ശീര്‍ഷാസനം നടത്തുന്ന ധനകാര്യവകുപ്പ്‌

Imageസംസ്ഥാനത്തെ പൊതുഖജനാവ്‌ നിറയ്ക്കാന്‍ ഭരണമുന്നണിയെ നയിക്കുന്ന സി.പി.എം രംഗത്തിറങ്ങാന്‍ പോകുന്നു. നിക്ഷേപസമാഹരണ തീവ്രയത്ന പരിപാടിയിലൂടെ ട്രഷറികളുടെ ക്ഷീണം തീര്‍ക്കാനാണ്‌ ശ്രമം.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ട്രഷറി നിക്ഷേപം കൂട്ടാന്‍ ഇത്തരത്തില്‍ രംഗത്തുവരുന്നത്‌ ആദ്യത്തെ സംഭവമാണ്‌. 1996ലെ നായനാര്‍ ഭരണകാലത്ത്‌ അടിക്കടി ട്രഷറി ഇടപാടുകള്‍ മുടങ്ങിപ്പോയതും ആഴ്ചകളോളം ട്രഷറികള്‍ പൂട്ടേണ്ടിവന്നതും ഓര്‍മ്മവരുന്നു. ധനകാര്യ മാനേജ്മെന്റ്‌ സ്തുത്യര്‍ഹമാംവിധം നിര്‍വഹിക്കാന്‍ കെല്‍പ്പുള്ള നേതാക്കള്‍ ഇടതുഭരണകാലത്ത്‌ ധനമന്ത്രിയായി വരാറില്ല. ടി. ശിവദാസമേനോനായിരുന്നു അക്കാലത്തെ ധനകാര്യ-എക്സൈസ്‌ വകുപ്പുമന്ത്രി. പതിനായിരം രൂപയുടെപോലും ട്രഷറി ഇടപാടുകള്‍ മുടങ്ങിപ്പോയ അക്കാലത്ത്‌ പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ കഴിയാതെവന്നു. അത്തരമൊരു ദുസ്ഥിതിയിലേക്കാണ്‌ സംസ്ഥാനത്തിന്റെ പൊതുസാമ്പത്തികസ്ഥിതി ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

 

കൃത്രിമമായ ചില നടപടികളിലൂടെ ട്രഷറികള്‍ പൂട്ടാതെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും സ്ഥിതി അതീവ ഗുരുതരമായതുകൊണ്ടാണ്‌ സി.പി.എം നിക്ഷേപസമാഹരണ പരിപാടിയുമായി ഇറങ്ങുന്നത്‌. ക്ഷേമപദ്ധതികള്‍ക്കായി കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയ അടങ്കല്‍ത്തുക ചെലവഴിക്കാത്തതുകൊണ്ടും ജീവനക്കാരുടെ റിട്ടയര്‍മെന്റ്‌ ആനുകൂല്യങ്ങള്‍ നല്‍കാത്തതുകൊണ്ടും പൊതുഖജനാവ്‌ പൂട്ടേണ്ടിവന്നിട്ടില്ലെന്നുമാത്രം. നികുതിപിരിവിനും നികുതിയേതര സര്‍ക്കാര്‍ വരുമാനം കൂട്ടുന്നതിനും ധനമന്ത്രി സ്വീകരിച്ച ഒരു നടപടിയും ഫലം ചെയ്തിട്ടില്ല. ധനകാര്യ മാനേജ്മെന്റിനെക്കുറിച്ച്‌ മന്ത്രി തോമസ്‌ ഐസക്കിന്റെ ഗീര്‍വാണങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ല. സൈദ്ധാന്തിക പ്രയോഗങ്ങള്‍ കൊണ്ട്‌ നീണ്ട വാചകങ്ങള്‍ തട്ടിവിട്ടാല്‍ ഒരു നാടിന്റെ പണക്കമ്മി മാറുകയോ സാമ്പത്തികക്ഷയം ദുരീകരിക്കപ്പെടുകയോ ചെയ്യില്ല. മന്ത്രി ഐസക്കിന്‌ ധനകാര്യവകുപ്പ്‌ ഭരിക്കാനറിയില്ല.

 

അതേക്കുറിച്ചുള്ള പ്രായോഗികജ്ഞാനം തീരെയില്ല. സാമ്പത്തികശാസ്ത്രത്തെക്കുറിച്ച്‌ പഠിച്ചുതുടങ്ങുന്ന ബി.എ-എം.എ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസെടുക്കാന്‍ ആവശ്യമായ പരിജ്ഞാനം മാത്രമേ അദ്ദേഹത്തിനുള്ളൂ എന്ന്‌ ഇതിനകം കേരളം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്നു എന്നപേരില്‍ റിട്ടയര്‍മെന്റ്‌ തീയതി എത്തിയവര്‍ക്ക്‌ സര്‍വീസ്‌ നീട്ടിക്കൊടുത്ത്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍നിന്ന്‌ രക്ഷപെട്ട പ്രായോഗിക ധനകാര്യ മാനേജ്മെന്റാണ്‌ അദ്ദേഹത്തിന്റേത്‌. മാര്‍ച്ച്‌ 31-ാ‍ം തീയതി ഇരുപതിനായിരം സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമിച്ച്‌ അടിത്തൂണ്‍ പറ്റുന്നു. ഇവര്‍ക്കെല്ലാം കൂടി അര്‍ഹതപ്പെട്ട പെന്‍ഷന്‍ ആനുകൂല്യം ഒറ്റയടിക്ക്‌ നല്‍കാന്‍ ഇന്നത്തെ നിലയില്‍ സര്‍ക്കാരിന്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. പെന്‍ഷന്‍ തീയതി ഏകീകരണമെന്ന പേരില്‍ ഒരു കൊല്ലംകൂടി സര്‍വീസ്‌ നീട്ടുന്നതിനെക്കുറിച്ചാണ്‌ ധനമന്ത്രി ആലോചിച്ചത്‌. അപ്പോള്‍ 2011 മാര്‍ച്ച്‌ അവസാനിക്കുമ്പോള്‍ എന്തുചെയ്യുമെന്ന മറുചോദ്യത്തിന്‌ മന്ത്രിക്ക്‌ മറുപടിയില്ല.

 

അതിനുമുമ്പ്‌ അധികാരം വച്ചൊഴിഞ്ഞുപോയാല്‍ ബാധ്യതകള്‍ മുഴുവന്‍ പിന്നീട്‌ ഭരിക്കാന്‍ വരുന്നവരുടെ ചുമലിലാവും. പക്ഷേ, അക്കൊല്ലം മേയ്‌ മാസത്തിലേ വി.എസ്‌ സര്‍ക്കാരിന്റെ കാലാവധി കഴിയൂ. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന ക്ഷേമപദ്ധതികള്‍ പകുതിയെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ പൊതുഖജനാവ്‌ ഇപ്പൊഴേ കാലിയാവുമായിരുന്നു. 8920 കോടി രൂപ വകയിരുത്തിയ നടപ്പ്‌ വാര്‍ഷിക അടങ്കലില്‍ കഴിഞ്ഞ നവംബര്‍ അവസാനിക്കുമ്പോള്‍ ആകെ ചെലവഴിച്ചത്‌ 3500 കോടി രൂപയാണ്‌. കഴിഞ്ഞവര്‍ഷം റിട്ടയര്‍ ചെയ്യേണ്ടിയിരുന്ന ജീവനക്കാര്‍ക്ക്‌ സര്‍വീസ്‌ നീട്ടിക്കൊടുത്തില്ലായിരുന്നെങ്കില്‍ അതിനുംമുമ്പേ ട്രഷറികള്‍ പൂട്ടേണ്ടിവന്നേനെ. കേരളം നേരിടുന്ന ഗുരുതരമായ ഈ സാമ്പത്തിക പ്രതിസന്ധി ഭരണമുന്നണിയില്‍ പെട്ട സി.പി.എമ്മിനെ മാത്രമേ അലട്ടുന്നുള്ളോ? ട്രഷറികള്‍ നിറയ്ക്കാനുള്ള ശ്രമം അവര്‍ വിചാരിച്ചാലേ വിജയിക്കുള്ളൂ എന്ന്‌ കരുതുന്നുണ്ടാവും.

 

സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക കുത്തകയാണല്ലോ സി.പി.എം. പാര്‍ട്ടി നിയന്ത്രിത സഹകരണ സ്ഥാപനങ്ങള്‍ ആയിരക്കണക്കിനുണ്ട്‌. വന്‍കിട ആശുപത്രികള്‍, ക്ഷേമനിധി സ്ഥാപനങ്ങള്‍, പത്രം, ചാനല്‍ എന്നുവേണ്ട കേരളത്തിലെ എണ്ണപ്പെട്ട സമാന്തര സാമ്പത്തിക ശക്തിയാണ്‌ സി.പി.എം. സാമ്പത്തിക കേന്ദ്രീകരണത്തെ മഹാനായ കാള്‍ മാര്‍ക്സ്‌ തിന്മയായി കരുതിയിരുന്നു. എന്നുവിചാരിച്ച്‌ മാര്‍ക്സിന്റെ പേര്‌ ബ്രായ്ക്കറ്റില്‍ വെച്ചുകൊണ്ട്‌ പാര്‍ട്ടിക്ക്‌ ചിട്ടിക്കമ്പനിക്കാരുമായും ലോട്ടറി കുത്തക വ്യാപാരികളുമായും പണമിടപാട്‌ നടത്തിക്കൂടെന്നൊന്നും ഇല്ലല്ലോ. പാര്‍ട്ടി നേതാക്കള്‍ക്ക്‌ രഹസ്യ പങ്കാളിത്തമുള്ള 'ടോട്ടല്‍ ഫോര്‍ യൂ' തട്ടിപ്പ്‌ നിക്ഷേപ സ്ഥാപനങ്ങളില്‍ ഒന്നല്ലേ പിടിക്കപ്പെട്ടിട്ടുള്ളൂ. സംസ്ഥാനത്തെ കോളജ്‌ അധ്യാപകര്‍ക്ക്‌ യു.ജി.സി വ്യവസ്ഥ ബാധകമാക്കിയാല്‍ നല്ലൊരു പിരിവുനടത്താമെന്ന്‌ സി.പി.എമ്മിലെ ധനകാര്യ കുബുദ്ധികള്‍ ഈയിടെ കണ്ടുപിടിച്ച്‌ നേതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന്‌ കേട്ടു.

 

അറുപത്‌ വയസ്സുവരെ സേവനകാലം നീട്ടിക്കിട്ടുന്ന കോളജ്‌ അധ്യാപകന്‍ ഒരുകൊല്ലം അധികം ലഭിക്കുന്ന ലക്ഷക്കണക്കായ ആനുകൂല്യത്തിന്റെ പത്തിലൊന്ന്‌ പാര്‍ട്ടിക്ക്‌ കൊടുത്താലെന്താ എന്ന്‌ നേതാക്കള്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്‌. പോരെങ്കില്‍ നേതാവിനെതിരായ ലാവ്ലിന്‍ അഴിമതിക്കേസ്‌ നടത്താന്‍ ഫണ്ട്‌ വേണമെന്ന്‌ തീരുമാനിക്കപ്പെട്ട സമയവുമാണ്‌. ഇങ്ങനെ നാനാവഴിക്കുവരുന്ന പണം പൊതുഖജനാവിലിട്ട്‌ തിരിമറി ചെയ്തെടുത്താല്‍ അതിന്റെ കറുപ്പുനിറം വെളുപ്പായി കിട്ടുകയും ചെയ്യും.
ഏതായാലും സി.പി.എം എങ്ങനെയെങ്കിലും നമ്മുടെ പൊതുഖജനാവിന്റെ വാതില്‍ തുറന്നുവെയ്ക്കട്ടെ. വില്‍പ്പനനികുതിയായി നാട്ടുകാര്‍ അടച്ച തുക വ്യാപാരികളില്‍ നിന്ന്‌ പിരിച്ചെടുക്കാന്‍ ധനകാര്യവകുപ്പിന്‌ കഴിയുന്നില്ല. അത്‌ കച്ചവടക്കാര്‍ റോളുചെയ്തോട്ടെ. വോട്ട്‌ പാര്‍ട്ടിക്ക്‌ കിട്ടിയാല്‍മതി. ട്രഷറി നടത്താന്‍ പണം പാര്‍ട്ടി കണ്ടുപിടിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls