|
വിളപ്പില്‍ശാലയില്‍ ജനകീയ പ്രതിഷേധം; ഉപകരണങ്ങള്‍ പ്ലാന്റിലെത്തിക്കാനായില്ല |
തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യഫാക്ടറിയിലെ ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിനാവശ്യമായ ഉപകരണങ്ങള്‍ പ്ലാന്റിലെത്തിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ ശ്രമം ജനകീയ പ്രതിഷേധം മൂലം ഉപേക്ഷിച്ചു.
ഹൈക്കോടതി ഉത്തരവു പ്രകാരം ശക്തമായ പൊലീസ് അകമ്പടിയോടെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് ഉപകരണങ്ങള്‍ പ്ലാന്റിലേക്കു കൊണ്ടുപോയത്. എന്നാല്‍ പ്ലാന്റിലെത്തുന്നതിനു ഏതാണ്ട് രണ്ടു കിലോമീറ്റര്‍ മുന്‍പുവച്ചുതന്നെ വിളപ്പില്‍ശാലയിലെ ജനങ്ങള്‍ വാഹനം തടയുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനു ജനങ്ങളാണു പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധക്കാര്‍ ചപ്പുചവറുകളും വലിയ മരത്തടികളും റോഡില്‍ കൂട്ടിയിട്ടു കത്തിച്ചു മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. പൊലീസ് തീകെടുത്തി മുന്നേറാന്‍ ശ്രമിച്ചുവെങ്കിലും ജനങ്ങള്‍ തടഞ്ഞു. പൊലീസിനുനേരെ നേരിയതോതിലുള്ള കല്ലേറുണ്ടായി. സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് പൊലീസിനു നേതൃത്വം നല്‍കുന്ന റൂറല്‍ എസ്പി എ.ജെ തോമസ്‌കുട്ടി ഡിജിപിയെ വിളിച്ചു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന സഥലം എംഎല്‍എകൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ എഡിഎമ്മുമായി സംസാരിച്ചു. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായും ഫോണില്‍ സംസാരിച്ചു. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുകയാണെങ്കില്‍ പൊലീസിനെ പിന്‍വലിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ശക്തന്‍ സമരക്കാരെ അറിയിച്ചു. ഇതിനിടയില്‍ സംഭവസ്ഥലത്തുനിന്നും മാറി പാര്‍ക്ക്‌ചെയ്തിരുന്ന പൊലീസ് വാഹനങ്ങള്‍ ഒരുകൂട്ടം സമരക്കാര്‍ അടിച്ചുതകര്‍ത്തു. പ്രതിഷേധം ശക്തമായതോടെ പൊലീസിനെ പിന്‍വലിക്കാന്‍ എഡിഎം തീരുമാനിക്കുകയായിരുന്നു.
|