നടനായി തിളങ്ങിയ വേദിയില്‍ ചേതനയറ്റ് തിലകന്‍
Imageരഘുനാഥ് നാരായണന്‍
തിരുവനന്തപുരം: അറുപതുകളിലും എഴുപതിന്റെ പകുതിവരെയും തിലകന്‍ എന്ന മഹാനടന്റെ അഭിനയ മികവിന് സാക്ഷ്യം വഹിച്ച തിരുവനന്തപുരത്തെ വി.ജെ.ടി ഹാള്‍ ഇന്നലെ ശോകമൂകമായിരുന്നു.
തിലകന്റെ ഘനഗാംഭീര്യ ശബ്ദത്താല്‍ പ്രകമ്പനം കൊണ്ട ചുവരുകള്‍ അഭിനയകലയുടെ പെരുന്തച്ഛന്റെ  വേര്‍പാടില്‍ വിതുമ്പി. അറുപതുകളില്‍ നാടകങ്ങളിലൂടെ അരങ്ങ് തകര്‍ത്ത് വാണിരുന്ന സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്റെ നിരവധി നാടകങ്ങള്‍ക്ക് വേദിയായിരുന്നു വി.ജെ.ടി ഹാള്‍. കാളിദാസ കലാകേന്ദ്രത്തിന്റെയും ചങ്ങനാശ്ശേരി ഗീഥയുടെയും കായംകുളം കെ.പി.എ.സിയുടെയും നിരവധി നാടകങ്ങള്‍ വി.ജെ.ടി ഹാളില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ പലതിലും തിലകനെന്ന മഹാനടന്റെ സാന്നിധ്യമുണ്ടായിരുന്നു.
 
ഇന്നലെ രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മൃതദേഹം അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ ജന്രപവാഹമായിരുന്നു. കടുത്ത വെയിലിനെ വകവെയ്ക്കാതെ രാവിലെ മുതല്‍ തന്നെ വി.ജെ.ടി ഹാള്‍ ജനനിബിധമായിരുന്നു. മകന്‍ ഷോബി തിലകന്റെ പേട്ടമുക്കിലുള്ള വീട്ടിലും മകള്‍ സോണിയയും ഭാര്യ സരോജവും താമസിക്കുന്ന പുളിമൂട്ടിലുള്ള പി ആര്‍ എസ് അപ്പാര്‍ട്ട്‌മെന്റിലും ഏതാനും സമയം പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഭൗതിക ശരീരം 11-ഓടെ വി.ജെ.ടി ഹാളിലെത്തിച്ചത്.
 
കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി കെ സി ജോസഫും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കെ.ബി ഗണേഷ് കുമാറും പുഷ്പചക്രം സമര്‍പ്പിച്ചു. ചലച്ചിത്ര സംഘടനയായ അമ്മക്ക് വേണ്ടി നടന്‍ കുഞ്ചോക്കോ ബോബനും  അന്ത്യോപചാരം അര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു, മഞ്ഞളാംകുഴി അലി, അനൂപ് ജേക്കബ്ബ്, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം പിമാരായ ശശി തരൂര്‍, എന്‍ പീതാംബര കുറുപ്പ്, ജോസ് കെ മാണി, എ സമ്പത്ത്,   സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം എല്‍ എമാരായ കെ.മുരളീധരന്‍, പി സി വിഷ്ണുനാഥ്, എം എ വാഹിദ്, പാലോട് രവി, എസ് ശര്‍മ, കോടിയേരി ബാലകൃഷ്ണന്‍, മുല്ലക്കര രത്‌നാകരന്‍, ഇ പി ജയരാജന്‍, എം എ ബേബി, സി ദിവാകരന്‍. സി.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുന്‍മന്ത്രിമാരായ എം  വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, സുരേന്ദ്രന്‍ പിള്ള,  മേയര്‍ കെ ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ബി,ജെ പി നേതാക്കളായ ഒ രാജഗോപാല്‍, വി മുരളീധരന്‍, കവി ഒ എന്‍ വി കുറുപ്പ്, പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, സിനിമ സംവിധായകരായ കമല്‍, ടി.കെ രാജീവ് കുമാര്‍, ലെനിന്‍ രാജേന്ദ്രന്‍, ശ്യാമപ്രസാദ്, രാജസേനന്‍, സുരേഷ് കുമാര്‍, ഭാഗ്യലക്ഷ്മി, മണിയന്‍പിള്ള രാജു, പ്രതാപ് പോത്തന്‍, നന്ദു, അഴകപ്പന്‍, ശശി പരവൂര്‍, ധന്യ മേരി വര്‍ഗീസ്, നെടുമുടി വേണു, മന്യ, ഇന്ദ്രന്‍സ്, സിതാര, ബാലചന്ദ്രമേനോന്‍, മനോജ് കെ ജയന്‍, ശ്രീകുമാരന്‍ തമ്പി, പന്തളം സുധാകരന്‍, വെഞ്ഞാറമൂട് ശശി, അഡ്വ. രാമചന്ദ്രന്‍ നായര്‍, ലെനില്‍ രാജേന്ദ്രന്‍, തുളസീദാസ്, സൂര്യ കൃഷ്ണമുര്‍ത്തി, ഗാന്ധിമതി ബാലന്‍, മധു, ശോഭന ജോര്‍ജ്, പൂജപ്പുര രവി, മേനക, എം ജി ശ്രീകുമാര്‍, ടിനി ടോം തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വൈകുന്നേരം മൂന്നരയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയപ്പോഴും നിരവധി പേര്‍ അനുഗമിച്ചു.  


മൈഡിയര്‍ മുത്തച്ഛനെ കാണാന്‍ കണ്ണുനിറഞ്ഞ് കുട്ടികള്‍
തിരുവനന്തപുരം:
ശോകമൂകമായിരുന്നു ഇന്നലെ തിരുവനന്തപുരത്തെ പി.ആര്‍.എസ് കോര്‍ട്ടും പരിസരവും. കേരളത്തിന്റെ മഹാനടന്റെ വിടവാങ്ങല്‍ പി.ആര്‍.എസ് കോര്‍ട്ടിന് സ്വകാര്യ ദുഃഖം കൂടിയായി. ഇവിടത്തെ താമസക്കാര്‍ക്ക് നഷ്ടമായത് അവരുടെ മുതിര്‍ന്ന ഒരു കാരണവരെയാണ്.
പി.ആര്‍.എസ് കോര്‍ട്ടിലെ താമസക്കാരിയായ തിലകന്റെ മകള്‍ സോണിയയുടെ ഫഌറ്റിലാണ് തിരുവനന്തപുരത്ത് എത്തിയാല്‍ തിലകന്‍ മിക്കവാറും താമസിക്കുന്നത്. ഗൗരവക്കാരന്റെ ഭാവവും സിനിമക്കാരന്റെ തലക്കനവുമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടെ കുശലം ചോദിക്കുന്ന തിലകനെ മാത്രമേ അയല്‍വീട്ടുകാര്‍ക്ക് പരിചയമുള്ളു. കുഞ്ഞുങ്ങളോട് പ്രത്യേക സ്‌നേഹമുണ്ടായിരുന്ന അദ്ദേഹം സ്വന്തം ചെറുമക്കളെ പോലെയാണ് മറ്റുള്ള കുട്ടികളെയും കണ്ടിരുന്നത്. അവര്‍ക്ക് തിലകന്‍ 'മൈഡിയര്‍ മുത്തച്ഛനാ'യിരുന്നു. തങ്ങളുടെ മുത്തച്ഛനെ അവസാനമായി കാണാന്‍ മുന്‍നിരയില്‍ കുട്ടികളായിരുന്നു.
 
അയല്‍ക്കാര്‍ മാത്രമല്ല തിലകന് ആരാധകരുടെ കത്തുകള്‍ എത്തിച്ചു കൊടുക്കുന്ന പോസ്റ്റ്മാനുമുണ്ടായിരുന്നു ഒരു പിടി നല്ല ഓര്‍മ്മകള്‍. കത്തുകള്‍ കുറയുന്ന ഈ കാലത്ത് പി.ആര്‍.എസ് കോര്‍ട്ടില്‍ കത്തുവരുന്ന ഒരേ ഒരു കസ്റ്റമര്‍ നഷ്ടപ്പെട്ടുവെന്നാണ് പോസ്റ്റുമാന്‍ ഗംഗാധരന്റെ വിഷമം. കേരളത്തിന് പകരം വയ്ക്കാനില്ലാത്ത ഒരു മഹാനടനെ നഷ്ടമായപ്പോള്‍ പി.ആര്‍.എസ് കോര്‍ട്ടിലെ താമസക്കാര്‍ക്ക് നഷ്ടമായത് നല്ലൊരു അപ്പുപ്പനെയും എന്തുകാര്യത്തിനും ഉപദേശവും ചോദിക്കാവുന്ന മുതിര്‍ന്നൊരു കാരണവരെയുമാണ്. രാവിലെ 10 മണിയോടെ പി.ആര്‍.എസ് കോര്‍ട്ടില്‍ എത്തിച്ച തിലകന്റെ മൃതദേഹം പതിനൊന്ന് മണിയോടെ വി.ജെ.ടി ഹാളിലെ പൊതുദര്‍ശനത്തിന് കൊണ്ടുപോകുമ്പോള്‍ കോര്‍ട്ടിലെ താമസക്കാരില്‍ കണ്ണുനിറയാത്ത ആരുമുണ്ടായിരുന്നില്ല.   

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls