| ശിവസേനയുടെ സട കൊഴിയുന്നു |
|
ഭരണഘടനയുടെ 19 (1) അനുച്ഛേദപ്രകാരം ഏതു പൗരനും രാജ്യത്തിന്റെ ഏതു ഭാഗത്തും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 60-ാം വാര്‍ഷികം ആഘോഷിച്ചു കഴിഞ്ഞ ഈ വേളയില്‍ പ്രാദേശിക വേര്‍തിരിവുകള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്രഥമദൃഷ്ട്യാ തന്നെ കുറ്റകരമാണ്. മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളായി 'മണ്ണിന്റെ മക്കള്‍ വാദം' കുത്തിപ്പൊക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശിവസേനയും അതില്‍നിന്ന് വിഘടിച്ചു പോയ എം.എന്‍.എസും തികച്ചും പ്രകോപനപരവും നിയമരഹിതവുമായ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമാണ് അടിക്കടി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്.
കാലക്രമത്തില്‍ മലയാളി വിരുദ്ധ സമീപനം മയപ്പെടുത്തുകയും മുംബൈയില്‍ തൊഴില്‍ തേടിയെത്തുന്ന ബീഹാര്‍, യു.പി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവര്‍ക്കു നേരെ തിരിയുകയും ചെയ്ത ശിവസേന എല്ലാവരാലും ആദരിക്കപ്പെടുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് എതിരെ പോലും വര്‍ഗീയ വിഷം ചീറ്റാന്‍ തുടങ്ങി. നിയമപരമായി പോലും തടയേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശിവസേനയെ സംഘടിതമായി ഒറ്റപ്പെടുത്തുന്നതിനു പകരം രാഷ്ട്രീയ സഖ്യകക്ഷിയായി സ്വീകരിച്ച് മാന്യതയുടെ കിരീടം അണിയിക്കാന്‍ പോലും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നു. അങ്ങനെ സങ്കുചിത പ്രാദേശിക വിഘടന വാദത്തിന് ഭരണത്തില്‍ പങ്കാളിത്തം ലഭിക്കുകയും രാഷ്ട്രീയ മാന്യത കൈവരികയും ചെയ്തു. തികച്ചും അപകടകരമായിരുന്നു ഈ സ്ഥിതിവിശേഷം. ദുര്‍വാസാവിന് വരം കിട്ടിയതുപോലെ ബാല്‍താക്കറെയും അനന്തരഗാമികളും മഹാനായ ശിവജിയുടെ പേരുപയോഗിച്ച് അയല്‍ക്കാരെ വെറുക്കാന്‍ മഹാരാഷ്ട്രാക്കാരെ പ്രേരിപ്പിച്ചു.
ഇപ്പോള്‍ വരം കൊടുത്തവര്‍ക്കെതിരെയും ദുര്‍വാസാവ് സംഹാരപൂര്‍വം തിരിഞ്ഞപ്പോള്‍ വെളിപാടു വന്നതുപോലെ ആര്‍.എസ്.എസും പിന്നാലെ ബി.ജെ.പിയും ശിവസേനയെ അപലപിക്കാന്‍ രംഗത്തു വന്നിരിക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തില്‍ പ്രതിസന്ധി ഉളവാക്കിക്കൊണ്ട് മാഹാരാഷ്ട്ര പ്രാദേശികവാദം ജനശ്രദ്ധ കൈവരിക്കുകയാണ്. എന്‍.ഡി.എയുടെ ഭാവിയല്ല ഇവിടെ പ്രധാന വിഷയം. പൗരാവകാശവും സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ താല്‍പര്യം മറന്ന് ജനാധിപത്യവാദികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന സന്ദേശമാണ് ഇപ്പോള്‍ മുംബൈയില്‍ നിന്ന് രാജ്യം കേട്ടുകൊണ്ടിരിക്കുന്നത്. മുംബൈ മഹാരാഷ്ട്രക്കാര്‍ക്ക് എന്ന വാദത്തിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ശക്തമായ താക്കീതുമായി രംഗത്തു വന്നപ്പോള്‍ ശിവസേനയുടെ അനന്തരാവകാശി പ്രകോപിതനായി.
സേനയുടെ മുഖപത്രമായ 'സാംന' രാഹുലിന്റെ പ്രസ്താവനയെ അപലപിക്കുന്ന മുഖപ്രസംഗവുമായാണ് ഇന്നലെ പുറത്തിറങ്ങിയത്. മുംബൈ നഗരം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നഗരത്തില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോകളാണ് ജീവന്‍ പണയം വച്ച് പോരാടാന്‍ ഇറങ്ങിയത്. അവരില്‍ ബീഹാറുകാരും യു.പിക്കാരും ഗുജറാത്തുകാരും ഉള്‍പ്പടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള പോരാളികളുണ്ടായിരുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ശിവസേനയുടെ യുവനേതാവിന് ഈ അഭിപ്രായം ഇഷ്ടപ്പെട്ടില്ലത്രെ. രാഹുല്‍ ഗാന്ധി മഹാരാഷ്ട്രക്കാരെ അപമാനിച്ചു എന്നാണ് ഉദ്ധവ് താക്കറെയുടെ വിമര്‍ശനം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

സങ്കുചിത പ്രാദേശിക വാദവും വര്‍ഗീയ വിഘടന വാദവും ഒരു നാടിന്റെ മേല്‍ഗതിക്ക് എത്രമാത്രം ദോഷകരമാണെന്ന് ബോധ്യപ്പെടുത്തുന്ന ചെറുതും വലുതുമായ നിരവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. 
25°C
26°C
-°C 