| പി. ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി |
കണ്ണൂര്‍: അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ ഇനിയും ചില പ്രതികളെ പിടികൂടാനുണ്ടെന്നും, സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള ജയരാജനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും മജിസ്‌ട്രേറ്റ് മുജീബ് റഹ്മാന്‍ ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞു. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി അക്രമങ്ങളുണ്ടായ സാഹചര്യവും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അഡ്വ. എം.കെ. ദാമോദരന്‍ മുഖേന ജയരാജന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തന്നോടുളള വിരോധം മൂലം കള്ളക്കേസില്‍ കുടുക്കിയതാണ് എന്നാരോപിച്ചാണ് അഡ്വ. ബി.പി. ശശീന്ദ്രന്‍ മുഖേന ജയരാജന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചത്. 13 വര്‍ഷം മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലെ പരുക്കുകളെ തുടര്‍ന്നു ശാരീരിക അവശത അനുഭവിക്കുന്ന ഹൃദ്രോഗിയായ തനിക്കു കള്ളക്കേസ് മൂലമുള്ള മാനസിക സമ്മര്‍ദ്ദം കാരണം അപകട സാധ്യതയുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ഐ.പി.സി 118 പ്രകാരമാണു ജയരാജനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജയരാജന് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് സ്‌പെഷല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ.സി കെ ശ്രീധരന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിലെ പ്രധാന പ്രതികള്‍ പലരും ഇനിയും അറസ്റ്റിലാകാനുണ്ട്. ഷുക്കൂര്‍ കേസില്‍ 39 പ്രതികള്‍ ഉള്ളതില്‍ 28 പേരെ മാത്രമെ അറസ്റ്റ് ചെയ്തിട്ടുള്ളു. പത്ത് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ് 39-ാം പ്രതിയായ ടി വി രാജേഷ് എം എല്‍ എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ജയരാജന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അത് വഴിവെക്കും. കേസില്‍ 38-ാം പ്രതിയായ ജയരാജനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയിലെ 35 പോലീസ് സ്റ്റേഷനുകളില്‍ 150 ഓളം ക്രിമിനല്‍ കേസുകളാണ് രണ്ട് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് പ്രതിയുടെ സ്വാധീനമാണ് വെളിപെടുത്തുന്നതെന്ന് അഡ്വ സി കെ ശ്രീധരന്‍ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. പി ജയരാജന്‍ അസുഖമുള്ളയാളാണെന്ന പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബി പി ശശീന്ദ്രന്റെ വാദവും അഡ്വ സി കെ ശ്രീധരന്‍ ഖണ്ഡിച്ചു. ജയരാജന് മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും ജില്ലാ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി സൗകര്യം പോലും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ജാമ്യം അനുവദിക്കുന്നതില്‍ കഴമ്പില്ലെന്നും അഡ്വ.സി കെ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ഇനി സെഷന്‍സ് കോടതിയിലാണു ജാമ്യാപേക്ഷ നല്‍കേണ്ടതെങ്കിലും നേരേ ഹൈക്കോടതിയെ സമീപിക്കാനാണു സി.പി.എം തീരുമാനം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കണ്ണൂര്‍: അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. 
-°C 