| കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം |
|
മെഡിക്കല്‍ കോളജ് അധ്യാപകരാകാന്‍ ഡോക്ടര്‍മാരുടെ ലഭ്യതക്കുറവും വിദഗ്ധ സേവകരെ ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനും സേവന വേതന വ്യവസ്ഥകള്‍ ഉദാരമാക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഭാഗമായി അവരുടെ റിട്ടയര്‍മെന്റ് പ്രായവും ഉയര്‍ത്തുകയായിരുന്നുവെന്ന് സര്‍ക്കാരിന് ന്യായീകരിക്കാം. എന്നാല്‍ പൊതു-സ്വകാര്യ മേഖലയിലുള്ള എയ്ഡഡ് കോളജുകളിലെ നിലവിലുള്ള അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ക്ക് യുക്തിയോ ന്യായീകരണമോ ഇല്ല. സര്‍വകലാശാല ധനസഹായ കമ്മീഷന്റെ നിബന്ധനയില്‍പ്പെട്ട കാര്യമാണ് ഇതെന്ന വ്യാഖ്യാനം ധനമന്ത്രി നടത്തിയിരുന്നു.
യു.ജി.സി സഹായം ലഭിക്കാന്‍ ആ നിബന്ധന പാലിക്കണമത്രേ. സത്യമല്ലത്. നിലവില്‍ കോളജ് അധ്യാപകര്‍ക്ക് യു.ജി.സി ശമ്പളനിരക്ക് നല്‍കുന്നുണ്ട്. അതിന് ആവശ്യമായ ഫണ്ട് തുടക്കത്തില്‍ യു.ജി.സിയില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ യു.ജി.സി അനുശാസിക്കുന്ന പാഠ്യക്രമമോ മറ്റ് നിബന്ധനകളോ കേരളത്തില്‍ നടപ്പായിട്ടില്ല. അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തില്‍ പോലും യു.ജി.സി മാനദണ്ഡം സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നതാണ് വസ്തുത. യു.ജി.സിയുടെ മറവില്‍ ഫണ്ട് തട്ടിയെടുക്കാനും വരുന്ന മാര്‍ച്ചില്‍ സര്‍വീസില്‍ നിന്ന് പിരിയേണ്ട ഒരുകൂട്ടം സഖാക്കളായ അധ്യാപകരെ നിലനിര്‍ത്താനും മാത്രമുള്ള ഒരു ചെപ്പടിവിദ്യയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്ന് അധ്യാപകര്‍ക്കിടയില്‍ വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്.
ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ ഭാര്യ ഉള്‍പ്പെടെ നിരവധി അധ്യാപകര്‍ക്ക് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന്റെ പ്രയോജനം ലഭിക്കും. അഞ്ചുവര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടിയാല്‍ നിലവിലെ പ്രതിമാസ വേതനം ഇരട്ടിയിലും ഏറെയാകുന്നതോടൊപ്പം മൊത്തം 25 ലക്ഷം രൂപയുടെ സാമ്പത്തികനേട്ടം കുറഞ്ഞത് ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. ഒറ്റയടിക്ക് ഇത്തരമൊരു സാമ്പത്തികനേട്ടം കൈവരുന്ന അധ്യാപകര്‍ ആ തീരുമാനത്തിന് ചുക്കാന്‍ പിടിക്കുന്നവരെ അകമഴിഞ്ഞ് സഹായിക്കണമെന്ന് മാര്‍ക്സിസ്റ്റ് അധ്യാപക സംഘടന അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവരുന്നു. ആറുമാസത്തെ അധികവേതനമാണ് സംഭാവനയായി ചിലരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊടുക്കുന്നതിന് അവര്‍ക്ക് മടിതോന്നേണ്ട കാര്യവുമില്ല.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ സ്വകാര്യ കോളജുകളിലും സര്‍ക്കാര്‍ കോളജുകളിലുമായി രണ്ടായിരം അധ്യാപകര്‍ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യും. പി.എച്ച്.ഡിയും മറ്റ് ഗവേഷണ ബിരുദങ്ങളും നെറ്റും പാസായി അവസരത്തിന് കാത്തുകഴിയുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് കോളജുകളില്‍ അവസരം തുറന്നുകിട്ടും. പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അധ്യാപക തസ്തികയിലെ അഞ്ചോളം റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്. പുതിയ ഒഴിവുകള്‍ വരുന്ന മുറയ്ക്കാണ് ആ ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ കഴിയുക. സ്വകാര്യ കോളജ് മാനേജ്മെന്റുകള്‍ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടിയോട് അനുകൂലിക്കുമെന്ന് തോന്നുന്നില്ല. വരുന്ന അഞ്ചുവര്‍ഷത്തേക്ക് സ്വകാര്യ കോളജുകളില്‍ ഒഴിവൊന്നും ഉണ്ടാകാതെവന്നാല്‍ പുതിയ നിയമനങ്ങള്‍ മുടങ്ങും. സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരാണെങ്കിലും നിയമന അധികാരം ഇപ്പോഴും മാനേജ്മെന്റില്‍ നിക്ഷിപ്തമാണ്. യു.ജി.സി നിബന്ധനയ്ക്ക് എതിരാണത്.
നമ്മുടെ നാട്ടില്‍ അധ്യാപക നിയമനത്തിന് കോഴ വാങ്ങാത്ത സ്വകാര്യ കോളജ് മാനേജ്മെന്റുകള്‍ ചുരുക്കമാണ്. എന്നാല്‍ എന്തുകൊണ്ടോ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം വന്നശേഷം മാനേജ്മെന്റ് പ്രതിനിധികളാരും ഇതുവരെ എതിരഭിപ്രായം പ്രകടിപ്പിച്ചുകണ്ടില്ല. വിദ്യാഭ്യാസമന്ത്രി ചില മാനേജ്മെന്റ് പ്രതിനിധികളെ നേരിട്ടുകണ്ട് സംസാരിച്ചിരുന്നു. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമെന്തെന്ന് വ്യക്തമല്ല. ഏതായാലും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരത്തകര്‍ച്ച പരിഹരിക്കാനോ പഠനപദ്ധതികള്‍ മെച്ചപ്പെടുത്താനോ ഉള്ള സദുദ്ദേശ്യമല്ല പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിന് പിന്നില്‍. പിണറായി വിജയന്‍ നേരിടുന്ന ലാവ്ലിന്‍ അഴിമതിക്കേസിന്റെ പേരില്‍ വലിയ ഒരു ധനസമാഹരണത്തിനുള്ള ത്വരയും അത്യാഗ്രഹവുമാണ് ഇതിലൂടെ സി.പി.എം ലക്ഷ്യം വെയ്ക്കുന്നതെന്നും പറഞ്ഞുകേട്ടു.
ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷി ഈ നീക്കത്തെ പരസ്യമായി എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോളജ് അധ്യാപകര്‍ക്ക് മാത്രമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ ഇതര സര്‍ക്കാര്‍ ജീവനക്കാര്‍ അനുകൂലിക്കാന്‍ സാധ്യതയില്ല. അപ്പോള്‍ പുതുതായി ഇനി നിയമിക്കപ്പെടുന്ന അധ്യാപകരുടെ സേവന വേതന കാര്യങ്ങള്‍ക്ക് യു.ജി.സി മാനദണ്ഡം ബാധകമാക്കുന്നതല്ലേ ഉചിതം? എന്നെങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ അറുപത് വയസ്സ് തികയുന്നതിന് മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ചവരെ തിരിച്ചെടുക്കണമെന്ന വിധി സമ്പാദിച്ച് കാത്തിരിക്കുന്നവര്‍ പോലുമുണ്ട്. വീണ്ടുവിചാരമില്ലാതെ ചെറിയ സ്ഥാപിത ലക്ഷ്യത്തോടെ തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്ന് വ്യക്തം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം അറുപതായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത പടി എയ്ഡഡ് കോളജ് അധ്യാപകരുടെ കാര്യമാണെന്ന് ധനമന്ത്രി പലതവണ സൂചിപ്പിച്ചുകഴിഞ്ഞു. 
-°C 