|
ന്യൂഡല്‍ഹി: നായനാര്‍ വധശ്രമകേസ് അട്ടിമറിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചതിന് തെളിവുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമൊന്നിച്ച്
കേരളാഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണ നിവേദനങ്ങള്‍ ലഭിക്കുമ്പോള്‍ സ്വീകരിക്കുന്ന അതേ നടപടി മാത്രമേ നയനാര്‍ വധശ്രമകേസിലും സ്വീകരിച്ചിട്ടുള്ളൂ. യു.ഡി.എഫ് സര്‍ക്കാരല്ല എല്‍.ഡി.എഫ് സര്‍ക്കാരാണ് കേസില്‍ ഗുരതരമായ വീഴ്ച്ച വരുത്തിയത്. ഈ വീഴ്ച്ചകള്‍ മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. 2005-നവംബര്‍ മൂന്നിന് കേസ് ഫയല്‍ അതിവേഗം നീക്കിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച ദേശാഭിമാനി വാര്‍ത്തയില്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത് 2006 മേയ് 18-നാണെന്നും പറയുന്നുണ്ട്. ഈ സമയത്ത് എല്‍.ഡി.എഫ് സര്‍ക്കാരാണ് അധികാരത്തിലിക്കുന്നത്. അതിവേഗം നീങ്ങുന്ന ഒരു ഫയലിന്റെ ഗതി ഇങ്ങനെയാകുമോ. നയനാര്‍ വധശ്രമകേസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് യു.ഡി.എഫ് സര്‍ക്കാര്‍ മാത്രമാണ്. 1999-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2001-ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. 2005 ജൂണ്‍ 10-ന് താന്‍ മുഖ്യമന്ത്രിയായിരിക്കേ പ്രോസിക്യൂഷന് അനുമതിയും നല്‍കി. അന്ന് ഉത്തരവിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ചു. വീണ്ടും നവംബര്‍ 16-ന് പ്രോസിക്യൂഷന് അനുമതി നല്‍കി. എന്നാല്‍ പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേസ് നടത്തിപ്പിന്റെ കാര്യത്തില്‍ ഗുരുതരമായ അലംഭാവം വരുത്തി. അതിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 12-നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. തുടരന്വേഷണം വേണമെന്നും അന്വേഷണം ഭീകരവിരുദ്ധ സ്ക്വാഡിനെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ സി.പി.എം ഒരു താത്പ്പര്യവും കാണിച്ചില്ല. ഹൈക്കോടതി അനുമതി നല്‍കിയിട്ടും നായനാര്‍ വധശ്രമക്കേസ് എന്തുകൊണ്ട് ഭീകരവിരുദ്ധ സ്ക്വാഡിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈമാറിയില്ല എന്ന തന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഇതുവരെ ആഭ്യന്ത്രമന്ത്രി തയ്യാറായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മഅദനിയെ വിചാരണ കൂടാതെ 9 വര്‍ഷം തടവില്‍ പാര്‍പ്പിച്ചതില്‍ മനുഷ്യാവകാശ ലംഘനം നടന്നു. അതുകൊണ്ടാണ് മഅദനിയെ താന്‍ ജയിലില്‍പോയി കണ്ടത്. താന്‍ പോയി കണ്ടത് പരസ്യമായിട്ടാണ്. ഇത് അന്നും ഇന്നും സമ്മതിക്കാന്‍ തയ്യാറാണ്. പക്ഷേ പിണറായി വിജയന്‍ വിട്ട ചിലര്‍ പേരുമാറിയാണ് പോയികണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ഒരുശ്രമവും യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. എന്നാല്‍ വീഴ്ച്ചകളുണ്ടായാല്‍ ചൂണ്ടിക്കാണിക്കും. കോണ്‍ഗ്രസ് ഒരിക്കലും മതേതരത്വത്തെ എതിര്‍ക്കുന്നവരുടെ സഹായം തേടിപോയിട്ടില്ല. അവരുമായി വേദി പങ്കിട്ടിട്ടുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. |