|
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സഞ്ചരിക്കുന്ന പുസ്തകശാല തുടങ്ങും: രമേശ് ചെന്നിത്തല |
തിരുവനന്തപുരം: കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഉടന്‍ തന്നെ സഞ്ചരിക്കുന്ന പുസ്തകശാല ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ഇതിനായി ഒരു ബസ് വാങ്ങിക്കഴിഞ്ഞു. ഇതുകൂടാതെ തിരുവനന്തപുരത്തും കോഴിക്കോട്ടും എറണാകുളത്തും പുസ്തക വിതരണശാലകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. നവംബര്‍ 19-ന് ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുസ്തകമേളയും സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മൂന്നുപുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ ഇപ്പോള്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന് വേണ്ടി അവരുടെ കൃതികള്‍ നല്‍കാന്‍ തയാറാണ്. പബ്ലിക്കേഷന്‍ രംഗത്ത് പ്രിയദര്‍ശിനിയുടെ ക്രെഡിബിലിറ്റി വര്‍ധിച്ചതാണ് ഇതിന് കാരണം. സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍, ഡി. ബാബുപോള്‍ തുടങ്ങിയ എഴുത്തുകാര്‍ പ്രിയദര്‍ശിനി പബ്ലിക്കേഷനുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ആധുനികകാലഘട്ടത്തിലെ ഏറ്റവും നല്ല പുസ്തകങ്ങള്‍ ഇറക്കുകയെന്നതാണ് പബ്ലിക്കേഷന്റെ ലക്ഷ്യം. എഴുതി തുടങ്ങുന്നപ്രതിഭകളെയും പ്രശസ്തരായ എഴുത്തുകാരെയും ഒരുപോലെ ഉള്‍ക്കൊള്ളും. രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെയാണ് പബ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
|