പിണറായിയുടെ ഹര്‍ജി തള്ളി

Imageഎ കെ ആന്റണിയെ സാക്ഷിയാക്കാനുള്ള തന്ത്രം കോടതി തടഞ്ഞു

കൊച്ചി: എസ്‌.എന്‍.സി ലാവലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയെ സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട്‌ ഏഴാം പ്രതി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സി.ബി.ഐ പ്രത്യേക കോടതി തള്ളി.

കേസ്‌ അന്വേഷണത്തിലും വിചാരണ നടപടികളിലും ഇടപെടാന്‍ കോടതി വിസമ്മതിച്ചു. കേസ്‌ അന്വേഷണം പൊലീസിന്റെയും വിചാരണ പ്രോസിക്യൂഷന്റെയും ഉത്തരവാദിത്വമാണെന്നും ഇത്‌ സ്വതന്ത്രമായിരിക്കണമെന്നും ഈ മേഖലകളില്‍ കോടതി ഇടപെടേണ്ട പ്രത്യേക സാഹചര്യമില്ലെന്നും സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ.പി ജ്യോതീന്ദ്രനാഥ്‌ വ്യക്തമാക്കി. അന്വേഷണത്തിലും വിചാരണയിലും കോടതി ഇടപെടലുണ്ടായാല്‍ ന്യായാധിപനും അന്വേഷണം നിയന്ത്രിക്കുന്ന ആളും ഒരാള്‍ തന്നെയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍ പൊലീസിന്‌ പ്രത്യേക പങ്കുണ്ട്‌. കേസ്‌ അന്വേഷണം പൊലീസിന്റെ ചുമതലയാണ്‌. താന്‍ മന്ത്രിയാകുന്നതിനു മുമ്പും സ്ഥാനമൊഴിഞ്ഞതിനു ശേഷവുമുള്ള കാര്യങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക്‌ നിര്‍ദേശം നല്‍കണമെന്ന പിണറായി വിജയന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന്‌ കോടതി പറഞ്ഞു.

 

അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യവും കോടതി തള്ളി. സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശാനുസരണമുള്ള തുടരന്വേഷണം പുരോഗമിക്കുകയാണെന്ന്‌ കോടതി പറഞ്ഞു. ഇത്‌ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള അന്വേഷണമാണ്‌. കേസ്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനുള്ള അധികാരം ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മാത്രമാണ്‌ ഉള്ളത്‌.
നീതി നിര്‍വഹണം ഉറപ്പാക്കാനും നീതി നിഷേധം ഒഴിവാക്കാനുമുള്ള സാഹചര്യം ഉണ്ടായാല്‍ മാത്രമേ അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കാന്‍ ആവുകയുള്ളുവെന്നും സി.ബി.ഐ പ്രത്യേക കോടതി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയെ സാക്ഷിയാക്കമെന്നും അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കണമെന്നുമുള്ള പിണറായി വിജയന്റെ ആവശ്യം കേസിന്റെ വസ്തുതകള്‍ പരിശോധിച്ചതില്‍ നിന്നും അനുവദിക്കേണ്ടതില്ലെന്നും ആവശ്യം അന്വേഷിക്കാന്‍ പ്രത്യേക സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

 

അന്വേഷണ ഉദ്യോഗസ്ഥന്‌ കേസ്‌ അന്വേഷണവുമായി മുന്നോട്ടു പോകാവുന്നതാണെന്നും വിധിന്യായത്തിലെ യാതൊരു പരാമര്‍ശവും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
വിചാരണ കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ്‌ തന്നെ തനിക്കെതിരായ തെളിവുകള്‍ എന്തൊക്കെയാണെന്ന്‌ മനസ്സിലാക്കാന്‍ പിണറായി വിജയന്‌ കഴിഞ്ഞെന്നും നീതിയുടെ താല്‍പര്യം മുന്‍നിര്‍ത്തി അന്വേഷണത്തില്‍ ഇടപെടാന്‍ കോടതിക്ക്‌ അധികാരമുണ്ടെങ്കിലും ഈ അധികാരം ഉപയോഗിക്കാന്‍ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു. കോടതിയുടെ ഈ അധികാരം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ലാവലിന്‍ കേസില്‍ ഇല്ലെന്ന്‌ കോടതി വ്യക്തമാക്കി.


ലാവലിന്‍ കേസില്‍ മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയെ സാക്ഷിയാക്കണമെന്നും അക്കാലത്ത്‌ ലാവലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പിണറായി വിജയന്‍ സി.ബി.ഐ കോടതിയെ സമീപിച്ചത്‌. അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതിയായ പിണറായി വിജയന്‌ അവകാശമില്ലെന്ന്‌ സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു. കുറ്റവാളിക്ക്‌ എതിരെയല്ല കുറ്റത്തിനാണ്‌ കോടതി നടപടിയെടുക്കുന്നതെന്ന്‌ സി.ബി.ഐ പ്രത്യേക കോടതി വിധിന്യായത്തില്‍ പറഞ്ഞു. പിണറായി വിജയനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനും, സി.ബി.ഐക്കു വേണ്ടി സി.ബി.ഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാറും ഹാജരായി. അതേസമയം കേസിലെ മൂന്നാംപ്രതി വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസനെ ഇനിയൊരു ഉത്തരവുവരെ വിചാരണയ്ക്ക്‌ നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്നും കോടതി ഒഴിവാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls