|
ലണ്ടനില്‍ ഇന്ത്യയ്ക്കു വെള്ളിത്തിളക്കം |
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍. സൈനികനായ വിജയ് കുമാറിലൂടെയാണ് ഇന്ത്യ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ വെള്ളി നേടിയത്.
പ്രതീക്ഷിച്ച താരങ്ങള്‍ നിരാശ സമ്മാനിച്ചപ്പോള്‍ കുമാര്‍ രാജ്യത്തിന് അപ്രതീക്ഷിത നേട്ടം കൊയ്യുകയായിരുന്നു. ലണ്ടനിലെ ഷൂട്ടിങ് മല്‍സര വേദിയില്‍ നിന്നും ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ ഗഗന്‍ നരംഗ് രാജ്യത്തിന് വെങ്കലം നേടിതന്നിരുന്നു. ഇപ്പോള്‍ വിജയകുമാറിന്റെ വെള്ളിയില്‍ രാജ്യത്തെ ഒളിമ്പിക് ആവേശം വാനോളമായി. രാജ്യവര്‍ദ്ധന്‍ സിങ് രാത്തോഡിന് പിന്നാലെ ഷൂട്ടിംഗ് വേദിയില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ വെള്ളിയാണ് ഇത്. നോര്‍മ്മന്‍ പ്രിച്ചാഡിനും രാത്തോഡിനും പിന്നാലെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ തന്നെ വെള്ളി നേടുന്ന മൂന്നാമത്തെ ഇന്ത്യാക്കാരനാകാന്‍ ഈ നേട്ടത്തിലൂടെ വിജയകുമാറിന് കഴിഞ്ഞു. ഒളിമ്പിക് റെക്കോഡ് ഭേദിച്ചു കൊണ്ട് നാലാമനായി യോഗ്യത നേടിയ വിജയകുമാര്‍ തുടക്കം മുതല്‍ അവസാനം വരെ കാട്ടിയ മികവായിരുന്നു വെള്ളി നേട്ടത്തിലേക്ക് ഉയര്‍ത്തിയത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച നേട്ടം കൈവരിച്ചിട്ടുള്ള ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഈ സൈനികന്‍ ഇന്ത്യയില്‍ നടന്ന കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണം നേടിയിരുന്നു. 2007ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് സൈന്യത്തിലെ ഈ ഹവില്‍ദാര്‍. ലോക ചാമ്പ്യന്‍ അലെക്‌സി ക്ലിമോവ്, ചൈനീസ് താരങ്ങളായ ഡിങ് ഫെങ്, ഷാങ് ജിയാന്‍, ജര്‍മനിയുടെ ക്രിസ്റ്റ്യന്‍ റീറ്റ്‌സ് എന്നിവരെ മറികടന്നാണ് വിജയ് രണ്ടാം സ്ഥാനത്തെത്തിയത്. ക്യൂബയുടെ ലൂറിസ് പുപോയാണ് ഒന്നാമതെത്തിയത്.
|