വംഗദേശത്തുനിന്ന്‌ വന്ന വിരുന്നുകാരി

Imageജനാധിപത്യ സംസ്കാരത്തിലേക്കും രാഷ്ട്രീയ വ്യവസ്ഥയിലേക്കും അതിവേഗം ചുവടുമാറ്റുന്ന അയല്‍രാജ്യമായ ബംഗ്ലാദേശിന്‌ ഇന്ത്യയുടെ ഉപദേശ നിര്‍ദേശങ്ങള്‍ വളരെ വിലപ്പെട്ടതാണ്‌.

ഇക്കാര്യത്തില്‍ ബംഗ്ലാദേശിന്‌ ആശ്രയിക്കാവുന്ന ഏകരാജ്യവും ഇന്ത്യയാണ്‌. പ്രധാനമന്ത്രി ഷേയ്ക്ക്‌ ഹസീന തന്റെ രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന സുപ്രധാനമായ ഈ ലക്ഷ്യവുമായി ഇപ്പോള്‍ ന്യൂഡല്‍ഹിയിലുണ്ട്‌. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന രൂക്ഷമായ ഒരു യുദ്ധത്തിന്റെ പര്യവസാനമെന്ന നിലയില്‍ സ്വതന്ത്രമാക്കപ്പെട്ട രാജ്യമാണ്‌ ബംഗ്ലാദേശ്‌. 1972ല്‍ ബംഗ്ലാദേശ്‌ ഭരണഘടന നിലവില്‍വന്നപ്പോള്‍ നാല്‌ മൗലികതത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ടാണ്‌ വംഗബന്ധു ഷെയ്ക്ക്‌ മുജീബ്‌ റഹ്മാന്‍ ഭരണം തുടങ്ങിയത്‌. ദേശീയത, സമത്വം, ജനാധിപത്യം, മതേതരത്വം എന്നിവയായിരുന്നു ആ ഭരണഘടനാ തത്വങ്ങള്‍. സ്വതന്ത്ര സുവര്‍ണ ബംഗ്ലാദേശിന്‌ ആ രൂപത്തില്‍ സുഗമമായി ഏറെക്കാലം നിലനില്‍ക്കാനായില്ല. 1975ല്‍ മുജീബ്‌ റഹ്മാന്‍ കൊല്ലപ്പെട്ടു. ഷിയാവൂള്‍ റഹ്മാന്‍ അധികാരമേറ്റശേഷം രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്തു.

 

മതനിരപേക്ഷത ഉപേക്ഷിച്ച ഷിയാവൂള്‍ റഹ്മാന്‍ ബംഗ്ലാദേശിനെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ്‌ ശ്രമിച്ചത്‌. എന്നാല്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ ഭരണകൂടത്തിന്റെ ആ നിലപാടിനെ പൂര്‍ണമായി അനുകൂലിച്ചില്ല. അഞ്ചാം ഭരണഘടനാ ഭേദഗതിയ്ക്കെതിരെ ധാക്കായിലെ സുപ്രീം കോടതിയില്‍ കേസ്‌ ഉല്‍ഭവിച്ചു. ആ കേസില്‍ മാറിമാറി വന്ന രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കിടയില്‍ ഈയിടെ തീര്‍പ്പുണ്ടാവുകയും ബംഗ്ലാദേശ്‌ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി പാകിസ്ഥാനേക്കാള്‍ വേഗം ആധുനിക ലോകസമൂഹത്തോട്‌ ഇണങ്ങിച്ചേരാന്‍ ഒരുങ്ങുകയുമാണ്‌. എന്നാല്‍ രണ്ടാംതവണ പ്രധാനമന്ത്രിയായ ഷേയ്ക്ക്‌ ഹസീനയ്ക്ക്‌ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ തന്റെ രാജ്യത്തുണ്ടായ സ്ഥിതിഗതികള്‍ തീരെ ശുഭകരമായിരുന്നില്ല. പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവ്‌ ഖാലിദാസിയയും വര്‍ഗീയ സ്വഭാവമുള്ള നിരവധി മത സംഘടനകളും ചേര്‍ന്ന്‌ സൃഷ്ടിക്കുന്ന ആഭ്യന്തര കുഴപ്പങ്ങള്‍ നേരിടേണ്ടതുണ്ട്‌.

 

 ജനാധിപത്യ ഭരണഘടനാ പരിഷ്കാരം അംഗീകരിക്കുന്നതോടെ ഒരു ഡസനിലേറെ സംഘടനകള്‍ക്ക്‌ ബംഗ്ലാദേശില്‍ രാഷ്ട്രീയമായി നിലനില്‍ക്കണമെങ്കില്‍ അവയുടെ പേരുപോലും മാറ്റേണ്ടിവരും. ഈ പ്രശ്നം നിയമപരമായും ജനാധിപത്യപരമായും നേരിടാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ സഹായം പ്രധാനമന്ത്രി ഷേയ്ക്ക്‌ ഹസീനയ്ക്ക്‌ അത്യാവശ്യമാണ്‌. ആ മഹത്തായ ദൗത്യവുമായാണ്‌ ഇപ്പോള്‍ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങളെല്ലാം സംഘര്‍ഷഭരിതമാണ്‌. പാകിസ്ഥാന്‍ സ്വയം സൃഷ്ടിച്ച ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായിക്കൊണ്ടിരിക്കുന്നു. നേപ്പാള്‍ ഹിന്ദുമതാധിഷ്ഠിത സ്വഭാവത്തില്‍ നിന്ന്‌ പൂര്‍ണമായും ജനാധിപത്യത്തിലേക്ക്‌ മടങ്ങിവരാന്‍ ശ്രമിച്ചെങ്കിലും അതിന്റെ ബാലാരിഷ്ഠതകളില്‍ അസ്വസ്ഥമാണ്‌. ശ്രീലങ്ക കാല്‍നൂറ്റാണ്ടായി നേരിടുന്ന വംശീയ കലാപം അടിച്ചമര്‍ത്തി.

 

എന്നാല്‍ വടക്കന്‍ പ്രദേശങ്ങളിലെ തമിഴ്‌ വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ രൂപമെടുക്കുന്ന സൗഹൃദം മേഖലാ രാജ്യങ്ങളെല്ലാം പ്രാധാന്യത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. കഴിഞ്ഞദിവസം പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിംഗിന്റെയും ഷേയ്ക്ക്‌ ഹസീനയുടെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച്‌ കരാറുകള്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ശത്രുക്കള്‍ക്ക്‌ ബംഗ്ലാദേശിലെ മണ്ണില്‍ ഒരിക്കലും താവളം അനുവദിക്കില്ല എന്നതാണ്‌ പ്രധാനപ്പെട്ട ഒരു ഉറപ്പ്‌. കുറ്റകൃത്യങ്ങള്‍ നേരിടാന്‍ രണ്ട്‌ രാജ്യവും തമ്മില്‍ നിയമപരമായ സഹായം പങ്കുവെയ്ക്കും. കുറ്റവാളികളുടെ കൈമാറ്റം, ഭീകരവിരുദ്ധ പോരാട്ടം, മയക്കുമരുന്ന്‌ വേട്ട എന്നിവയിലും സഹകരിക്കും. ഇടക്കാലത്ത്‌ നിന്നുപോയ സാംസ്കാരിക വിനിമയം രണ്ടുരാജ്യങ്ങള്‍ക്കുമിടയില്‍ പുനരാരംഭിക്കും.


ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനമെഴുതിയ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പിറന്നത്‌ ബംഗ്ലാദേശിലെ ജസൂര്‍ എന്ന സ്ഥലത്താണ്‌. മഹാകവി ഇക്ബാല്‍, കാസിനസ്രുല്‍ ഇസ്ലാം, ജീവനാനന്ദദാസ്‌ തുടങ്ങിയ പ്രതിഭാശാലികള്‍ ജന്മമെടുത്ത ബംഗ്ലാദേശിലെ സാംസ്കാരിക ചരിത്രം ഇന്ത്യയ്ക്കുകൂടി അഭിമാനിക്കാവുന്നതാണ്‌. ഗംഗാനദി പത്മ എന്ന പേരില്‍ ആ രാജ്യത്തുകൂടി ഒഴുകുന്നു. ഇന്ത്യ വളര്‍ത്തിയെടുത്ത മൂല്യങ്ങളോട്‌ ആദരവും അടുപ്പവുമുള്ള ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക്‌ പൂര്‍ണമായി യോജിക്കാന്‍ കഴിയുന്ന ഒരു ഭരണകൂടം 38 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ അവിടെ ഉണ്ടായിട്ടില്ല. ആ കുറവ്‌ നികത്തി ആധുനിക സമൂഹത്തിന്‌ ഇണങ്ങുന്ന ഒരു പരിഷ്കൃത രാജ്യമാക്കി മാറ്റാനാണ്‌ ഷേയ്ക്ക്‌ ഹസീന ആഗ്രഹിക്കുന്നത്‌. 1996ല്‍ ആദ്യതവണ പ്രധാനമന്ത്രിയായപ്പോള്‍ ചെയ്യാന്‍ കഴിയാതെപോയതും അനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ചതുമായ തിരിച്ചറിവാണ്‌ ഷേയ്ക്ക്‌ ഹസീനയെ ഇന്ത്യയിലേക്ക്‌ ഒരു സൗഹൃദ സന്ദര്‍ശനത്തിന്‌ എത്തിച്ചിരിക്കുന്നത്‌.

 

അഞ്ചാം ഭരണഘടനാ ഭേദഗതി കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായി നടപ്പാക്കി ഒരു ജനാധിപത്യ മൂല്യങ്ങളുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാന്‍ ബംഗ്ലാദേശിന്‌ കഴിഞ്ഞാല്‍ പാകിസ്ഥാനേക്കാള്‍ അതിവേഗം പുരോഗമിക്കാവുന്ന ഭൗതിക സാഹചര്യങ്ങള്‍ ആ രാജ്യത്തുണ്ട്‌. ഇന്ത്യയുടെ സഹായ ഹസ്തങ്ങള്‍ ആ മഹല്‍സംരംഭങ്ങള്‍ക്ക്‌ ബംഗ്ലാദേശിന്‌ ഗുണകരമായിത്തീരും. ഇന്ത്യയിലും ബംഗ്ലാദേശിലും ഈ സൗഹൃദത്തിനെതിരെ തലയുയര്‍ത്തുന്ന വിധ്വംസക ശക്തികളെ ഒരുമിച്ച്‌ നേരിടാനും പുതിയ കരാര്‍ സഹായകമാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

മലപ്പുറം മദ്യ ദുരന്തത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?