു. ഗുരുവിനെക്കുറിച്ചുള്ള പഠനവും ചരിത്രസംഭവങ്ങളുടെ സങ്കലനവും കഥാപാത്രങ്ങളുടെ സൃഷ്ടിയും അഭിനേതാക്കളെ തെരഞ്ഞെടുക്കലും ഉള്‍പ്പടെ 16 വര്‍ഷത്തെ കഠിന പ്രയത്നത്തിനൊടുവില്‍ 'യുഗപുരുഷന്‍' എന്ന ചിത്രവുമായി വീണ്ടും സുകുമാരന്‍ മലയാള സിനിമാ ചരിത്രത്തിലേക്ക്‌ കാലുറപ്പിക്കുകയാണ്‌. കാലങ്ങള്‍ക്ക്‌ ശേഷം ഇന്നും എണ്ണമറ്റ സാമൂഹിക തിന്മകളില്‍ മാനവിക ദഹിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ ചിത്രത്തിന്റെ പ്രസക്തിയിലേക്ക്‌ വിരല്‍ ചൂണ്ടുകയാണ്‌ സംവിധായകന്‍ ആര്‍ സുകുമാരന്‍.


'ഓരോരുത്തര്‍ക്കും ഓരോ ജീവിത നിയോഗമുണ്ട്‌. യുഗപുരുഷന്‍ എന്ന ചലച്ചിത്രം എന്റെ ജീവിത നിയോഗമാണെന്ന്‌ കരുതുന്നു. 1995-ല്‍ തുടങ്ങിയതാണ്‌ ഈ ചിത്രത്തിന്‌ വേണ്ടിയുള്ള പ്രയത്നം. നിര്‍മ്മാണത്തിന്‌ പലരെയും സമീപിച്ചു, പലപ്പോഴും നിരാശനായി. ഏറെക്കാലത്തിന്‌ ശേഷമാണ്‌ ഈ ചിത്രത്തിന്‌ ഒരു നിര്‍മ്മാതാവിനെ കിട്ടുന്നത്‌. ചരിത്രസംഭവങ്ങള്‍ പുനരാവിഷ്ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വന്നു. പക്ഷെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഈ ചിത്രത്തിന്‌ ചരിത്രസിനിമയെന്ന മുഖമുദ്ര നല്‍കരുത്‌' - സുകുമാരന്‍ പറഞ്ഞു തുടങ്ങിയത്‌ ഇങ്ങനെയാണ്‌.സൂപ്പര്‍സ്റ്റാറുകളുടേതടക്കം നിരവധി വാണിജ്യ സിനിമകള്‍ തിയേറ്ററുകളിലുള്ളപ്പോള്‍ ഇത്തരമൊരു ചിത്രത്തിന്‌ വിജയ പ്രതീക്ഷയെന്താണ്‌?
ഇതൊരു അടിപ്പടമോ, ഫാമിലി മെലോഡ്രാമയോ, കോമഡിയുടെ തരംതാണ പ്രകടനമോ ഒന്നുമല്ല. ഒരു സാധാരണ സിനിമയായി യുഗപുരുഷനെ കാണരുത്‌. ശ്രീനാരായണ ഗുരു ജീവിച്ചിരുന്ന കാലഘട്ടം ആസ്പദമാക്കി കോര്‍ത്തിണക്കിയ ചലച്ചിത്രമാണ്‌. ഈ തലമുറയ്ക്കും വരും തലമുറയ്ക്കും നല്ലൊരു സന്ദേശം നല്‍കുക എന്നതാണ്‌ ചിത്രത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്‌. ആറുകോടി രൂപയുടെ ബജറ്റിലാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌. പൂര്‍ത്തിയായപ്പോള്‍ എത്ര കോടി ആയെന്ന്‌ ഞാന്‍ തിരക്കിയിട്ടില്ല. ഈ ചിത്രത്തിന്റെ കളക്ഷനില്‍ നിന്ന്‌ ലഭിക്കുന്ന അരനയാപൈസ പോലും നിര്‍മ്മാതാവിന്‌ വേണ്ടെന്ന്‌ പറഞ്ഞിട്ടുണ്ട്‌. പകരം ശ്രീനാരായണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനത്തിന്‌ നല്‍കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ സാമ്പത്തിക വിജയം അസ്വസ്ഥമാക്കുന്നില്ല. ഈ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകനില്‍ ഒരു പരിവര്‍ത്തനമുണ്ടാകുമെന്നുറപ്പാണ്‌.


ഒരു ചരിത്രപുരുഷനെക്കുറിച്ച്‌ സിനിമ ചെയ്യുമ്പോള്‍ ചരിത്രത്തിലില്ലാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്‌ ശരിയാണോ?
യുഗപുരുഷന്‍ ഒരു ചരിത്ര സിനിമയെന്ന്‌ പറയാനാവില്ല. ഗുരുദേവന്‍ ആ പ്രമേയത്തിലേക്ക്‌ കടന്നുവരുന്നുവെന്നേയുള്ളൂ. ചരിത്രസംഭവങ്ങള്‍ക്കൊപ്പം ചില സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ നൂലിഴകള്‍ സിനിമയില്‍ അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്‌. അല്ലെങ്കില്‍ ഇത്‌ വെറും ഡോക്യുമെന്ററിയായി മാറും. കലാഭവന്‍ മണി അവതരിപ്പിക്കുന്ന കോരന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പികമാണ്‌. പക്ഷെ അത്തരം നിരവധി കോരന്മാര്‍ അന്ന്‌ ജീവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ചരിത്ര രേഖകളില്‍ കെ സി കുട്ടനെന്ന വിപ്ലവകാരിയെ കാണാനാവില്ല. പക്ഷെ കെ സി കുട്ടന്‍ ജീവിച്ചിരുന്നയാളാണ്‌. എന്റെ കയ്യില്‍ അദ്ദേഹത്തിന്റെ ചിത്രമുണ്ട്‌. ഞാനെടുക്കുന്ന സിനിമകളില്‍ കഥാപാത്രങ്ങളുടെ സൃഷ്ടി എന്റെ സ്വാതന്ത്ര്യമാണ്‌. സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ സ്വാഭാവികതയില്ലെങ്കില്‍ നിങ്ങള്‍ക്കെന്നെ ക്രൂശിക്കാം.


ആദ്യത്തെ രണ്ടുസിനിമകളില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഈ ചിത്രത്തില്‍ മമ്മൂട്ടിയുമുണ്ട്‌. സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യം ബോക്സോഫീസ്‌ കളക്ഷനെ സ്വാധീനിക്കുമെന്ന വിശ്വാസമുണ്ടോ?
മമ്മൂട്ടിയെ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലല്ല അവതരിപ്പിച്ചിരിക്കുന്നത്‌. യുഗപുരുഷനില്‍ തമിഴ്‌നടന്‍ തലൈവാസല്‍ വിജയ്‌ ആണ്‌ ശ്രീനാരായണ ഗുരുവായി വേഷമിടുന്നത്‌. പാദമുദ്രയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്‌ പകരക്കാരനായി മറ്റൊരു നടനെയും സങ്കല്‍പ്പിക്കാനാവില്ല. മറ്റാര്‌ ചെയ്താലും ആ വേഷം നന്നാകുമായിരുന്നില്ലെന്ന്‌ എന്നോട്‌ തുറന്ന്‌ പറഞ്ഞവരുണ്ട്‌. ഈ സിനിമയിലും മോഹന്‍ലാലിനെ സ്വാമി വിവേകാനന്ദന്റെ റോളില്‍ അഭിനയിപ്പിക്കാനിരുന്നതാണ്‌. പക്ഷെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മൂലം അത്‌ നടന്നില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അഭിനയിപ്പിക്കുന്നത്‌ കളക്ഷന്‍ മോഹിച്ചിട്ടല്ല. അവര്‍ നല്ല നടന്മാരാണ്‌ എന്നത്‌ തന്നെയാണ്‌ മാനദണ്ഡം.


ഗുരുദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രീനാരായണ സമൂഹത്തിന്‌ കഴിയുന്നില്ല എന്ന അഭിപ്രായമുണ്ടോ?
ഗുരു തമസ്ക്കരിക്കപ്പെടുന്നു എന്നതില്‍ സത്യമുണ്ട്‌. ഇന്നും ശ്രീനാരായണ ഗുരു സമൂഹത്തിന്റെ ചാട്ടവാറടിയേറ്റു കൊണ്ടിരിക്കുകയാണ്‌. യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും സന്ദേശങ്ങള്‍ മുഴുവനായി സാംശീകരിക്കാന്‍ ആ സമൂഹത്തിന്‌ മുഴുവനും കഴിയുന്നുണ്ടെന്ന്‌ പറയാന്‍ പറ്റുമോ?. ഗുരുവിന്റെ ദര്‍ശനങ്ങള്‍ നടപ്പാക്കാന്‍ ഈഴവര്‍ക്ക്‌ മാത്രമല്ല ബാധ്യത. ഗുരു എല്ലാവരുടേതുമാണ്‌. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും.


ശ്രീനാരായണ ഗുരുവിന്റെ ഛായയുള്ള നടനെ എങ്ങനെയാണ്‌ കണ്ടെത്തിയത്‌?
ഈ ചിത്രത്തിന്റെ എഡിറ്റര്‍ സായ്‌ സുരേഷാണ്‌ തമിഴ്‌നടന്‍ തലൈവാസല്‍ വിജയിയെ പരിചയപ്പെടുത്തുന്നത്‌. തമിഴ്‌ സിനിമയിലെ വില്ലനാണ്‌ വിജയ്‌. ആദ്യം ഞാന്‍ അയാളെ കാണുമ്പോള്‍ കണ്ണുകളില്‍ ക്രൂരഭാവം, വല്ലാത്ത തടി. മേക്കപ്പിട്ട്‌ അഭിനയിപ്പിച്ചു നോക്കി. ശരിയായില്ല. പറഞ്ഞുവിട്ടു. വീണ്ടും തിരുവനന്തപുരത്ത്‌ ടെസ്റ്റ്‌ നടത്തിയെങ്കിലും തൃപ്തി വന്നില്ല. പിന്നീട്‌ എറണാകുളത്ത്‌ വെച്ച്‌ ഒരിക്കല്‍ കൂടി ചിലഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്തു. അപ്പോഴും പൂര്‍ണ്ണമായും ഗുരുവിന്റെ ഛായയിലോ മാനറിസങ്ങളിലോ എത്താന്‍ വിജയ്ക്ക്‌ കഴിഞ്ഞില്ല. അത്തവണ അദ്ദേഹം തമിഴ്‌നാട്ടിലേക്ക്‌ പോകുമ്പോള്‍ എന്റെ കയ്യില്‍ നിന്ന്‌ ഗുരുവിനെക്കുറിച്ചുള്ള ചില പുസ്തകങ്ങളും ചിത്രങ്ങളും വാങ്ങിയിരുന്നു. കുറച്ചുനാളുകള്‍ക്ക്‌ ശേഷം എന്നെ കാണാന്‍ വിജയ്‌ എത്തുമ്പോള്‍ ഞാന്‍ അതിശയിച്ചു. ഗുരുവിന്റെ അതേ ഛായ. യോഗയും ധ്യാനവും പതിവാക്കിയ വിജയ്‌ പച്ചക്കറി ഭക്ഷണം ശീലിക്കുകയും മദ്യപാനം ഉപേക്ഷിക്കുകയും ചെയ്താണ്‌ ഗുരുവിന്റെ വേഷമഭിനയിക്കാന്‍ തയ്യാറെടുത്തത്‌. ശ്രീനാരായണ ഗുരുവിന്റെ മാനറിസങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ വിജയ്‌ നടത്തിയ കഠിന പരിശ്രമത്തെ അഭിനന്ദിച്ചേ മതിയാകൂ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls